കാമുകി മരിച്ചു പോയതിനു ശേഷം

ഒരിയ്ക്കലുമയാൾ

ഓഫീസിൽ നിന്ന്

നേരത്തേയിറങ്ങാറില്ല.

ഫയലുകളിൽ എഴുതിയ കുറിപ്പുകൾ

പ്രണയ ലേഖനമെന്ന പോലെ

പല കുറി വായിക്കും.

താഴുമായി കാത്തുനിൽക്കുന്ന

പ്യൂണിന്റെ മുഖം കറുക്കും വരെ

ചെയ്തു തീർത്ത പണികൾ

വീണ്ടും

വീണ്ടും

വീണ്ടും

നോക്കും.


ഒടുവില്‍

പുറത്തിറങ്ങുന്ന നേരത്ത്

ഒന്നിച്ചു നനഞ്ഞ വെയിലോർമ്മകൾ

പൊള്ളിക്കുമ്പോൾ

തണലു തേടി

പതിവു താവളത്തിലെത്തും.

മറവി നീർ മൊത്തും.

ഓർമ്മകൾ കത്തും.

മരണത്തണുപ്പിലുരുകും.


പണ്ടവൾ

കാത്തു നിൽക്കാറുള്ള

ബസ് സ്റ്റോപ്പ്

ഇരുട്ടു കഴിച്ച് ഉറങ്ങാൻ

കിടക്കുന്നതു വരെ

അവിടെ നിന്നിറങ്ങില്ല.


വിരൽ കോർത്തു നടന്ന

പഴയ വഴിയൊരു

പുഴയായി മാറും.

ഓർമ്മയുടെ ചുഴികളയാളെ

വലിച്ചുപറിക്കും.

ഒരിരുൾക്കൈ

അയാളിലെച്ചുഴിയിൽ നിന്നയാളെ

വലിച്ചു പുറത്തിടും.


വറ്റിയ പ്രണയനദി കടന്നയാൾ ഒഴുകും.

വാതിൽ തള്ളിത്തുറക്കുമ്പോൾ

മരണദിനമോർമ്മിപ്പിച്ച്

വിവാഹ ഫോട്ടോ കലണ്ടറില്‍

തലയടിക്കും


പ്രണയവാര്‍ഷികങ്ങള്‍ക്ക്

അയാള്‍ കൊടുത്ത

ഉമ്മകളുടെ പാടുകള്‍

കല്ലിച്ച കവിളുകളുമായി ,

സങ്കടം തിളച്ച കണ്ണുകളുമായി

മരിച്ച കാമുകി

പതിവുപോലയാള്‍ക്ക്

തണുത്ത ചോറു വിളമ്പും.