നിങ്ങളറിഞ്ഞോ,

വായനശാലയും പരിഷത്തും പാർട്ടിയും

സ്കൂൾ പി.ടി.എ യുമായി

നമുക്കിടയിൽ നിറഞ്ഞു നിൽക്കുന്ന

നമ്മുടെ പ്രിയപ്പെട്ട ശശിയേട്ടൻ

കഴിഞ്ഞ ദിവസം

കുറച്ചു വരികൾ

എനിക്കെഴുതിയയച്ചു.


വെറും വരികളല്ല.

മനോഹരമായ വരികൾ.

കവിത തന്നെ.

സങ്കടം നീറുന്ന ഒരു കവിത.


കവിത ഞാനാസ്വദിച്ചു, പക്ഷേ,

കരുണ പുരണ്ട പ്രസന്നമായ പുഞ്ചിരി

എപ്പോഴും സൂക്ഷിക്കുന്ന നമ്മുടെ ശശിയേട്ടന്

എവിടുന്നാണിത്ര വിഷാദം

എന്തിനാണിത്ര വിഷാദം

എന്നു ചിന്തിച്ചിരിക്കേ

ഇതാ വീണ്ടും വരുന്നു

കുറച്ചു വരികൾ.

സങ്കടം നീറുന്ന മറ്റൊരു കവിത


ഞാനില്ലേ?

പതിനായിരക്കണക്കിനു വേറേ കവികൾ

നാട്ടിലില്ലേ?

സങ്കടം ഞങ്ങൾക്കു തന്നാൽ പോരേ?

വായനശാലയിലിരുന്നാൽ പോരേ?

നോട്ടീസു വിതരണത്തിനു പോയാൽ പോരെ?

പി.ടി.എ മീറ്റിങ്ങിൽ പ്രസംഗിച്ചാൽ പോരേ?


സൃഹൃത്തുക്കളേ,

ശശിയേട്ടനെ നിങ്ങളിന്നു കണ്ടില്ലല്ലോ?

വായനശാലയിൽ വന്നില്ലല്ലോ?

മുനിഞ്ഞിരുന്ന്

അടുത്ത വരികൾ എഴുതുകയാവും.

അതു മുഴുമിക്കും മുമ്പ്

നമുക്കു ചെന്നാ വിഷാദം മുഴുവൻ

ചോർത്തിക്കളയണം

ചുരണ്ടിയെടുക്കണം.

വിടരുത്!