ദിനങ്ങൾ നനഞ്ഞഴുകിയ തുണി മണം

വഴുക്കലുണ്ടതിന്

പച്ചപ്പായലു തിളങ്ങുണ്ട്.

ആരും കാണാത്ത കോട്ടയ്ക്കരികിലെ

മതിൽ വഴിയിലൂടെ നടന്ന്

ചിത്രങ്ങളിൽ മാത്രം

കണ്ടിട്ടുള്ള

കറുത്തു നീണ്ട മുടി നിവർത്തിയിട്ട്

മലർന്നുകിടക്കുന്ന

മധ്യവയസ്കയെപ്പോലുള്ള

ചെരിഞ്ഞ കുന്നിൻപുറം താണ്ടി

ഒറ്റക്കണ്ണൻ മേഘം താഴേക്കു നോക്കുന്നത്

കണ്ടു കൊണ്ടു

നിൽക്കുമ്പോൾ

മഴമണം ചുറ്റും പരക്കും.

നിക്കറിടാത്ത ചന്തിയിൽ

കുഞ്ഞു വടിയാൽ

തല്ലുന്ന അമ്മയ്ക്കുപിറകിൽ സാരിത്തുമ്പിൽപ്പിടിച്ചു കുറുകുന്ന കുഞ്ഞായി സൂര്യൻ

ഇടയ്ക്കു തലപൊക്കിച്ചിരിക്കും.

മൂക്കീരു പോലെ

മഴ ചാറും.

കുന്നിൻ പുറമെത്തി

താഴേക്കു നോക്കുമ്പോൾ

മധ്യവയസ്ക്ക എല്ലാം മറന്ന്

ഉറങ്ങുന്നതായി തോന്നും.

സൂര്യൻ ഒളിച്ച കറുത്ത മുടി

മഞ്ഞു വീണ പനന്തലപ്പു പോലെ വെളുത്തു തണുത്തിരിക്കും.

തേറ്റ കവിളിലൊളിപ്പിച്ച

പൊട്ടിച്ചിരി

അവിടെ എവിടെയോ

ഒളിച്ചിരിക്കുന്നതായ് തോന്നും!

പെട്ടെന്നൊന്ന്

മുറുക്കണമെന്നു തോന്നും

ആർക്കും!