"ഇപ്പച്ചെല്ലും കൊല്ലത്തെത്തും, ഇപ്പച്ചെല്ലും കൊല്ലത്തെത്തും
കുട്ടിപ്പട്ടര് ചത്തേപ്പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ലാ" (1)
കൊള്ളാം കൊല്ലത്തേക്കൊരു വഴിയീ റൈലിന്മേലുണ്ടല്ലേ
കൊല്ലം പഴയതു പുതിയതുമവിടേ നിരന്നിരിക്കുകയാവും,
കഴിഞ്ഞ കൊല്ലം, കഴിഞ്ഞ കൊല്ലം പറയാറുണ്ടെല്ലാരും
കഴിഞ്ഞ കൊല്ലമതെങ്ങനിരിയ്ക്കും? ക്ളാസുകളായിട്ടാവും.
കഴിഞ്ഞ ടെക്സ്സ്റ്റിൽ, പാവാടകളിൽ, പിഞ്ഞിയ ജാക്കറ്റിന്മേൽ
മെലിഞ്ഞ കയ്യാൽ തിരുപ്പിടിച്ചത് താഴെ നോക്കിയിരിക്കും.
കുട്ടിപ്പട്ടര് ചക്കത്തുണ്ടം കൊടുത്തതാർക്കാണാവോ
എനിക്ക് കൊതിയാണെന്നറിയാതേ തരാതിരുന്നൂ പാവം
ചത്താൽ പിന്നെ ചക്കക്കഷ്ണം തരുവാൻ പാടില്ലെന്നോ?
ചത്താൽ പിന്നെ കൊല്ലത്തേയ്ക്കൊരു വണ്ടി പിടിക്കണം എന്നോ..?!
കാലം പോയീ കൊച്ചിക്കാരായ് മാറീയെന്റെ കിടാങ്ങൾ...
കൊല്ലത്തിന്നും തെക്കുന്നുണ്ടൊരു കള്ളക്കേറെയിൽ വരുണൂ
കാസർകോട്ട് കിതക്കാതെത്തും കള്ളിയൊരാമ കണക്കെ.
വീടുകൾ, സ്‌കൂളുകൾ, പണിശാലകളും ജീവൻ പോലും പോവും
ഇപ്പച്ചെല്ലും, കണ്ണ് തുറന്നാൽ കേരളമൊക്കെത്തീരും
മാജിക്കല്ലാ മന്ത്രവുമല്ലാ മാബലിയെപ്പോലല്ലാ!
തിരക്ക്, വേഗത, മതിലുകൾ, പാലം, പുതു നഗരങ്ങൾ, തുരങ്കം
തനിക്ക് ചേർന്നവരൊക്കെത്തുള്ളുമൊരൊന്നാന്തരമെൽക്കഷ്ണം.
ഇപ്പച്ചെല്ലും ഇപ്പച്ചെല്ലും, പേടിക്കേണ്ടത്, കൂടെ -
ക്കരുത്തർ, വമ്പർ, വീരന്മാരുടെ പുതുപണവഴികൾ സ്വന്തം.
പരപ്പനങ്ങാടിക്കാരത്തിയൊരമ്മ കരഞ്ഞു വരുന്നൂ
പഠിച്ച ബീ യീ യെം (2) സ്‌കൂളാരോ വിലയ്ക്ക് വാങ്ങിപ്പോയീ….
ക്ളാസിൽകൂടെക്കൂകിപ്പായും പുതിയൊരെന്തോ വണ്ടീ
ടോട്ടാച്ചാന്റെ പഴഞ്ചൻ ബോഗികളല്ലാ സൂപ്പർ വേഗം.
വിദേശമുതലും വായ്‌പകൾ പലിശകൾ വേണോ വയ്യാവേലി
പറഞ്ഞിടല്ലേ പരമരഹസ്യം പല രാജ്യപ്പുതുവഴികൾ.
അഫന്റമ്മ പറഞ്ഞു തരുന്നൂ കുട്ടിക്കാലത്തൊരുനാൾ
“ഇപ്പച്ചെല്ലും കൊല്ലത്തെത്തും” കുട്ടിപ്പട്ടർ രഹസ്യം,
അന്നൊരു പിഞ്ചുകിടാവതിനാലെ, കണ്ണുകൾ വെമ്പി വിടർന്നൂ
ഇന്നൊരു വലിയവൾ മൂന്നാം കണ്ണിൽ കണ്ണീരല്ലാ ക്രോധം.
നരച്ച പച്ചകൾ, മെലിഞ്ഞ പുഴകൾ, കുഴിഞ്ഞ പശ്ചിമഘട്ടം
കളിയാക്കുന്നോ പൗരന്മാരുടെയഴിഞ്ഞ ഞാണും വില്ലും?
കൊതിച്ചിരുന്നൂ പല്ലില്ലാച്ചിരി (3) വിറവിരലിൻ വിശ്വാസം
തിരിച്ചു തരുവത് രണ്ടായ്ക്കീറികലങ്ങി വിണ്ട വിഷാദം.
…
- പാളത്തിൽ കൂടി തീവണ്ടി ഓടുമ്പോളുള്ള താളം പറയുന്ന ഒരു പഴയ പാട്ട്. എന്റെ അഫന്റെ 'അമ്മ, ഒരു മുത്തശ്ശി എനിക്ക് കുട്ടിക്കാലത്തു പറഞ്ഞു തന്നത്. കൊല്ലം ഒരു സ്ഥലം ആണെന്ന് അന്ന് അറിയില്ലായിരുന്നു.
- വളരെ പഴക്കം ഉള്ള പരപ്പനങ്ങാടി ബി.ഇ.എം സ്‌കൂൾ.
- ഗാന്ധിജി, പഴയ തലമുറ.
നരച്ച പച്ചകൾ, മെലിഞ്ഞ പുഴകൾ, കുഴിഞ്ഞ പശ്ചിമഘട്ടം കളിയാക്കുന്നോ പൗരന്മാരുടെയഴിഞ്ഞ ഞാണും വില്ലും? സത്യം ഇങ്ങനെ കവിതകളിലൂടെ തിരയടിക്കുമ്പോൾ തീരത്തുള്ളവർ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല, അവർ പച്ചയെ കീറി പശ്ചിമഘട്ടത്തിന്റെ ഇറച്ചി മാന്തിയെടുക്കുന്നു. നല്ല കവിത ഗിരിജേച്ചീ ....