മൂന്നാം നിലയുടെ ജാലകക്കാഴ്ചയിൽ

ദൂരെ തെളിയും വരാന്തയിലൂടെ

അസ്വസ്ഥരായി നടക്കുന്ന ആളുകൾ

സ്ഥിരം രാത്രിക്കാഴ്ചതന്നെയെങ്കിലും

ആകാശത്തിലെ ഏത് പാളിയിലൂടെയാണ്

അവരുടെ നടത്തം എന്ന്

ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.

***

ഏകാന്തതയുടെ കാട്ടുതീയണയ്ക്കാൻ

ഒരു പെഗ്ഗ് കൂടി ഒഴിച്ചു, കാട് പുകഞ്ഞു

ഓർമകളെ പുതപ്പിച്ചു കിടത്തി, മുറി വിട്ട്

പുറത്തേക്കിറങ്ങി,

ചെറുമഴ നനഞ്ഞ് പാതിരാവിൽ

ഒഴിഞ്ഞ തെരുവിലൂടെ നടന്നു

പകൽതിരക്കിൽ നുരയും ചന്തയിലൂടെ എന്നപോലെ

ആളുകളെ തട്ടാതെ, നിരത്തിവച്ച

സാധനങ്ങളിൽ മുട്ടാതെ ഒഴിഞ്ഞുമാറി...!


2

ഒരു പട്ടിയുണ്ട്

കിട്ടിയ അടിയിലൊന്നും ഒതുങ്ങാതെ

ഉറക്കത്തിൻ

മെരുങ്ങാപ്പെരുവഴിയിലൂടെ

രാവു മുഴുവൻ ഓരിയിട്ടോടുന്നു.


ഒരു കാക്കയുണ്ട്

കൂട്ടിലേക്ക് ആരൊക്കെയോ

കല്ലെറിയുന്നൂ എന്ന്

രാത്രിയെ പരാതിയാൽ നിറയ്ക്കുന്നൂ.


വേറൊരാളുണ്ട്,

വായുവിൽ പറന്നുനിന്ന്

ചിലച്ചും ചിറകിട്ടടിച്ചും

ഇരുട്ടിനെ വെല്ലുവിളിക്കുന്ന

ഉറക്കമില്ലാത്ത ഒരുവൾ.


3

ശല്യക്കാരായ ഓർമകളെയൊക്കെ

ആട്ടിപ്പായിച്ച്

കൂടു വിരിച്ച് കാത്തിരിക്കുന്നു

വിട്ടുപോയ ഉറക്കത്തെ പാട്ടിലാക്കാൻ.