അറുത്തിട്ട മരത്തിൽ നിന്നും

കൊത്തിയും ചീകിയും

ഒരാളൊരു ശില്പം കണ്ടെടുത്തു,

മുറിഞ്ഞു പോയ

ഇലകളും പൂക്കളും

അമ്പരന്നു നോക്കി,

പാഞ്ഞു കേറിയിറങ്ങിയ

ഉരഗങ്ങൾ, ജന്തുക്കളും.


കൊത്തിയടർത്തിയ ചീളുകൾ,

വേർപെട്ടു പോയ ചില്ലകൾ,

മുറിഞ്ഞു മുറിഞ്ഞടർന്ന

ഉടലംശങ്ങൾ.


എവിടെയായിരുന്നു ഒളിച്ചു പാർത്തത്?

ശില്പത്തിൻ വിടർന്ന കണ്ണുകൾ നോക്കി

പതിയെ ചോദിച്ചു പക്ഷികൾ

മാനം നോക്കിക്കിടന്നു,

മണ്ണിൽനിന്നടർന്നു പൊട്ടിയ

മരത്തിന്റെ വേരുകൾ.

വേരുകൾ പോലയാൾ കൊത്തിയ

മുടിച്ചുരുളുകളിൽ

പറന്നു വന്നൊരു പൂവിതൾ തങ്ങി.

പൂ വിരിയുന്നത് പോലൊരു മുദ്ര

ഇപ്പോൾ വിടർന്നേക്കുമെന്ന് തോന്നി,

മെലിഞ്ഞ വിരലുകളിൽ.


മരത്തിലൊളിച്ചിരുന്നവളോട്,

കാതലിൽ കടഞ്ഞുയർന്നവളോട്

അത്ഭുതം വിരിഞ്ഞ കണ്ണുകളാൽ

എവിടെയായിരുന്നെന്ന് ചോദിച്ചു,

കാറ്റുകൾ


ജീവനോടെ അടക്കിയവളെ

കണ്ടെടുക്കുവാൻ

അടിമുടി മുറിയണം,

ജീവനിൽ വീതുളി വീണതിൻ

ചോരയാൽ കഴുകി തുടയ്ക്കണം,

പറന്നു പോയ വിത്തുകൾ മാത്രം

പൊട്ടിത്തുറക്കുമൊച്ചയാൽ

കാറ്റിനോട് മൊഴിഞ്ഞു.