വളർന്നുകാടായ

താടിയും തടവി

മുടിവെട്ടുകടയിലെ

ആടുന്ന ബെഞ്ചിൽ 

ഊഴവും കാത്തിരുന്ന 

അയാളുടെ സമയം

ശരിക്കും 

ഊഴവും കാത്ത്

അവിടെയിരിക്കേണ്ട 

സമയമായിരുന്നില്ല,

ഉഴുതുമറിച്ചിട്ട പറമ്പിൽ 

പാവലത്തിന്റെ വിത്തിടാനായി 

മണ്ണൊരുക്കാൻ പോവേണ്ട 

സമയമായിരുന്നു.


ഉച്ചയൂണുകഴിഞ്ഞ്

വീട്ടുകാർക്കൊപ്പം 

ഇത്തിരിവട്ടത്തിൽ 

നേരമ്പോക്ക് പറഞ്ഞിരുന്ന

അയാളുടെ സമയം

ശരിക്കും

നേരമ്പോക്ക് പറഞ്ഞ്

അവിടെയിരിക്കേണ്ട

സമയമായിരുന്നില്ല,

ഒത്തിരി ദൂരം നടന്ന്

കടവിനടുത്തുള്ള

കടയിൽ നിന്നും

അത്താഴത്തിനരിയും 

ഇത്തിരിയുണക്കയും

വെളിച്ചെണ്ണയും

വാങ്ങിവരേണ്ട 

സമയമായിരുന്നു.


വെളുപ്പിനുള്ള ബസ്സിൽ

തണുപ്പത്ത് കാറ്റടിച്ച്

തേവരെ തൊഴാൻ പോയ സമയം

ശരിക്കും

തേവരെ തൊഴാനുള്ള 

സമയമായിരുന്നില്ല,

ഇലകളിടതൂർന്ന് കാടായൊരു 

പറമ്പിനുള്ളിലെ കുളത്തിൽ

കൂട്ടുകാരോടൊപ്പം

കുളിച്ചുമദിക്കേണ്ട 

സമയമായിരുന്നു.


കൂടെയുള്ള പണിക്കാർ

പോയിക്കഴിഞ്ഞിട്ടും

കെട്ടുപോവാൻ തുടങ്ങുന്ന 

നിലാവത്ത്

കൊട്ടയിൽ മണലു ചുമന്ന

അയാളുടെ സമയം

ശരിക്കും

മണലു ചുമക്കേണ്ട

സമയമായിരുന്നില്ല,

പുഴക്കരയിൽ വന്ന്,

പൂഴിമണ്ണിൽ മലർന്ന്,

അകലെവിരിയാറുള്ള

നക്ഷത്രങ്ങളിലേക്കെല്ലാം

കണ്ണുപായിക്കാനുള്ള

സമയമായിരുന്നു.


ഇളകിയാടുന്ന

ഇത്തിരി വെട്ടത്തിൽ

വെറുതേ നിലത്തിങ്ങനെ

കണ്ണുകളടച്ച്

പെരുവിരലുകൾ ചേർത്ത്

മലർന്നടിച്ചുകിടക്കുന്ന 

അയാളുടെ ഈ സമയം

ശരിക്കും

മലർന്നടിച്ചിങ്ങനെ

വെറുതേ കിടക്കേണ്ട

സമയമായിരുന്നിരിക്കില്ല,

പെട്ടെന്ന് വരുമെന്നോർത്ത്

ചെരുപ്പിട്ട്, കുടയെടുത്ത്

കടലുകാണാൻ കാത്തിരിക്കുന്ന

ഇളയ മകനോടൊപ്പം

കടലുകാണാൻ മാത്രം

ഒരുങ്ങിയിറങ്ങാൻ നിന്ന

സമയമായിരുന്നിരിക്കാം.