പണ്ടൊരു പൂരപ്പറമ്പിൽ,
മഞ്ഞിന്റെ നീർത്തിയ
മേൽമുണ്ട് പുൽക്കൊടി
കളിക്കുവാനെടുത്തു
പുതച്ചിരുന്നൊരു
പാതിരാനേരത്ത്,
ആനപ്പിണ്ടവും, പൊട്ടി-
ത്തീർന്ന കതിനായുടെ
വെടിമണവും ഇഴയിട്ട്
നെയ്തെടുത്ത വിചിത്ര-
ഗന്ധ പട്ടിന്റെ പളപളപ്പിൽ,
കൂർപ്പിച്ചുവെച്ച കാതിന്റെ
മുനയൊടിയാതെ കാത്തിരി-
ക്കുമ്പോൾ, കെടാമംഗലം*
കഥപറഞ്ഞു തുടങ്ങുന്നു.
കഥയേതെന്നോർമ്മയില്ല
എങ്കിലും കഥക്കിടയിൽ
ഒന്നു നിർത്തി, തറപ്പിച്ച്
പിന്നെയും പാടി പറഞ്ഞുവച്ച
വാക്കെനിക്കോർമ്മയുണ്ട്.
ഏതു വർത്തമാനവും
കാര്യമായിത്തന്നെ
പറഞ്ഞു പോകുമ്പോൾ
അവക്കിടയിൽ വരുന്നൊരു
നിർത്തലാണ്, സംശയങ്ങളുടെ
നീർത്തലാണ്, ആ വാക്കിതാണ്
"പക്ഷേ".
"പക്ഷേ" എന്ന വാക്കി-
നെന്തൊരു മൂർച്ചയാണെ-
ന്നോർത്തു കൊറിച്ച
കപ്പലണ്ടിക്കൂട്ടത്തിൽ
പേടായതൊന്നു കടിച്ചപ്പോൾ
മറിഞ്ഞു വീണന്നുകിടന്നു
നാവിൽ, അതുവരെ
കെട്ടിയുണ്ടാക്കിയ
വലിയൊരുത്സവപ്പന്തൽ.
.......
* കാഥികൻ കെടാമംഗലം സദാനന്ദൻ
പക്ഷേകള്ക്കപ്പുറത്ത് ഒരുപാട് കഥകള്‍ കാത്തുനില്‍ക്കുന്നുണ്ടാവാം...