പാസ്സ്വേഡ് മറന്ന്
തിരിച്ചെടുക്കാനാകാതെ പോയ
മെയിലിലേക്ക് സന്ദേശങ്ങളെന്ന പോലെ
'അന്ന് അങ്ങനെ ചെയ്തെങ്കിൽ'
എന്ന തോന്നലിനെ ഞാൻ
മുൻകാലത്തേക്ക് അയച്ചുകൊണ്ടിരുന്നു.
മരിച്ചവരുടെ ഫോട്ടോകളിലേക്കും
ഉപേക്ഷിക്കപ്പെട്ട
ഫേസ്ബുക്ക് പ്രൊഫൈലുകളിലേക്കും
നോക്കി നിന്ന് ആലോചിക്കുന്നു:
'കുറേക്കൂടി സ്നേഹവും കരുണയും
ആകാമായിരുന്നല്ലോ'
മുഖമായിരുന്നു തിരിച്ചറിയൽരേഖ.
മുഖം പാതി മൂടി, മുറി പൂട്ടി പുറത്തുപോയി
തിരിച്ചുവന്നു തപ്പിനോക്കുമ്പോൾ
കളഞ്ഞു പോയിരിക്കുന്നു താക്കോൽ,
പൗരത്വം നഷ്ടപ്പെട്ടയാൾ
സ്വദേശത്തിനു മുന്നിലെന്നപോലെ
സ്വന്തം മുറിക്കുമുന്നിൽ ഞാൻ.