പാടവും പാലവും കടന്ന്

അമ്മവീട്ടിലേക്ക് കേറി ചെല്ലുമ്പോൾ 

അച്ഛാച്ഛനും അമ്മാമ്മയും നടലകത്തിരുന്ന് 

മുരിങ്ങയില മുറത്തിലേക്ക് നുള്ളിയിടുകയായിരുന്നു

പിറകിൽ റേഡിയോ പതിവ് പോലെ പാടി കൊണ്ടിരുന്നു


അച്ഛാച്ഛനെ കണ്ടതും ഞാൻ ഓടി ചെന്ന് കവിളിൽ നുള്ളി ഉമ്മ വെച്ചു

'എത്ര നാളായി കണ്ടിട്ടെ'ന്ന് ചിരിച്ചു

അച്ഛാച്ഛന്റെ മുഖം വിടർന്നു

ജീവിച്ചിരിക്കുമ്പോൾ ഈ മുഖം ഇത്രമേൽ വിടർന്ന് കണ്ടിട്ടില്ലല്ലോ എന്നോർത്തു

ഞാനും ഇങ്ങനെ ഓടി ചെന്നുമ്മ വെച്ചിട്ടില്ലല്ലോ, 

ഒരിക്കൽ പോലും...


അമ്മാമ്മ എന്റെ കൈ പിടിച്ചു

അതേ തണുപ്പ്...

മുരിങ്ങയിലയേക്കാൾ കനം കുറഞ്ഞ് നേർത്ത വിരലുകൾ...

പണ്ട് അവധിക്കാല രാത്രികളിൽ 

എന്റെ മേൽ ചുറ്റുന്ന ആ തണുത്ത കൈകളെ ഞാൻ വിടർത്തി മാറ്റുമായിരുന്നു

അത്രമേൽ കരുതലോടെ വേറെ ആരും എന്നെ ചേർത്ത് പിടിക്കില്ലെന്ന് അന്ന് അറിയില്ലായിരുന്നല്ലോ...


എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു,

അങ്ങോട്ടും ഇങ്ങോട്ടും.

അച്ഛാച്ഛന്റെ ഈർക്കിലി മീശയും അമ്മാമ്മയുടെ ചുവന്ന ചാന്തു പൊട്ടും...

ഇത്ര വർഷങ്ങൾക്ക് ശേഷവും

എന്തൊരു ഭംഗി !


കനൽ തിളങ്ങുന്ന

അടുക്കളയിൽ നിന്ന് 

കായൽമീൻകറിയുടെ മണം

അരപ്പിൽ കലർന്ന സ്നേഹത്തിന്റെ രുചി വയറ് നിറച്ചു


'ഉടുപ്പ് മാറ്റിയാൽ കളിക്കാനിറങ്ങാം'

സൂത്രം ഓതി ഉള്ളിലൊരാൾ

ചായ്പ്പിലെ ഇരുട്ടിലേക്ക് നടന്നു

മരലമാരയിൽ എന്റെ ഉടുപ്പുകൾ ഉണ്ടായിരുന്നു

ഞൊറികളുള്ള പച്ച ഉടുപ്പ്

ഓണത്തിന് അച്ഛാച്ഛൻ തയ്പിച്ചു വെച്ച

പൂക്കൾ ഉള്ള വയലറ്റ് ഉടുപ്പ്

പിന്നെ കറുപ്പിൽ ചാര കുമിളകളുള്ള പാവാട

പക്ഷേ ഒന്നും പാകമാകുന്നില്ല

ഒക്കെ മുട്ടോളം...

ഉടുപ്പുകൾ ചെറുതായോ

"അല്ല, നീ വലുതായതാ"

മരലമാര കളിയാക്കി


മുറ്റത്തെ പുളി മരം ചാഞ്ഞു തൊടാൻ വന്നു

പത്തു മണി പൂക്കൾ പരിചയം പുതുക്കി

ചെമ്പരത്തി, പൂക്കൾ കാണിച്ച് മാല കെട്ടാൻ ക്ഷണിച്ചു

കുഞ്ഞമ്പലത്തിലെ കണ്ണന് ഭംഗി കൂട്ടണ്ടേ...

കുഴലൂതി പാവം എത്ര നേരം കാത്തു നിൽക്കും....

വരട്ടെ, സന്ധ്യയാവട്ടെ...


ഒറ്റമതിൽ ചാരി പ്ലാവ് മിഴി നട്ട്

നിന്നു

ചെമ്പക മണത്തിൽ

ചെറി മരം മുള്ളുകൾക്കിടയിലൂടെ ചുവന്നു ചിരിച്ചു

എല്ലാം അതേ പോലെ...

തൊലികയ്പ്പൻ മാവിന്റെ അടിയിലെ ഉറുമ്പിൻ കൂട്

തൊട്ടാൽ ചിണുങ്ങുന്ന പുഷ്ക്കരമുല്ല

ശതാവരി ചെടി

എണ്ണ തേച്ചു മിനുങ്ങിയ പേരമരം

പാറകൾക്കിടയിൽ

മീനുകൾ പൊടിയുന്ന കിണർ

എത്തി നോക്കിയാൽ ഇപ്പോഴും കരയുന്നു, ഒരു കുഞ്ഞി തവള.

സോപ്പ് തേച്ച് ഒട്ടിച്ച അലക്ക് കല്ലിൽ ഇലത്താളിയരക്കുന്നു, ഞാനും അനിയത്തിയും.

ഊറ്റിയെടുത്ത് പരസ്പരം തേച്ചു പിടിപ്പിക്കുമ്പോൾ

ഉച്ചി നിറയെ എണ്ണ വഴിഞ്ഞ്

വെട്ടുകല്ലിന്റെ തണുപ്പിൽ 

മാടി വിളിച്ചു, കുളിമുറിയിലെ

കസ്തൂരി മഞ്ഞളും പയറു പൊടിയും....


ചരൽ മണ്ണിൽ വീണ് കരയുന്ന ഞാവൽ പഴങ്ങൾ നുണഞ്ഞ്

ഇലവീശി നിൽക്കുന്ന കടപ്ലാവ്

വരിക്ക പ്ലാവിന്റെ കൈയിൽ

മുറുക്കത്തിൽ കെട്ടിയ ഊഞ്ഞാല്...


ഓടി ചെന്നേറിയപ്പോൾ

കുലുങ്ങി ചിരിച്ചു പ്ലാവ്

"ഈ പെണ്ണിന്റെ ഒരു കാര്യം!"

ഒട്ടും ഒതുക്കമില്ലാതെ ഞാനും കലമ്പി...

"ഈ പ്ലാവിന്റെ ഒരു ഭാവം!"


ഊഞ്ഞാലാട്ടം...

ഭൂമിക്കും ആകാശത്തിനും ഇടയിലെ പാലം

ഇരുന്നും നിന്നും, 

ആയത്തിൽ... ആയത്തിൽ....

അങ്ങനെ......അങ്ങനെ....

തെറിച്ച ആട്ടം

ഒറ്റ കുതിപ്പിന് മാനം മുട്ടെ...


കണ്ണെടുക്കാതെ നോക്കി നിന്ന്

"എന്നെ തൊടൂ" എന്നൊരൊറ്റ മേഘം 

"തൊട്ടേ" യെന്ന് ഞാനും...

പറഞ്ഞു തീരും മുൻപേ ആകാശത്തേക്ക് ഞാൻ കൂപ്പുകുത്തി വീണോ?

വെളിച്ചം പരന്നൊഴുകി

തെളിച്ചത്തിൽ ആരോ "അമ്മേ" എന്ന് വിളിക്കുന്നു


ഞാൻ അമ്മയല്ലല്ലോ

അമ്മവീട്ടിലേക്ക് പോയവളല്ലേ? 

അച്ഛാച്ഛാ... അമ്മാമ്മേ...

നിങ്ങൾ എവിടെ?

ഈ കുഞ്ഞുങ്ങൾ അവരുടെ അമ്മ വീട്ടിലേക്ക് പുറപ്പെട്ട്  

വഴി തെറ്റി വന്നതാവും...

നമുക്കിവരെ തിരിച്ചു കൊണ്ടാക്കാം


വെളിച്ചം....

കാഴ്ചകൾ ചതിക്കുന്നു

ഇളം നീല ചായമടിച്ച മുറിയിൽ ഞാൻ മലർന്ന് കിടക്കുന്നു

അമ്മ വീടെവിടെ?

ഊഞ്ഞാലെവിടെ?

ജനൽ കടന്ന് വന്ന ചൂട് കാറ്റ് രഹസ്യം പറഞ്ഞു,

"പാലം കടന്നു".