തുണി നിലത്തു വിരിച്ച്

തുന്നാനായി വെട്ടിയൊരുക്കുന്നൂ അമ്മൂമ്മ

പൊടിമീനുകൾ ചിണുങ്ങുന്ന

കുഞ്ഞു ഫിഷ് ടാങ്കിലേക്ക്

കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന പൂച്ചക്കുട്ടി

തൊട്ടടുത്തിരുന്ന് കുഞ്ഞിനെ തീറ്റുന്ന അമ്മ

അരികുബഞ്ചിൽ രാത്രിപാറാവു കഴിഞ്ഞു വന്ന്

കൂർക്കം വലിച്ചുറങ്ങുന്ന അച്ഛൻ

ഉമ്മറപ്പടിയിലിരുന്ന് അനിയനെ എഴുതിക്കുന്നൂ ചേച്ചി

അമ്മായി, വെയിലുള്ള ദിവസമായതിനാൽ

നനഞ്ഞ തുണികൾ വരാന്തയിലെ

ഉയരത്തിലുള്ള അഴയിൽ

വിരിക്കാനുള്ള വഴി തേടുകയാണ്

എന്റെ ഇരട്ടമുറി വീട്

ഈ ഒറ്റമുറി വീടിനേക്കാൾ ചെറുതാണ്

ഇത് ഒരു മിനിയേച്ചർ ചിത്രം പോലെ

സൂക്ഷ്മവും ലളിതവുമാണ്.