നീ പോയതിൽ പിന്നെ
ഒറ്റക്കായി പോയ എന്നെ
എന്ത് ചെയ്യും എന്ന്
ഒത്തിരി ആലോചിച്ചു
നേരം വെളുക്കാനായിട്ടും
ഉറങ്ങാതിരുന്ന എന്നെ
വഴക്ക് പറഞ്ഞു
ഉറക്കി കിടത്തി
'ജോലിക്ക് പോവേണ്ടതല്ലേ
എഴുന്നേൽക്ക് 'എന്ന്
സമയത്തിന്
വിളിച്ചെഴുന്നേൽപ്പിച്ചു
പല്ല് തേപ്പിച്ചു
കുളിപ്പിച്ചു
ഇഷ്ട്ടപെട്ട
വസ്ത്രം ഇടീച്ചു
വിശപ്പില്ലെന്നു പറഞ്ഞു
ഒഴിഞ്ഞു മാറിയിട്ടും
വയറ് നിറയെ
കഴിപ്പിച്ചു
ജോലിക്കിടെയിലും
മറന്നു പോണ
എന്നെ
ഉച്ചത്തിൽ ഒച്ചയിട്ട്
വിളിച്ചുകൊണ്ടേയിരുന്നു
സമയത്ത് തന്നെ
ഊണു കഴിപ്പിച്ചു
പണിയെല്ലാം പിഴവ്
വരുത്താതെ ചെയ്യിച്ചു
കൃത്യം തന്നെ
വീട്ടിൽ എത്തിച്ചു
ഒറ്റയിരുപ്പിൽ
എഴുതി പൂർത്തിയാക്കിയ
ആത്മഹത്യാ എന്ന കവിത
പ്രസിദ്ധീകരിക്കും മുമ്പേ
കത്തിച്ചു കളഞ്ഞു
അതിലെഴുതിയ
'നിന്നെ കുറിച്ചോർത്തു വിഷാദം മോന്തുമീ സന്ധ്യ '
എന്ന വരിയെ കണക്കറ്റ്
പരിഹസിച്ചു
എന്നിട്ടും തളർന്നു പോയ
എന്നെ
ഡാ പൊട്ടാ
ഒരിക്കൽ ഉണങ്ങി വീണു പോയ
വിത്തുകളാണ്
നമ്മുക്ക് ചുറ്റും പടർന്നു
പന്തലിച്ചു നിൽക്കുന്ന
മരങ്ങൾ എന്ന് ഉപദേശിച്ചു
നീ ഇട്ടു പോയ എന്നെ
ഞാനും കൂടെ വിട്ടു
പോയാൽ
പിന്നെ എനിക്ക് ആരുണ്ട്?