അടുത്ത വീട്ടിലെ റാങ്കുകാരിയുടെ
അടുക്കളയിൽ നിന്നും
അക്ഷരങ്ങൾ
വേവുന്ന മണം
പുറത്തെ മഴ നനയാതെ
കയറി വന്ന്
നാളെ പരീക്ഷയാണെന്ന്
പറഞ്ഞിട്ടു പോയി.
ഇപ്പോൾ
ജംഗ്ഷനിലെ
മൊബൈൽ കടയിലെ
കറുത്ത ചുരിദാറിട്ട പെൺകുട്ടി
മഴയത്തേക്ക് കൈനീട്ടുന്നുണ്ടാകും.
എന്റെ പുസ്തകത്തിലെ
അക്ഷരങ്ങൾക്ക്
തണുക്കുന്നു.
ഞാനവയ്ക്ക് മഴ കൊള്ളാതെ നിൽക്കാനൊരു
കുടിലു വരച്ചു കൊടുക്കുന്നു.
ആ കുടിലിന്
പ്രണയമെന്ന്
പേരെഴുതി വെച്ചു.
മഴ കൊണ്ട് മേഞ്ഞ
കുടിലാണെന്റെ
പ്രണയം.
അക്ഷരങ്ങൾ
കുടിലിനു പുറത്ത്
മഴയിൽ കളിക്കാൻ പോയിക്കാണണം.
അപ്പോൾ
കറുത്ത മഴക്കോട്ടിട്ട
മീൻകാരി
കവിത പോലെ
പിടയ്ക്കുന്ന മീൻ
വേണോയെന്ന്
വിളിച്ചു കൂവിക്കൊണ്ട്
വളവു തിരിഞ്ഞു വരുന്നു.
ഞാനൊരരക്കിലോ
വാങ്ങി
അവൾ കടയടച്ചു വരാനായി
അടുക്കളയിൽ
വെക്കുന്നു.
കറുത്ത ചുരിദാർ
ഇരുട്ടു കൊണ്ടുണങ്ങുന്നു.
അവളെ
കവിത പോലൊരു
മീൻ മണക്കുന്നുവെന്ന്
ഞാൻ
ചിരിക്കുന്നു.
അവൾ ചിരിച്ചു ചിരിച്ചുറങ്ങുന്നു.
ഉറക്കത്തിൽ
ഞങ്ങൾ
പിരിയുന്നതിന്റെ
സ്വപ്നം കാണുന്നതിന്നിടയിൽ
കവിതയുടെ
അർത്ഥം
നാവു കൊണ്ട് തുഴഞ്ഞ് കണ്ടെടുത്ത്
ഞാൻ
ഞെട്ടിയുണരുന്നു.
മഴ തോർന്നിരിക്കുന്നു.
പറമ്പിന്റെ അറ്റത്തെ
ചേമ്പിലയിൽ
ഒരു തുള്ളി വെള്ളം,
കണ്ണാടി, മഴവില്ല്,
അപവർത്തനം ...
സമയമായെന്ന്
തെങ്ങിൻതടത്തിലെ
കലക്കവെള്ളത്തിൽ
നിന്നൊരു ഇൻവിജിലേറ്റർ
കരയുന്നു.
പരീക്ഷ എന്റെ വാതിലിന്നരികിൽ
ദയാവധം
വിധിച്ച
ജഡ്ജിയുടെ
ആഹ്ലാദത്തിന്റെ
കീഴ്ശ്വാസമണവും
ചുമന്നു നിൽക്കുന്നു.
ഗംഭീരം. അഭിനന്ദനങ്ങൾ