നനഞ്ഞൊട്ടിയ പുസ്തകത്താൾ

ശ്രമപ്പെട്ട്‌ തുറക്കുംപോലെ

നേരം പുലരുന്നു.

മുരിങ്ങയും മാവും പ്ലാവും

കുരുമുളകുവള്ളിയും തമ്മിൽ

കലർന്നു കിടക്കുന്നു.

ചക്ക മാവിലോ, പ്ലാവിലോ, കൃത്യമല്ല

കൈപ്പയും പടവലവും പന്തൽ വിട്ട്‌

പടർന്നുപോയി.

ആട്ടിൻകൂട്ടിൽ മറ്റാരൊക്കെയോ

കുളമ്പു കുടഞ്ഞു മുനിയുന്നു.

നരിച്ചീറുകൾ കുത്തിയ

കുടപ്പന കുമ്പിളിനുള്ളിൽ നിന്ന്‌

യുദ്ധകാഹളം.

ഉറക്കം മുറിഞ്ഞു മുനിയുന്നത്‌

വണ്ണാത്തിപ്പുള്ളോ, അരിപ്രാവുകളോ?

കാട്ടുപൊന്തയ്ക്കുള്ളിലിരുന്ന്‌ നനഞ്ഞ

ഉടയാടകൾ കുടഞ്ഞുടുത്ത്‌

പുലരി മഴയെ പുലമ്പുന്നത്‌

കൂമനോ, കാട്ടുകോഴിയോ?


തമ്മിൽ കലർന്ന്‌

തേഞ്ഞുമാഞ്ഞ്‌ കുഴഞ്ഞില്ലാതായ

ശബ്‌ദങ്ങളൊക്കെ പരിധിക്ക്‌ പുറത്ത്‌.

വെയിലും വെളിച്ചവും തെളിഞ്ഞാലേ

ഇനി അടുത്ത വരി സാദ്ധ്യമാകൂ....


2

തൊടിയുടെ മടിയിൽ

ഒരു ഉച്ചമയക്കത്തിൻ ഞൊടിയിൽ

ഇലക്കൈകളിൽ തൂങ്ങിയാടി

പറന്നുയർന്നു,

സിഗ്നലുകളും സ്റ്റേഷനുകളുമില്ല.

തോട്ടുവക്കിൽ

കുളിച്ചുകൊണ്ടുനിൽക്കുന്നവർ

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ

മേഞ്ഞുനടക്കുന്ന നാൽക്കാലികൾ

പറന്നുപോകുന്ന മനുഷ്യജീവിയെ

തിരിച്ചറിഞ്ഞു.

അരുതാത്തതെന്തോ കണ്ടതുപോലെ

മലമ്പള്ളയിലേക്ക്‌ പതുങ്ങീ വീടുകൾ.


പതുക്കെ നട്ടുച്ചയുടെ ലഹരി

തണുത്തുതുടങ്ങി,

നിഴലുകൾ അയഞ്ഞു,

ഇപ്പോൾ പറക്കൽ ഒരു പഞ്ഞിക്കീറുപോലെ,

പെട്ടെന്ന്‌ കാട്ടുപാത മുറിച്ച്‌

പറന്നുവന്ന ഒരു വേഴാമ്പൽ

ഉച്ചമയക്കം കെടുത്തി

തൊട്ടുപുറകെ വേറൊന്ന്‌,

എന്റെ നേരെ

കടും മഞ്ഞത്തൊപ്പി ഉയർത്തി

സലാം വച്ച്‌ തൊടിയിലേക്ക്‌

പറന്നു മറഞ്ഞു.


3

മുറ്റത്തു വിരിഞ്ഞുനിൽക്കുന്ന

പൂച്ചെടികൾക്കിടയിലൂടെ

തെന്നിത്തെറിച്ച്‌

തേനെടുക്കാനെത്തുന്ന

ചില പതിവുകാരുണ്ട്‌.


പൂവുപോലുമറിയാതെ

പുറകിലൂടെ വന്ന്‌

സൂചിമുഖം താഴ്‌ത്തി

തേൻ വലിച്ചെടുത്തു പറക്കുന്ന

ചെറുവിരലോളം പോന്ന

കറുമ്പൻ കാമുകർ,

കഴുത്തു വെട്ടിച്ച്‌ പറക്കുമ്പോൾ

ദൈെവം ടോർച്ചു മിന്നിക്കുംപോലെ തോന്നും!


4

മേടമാസം കടന്നുപോയി

ആഭരണങ്ങളൊക്കെ പൊഴിച്ച്‌

നാണത്തിൻ പച്ചിലപ്പുതപ്പിലൊളിപ്പൂ

കണിക്കൊന്ന.


5

തൊടിയിൽ

തേക്കുപോലെ മുതിർന്ന്‌

രണ്ട്‌ ആപ്പിൾ മരങ്ങൾ

കുട്ടിക്കാലത്ത്‌ കൗതുകംകൊണ്ട്‌

വാങ്ങി നട്ടതാണ്‌.

ആണും പെണ്ണുമുണ്ടെങ്കിലേ കായ്ക്കൂ എന്ന്‌

വില്പനക്കാരൻ

തൊടിയിലെ തേക്കിനും മഹാഗണിക്കും

പ്ലാവിനും തെങ്ങിനുമൊപ്പം

ആപ്പിൾജോടികളും വളർന്നു

ഒരിക്കലും പൂവിട്ടതുമില്ല,

കായ്‌ച്ചതുമില്ല.