മകൾ വീട്ടിൽ വന്ന്

പിരിഞ്ഞുപോകുമ്പോഴെല്ലാം

മനപ്പൂർവ്വം വഴക്കിടുന്ന

ഒരമ്മയെ അറിയാം.


മകൾ വന്നുകേറുമ്പോൾ

കൊണ്ടുവരുന്നു കൂടെ

പലനിറ കഥകൾ

ചില്ലുകുപ്പികളിലാക്കി.


ചുമന്നു ക്ഷീണിച്ച കൈകൾ

മടിയിൽ നിവർത്തിവച്ചമ്മ

തിരുമ്മിക്കൊടുക്കുന്നു.

അടുപ്പിലൂതിക്കൊടുത്ത് അവളപ്പോൾ

പലനിറ കഥകളുടെ മൂടിമാറ്റുന്നു.


ചില്ലുകുപ്പികളിലൊന്നിലൊരു

കൂട്ടുകാരിയെ ഏറെനാൾകൂടി

കണ്ടതിന്റെ അത്ഭുതവും അസൂയയും

പൊടിഞ്ഞുചേർന്നുള്ള വൈലറ്റ്.


മറ്റൊന്നിൽ


എന്നോട് നിങ്ങൾക്കെത്ര

സ്നേഹമുണ്ടെന്നവൾ

ഇടക്കിടെച്ചെന്നുച്ചോദിക്കുമ്പോൾ

അയാളുടെ മുഖത്തേക്കരിച്ചുകേറുന്ന

അരിശത്തിന്റെ ഇളം തവിട്ട്.


കഴിഞ്ഞവട്ടം വന്നപ്പോൾ

നാത്തൂൻ കൊടുത്ത സാരിയുടെ

തനിനിറംകണ്ട പകപ്പിന്റെ പച്ച.


കുട്ടികളിപ്പോൾ വേണ്ടെന്ന

കരുതലിന്റെ മുകളിൽ

ഇടക്കിടെ പൂക്കാൻ മടിക്കുന്ന

മാസചക്രത്തിന്റെ ചുവപ്പ്.


അമ്മയിപ്പൊഴും

ഒറ്റയാണെന്ന തോന്നൽ

പാതിചാരിപ്പോകുന്ന

ഉറക്കവാതിലിന്റെ നീല.


കുറച്ചുനേരത്തെ മൗനം.

കണ്ണുകളിലേക്കപ്പോൾ

ഇരമ്പിയെത്തുന്ന കാലവർഷം.

ഏതുരൂപത്തിലാർക്കും

വായിച്ചെടുക്കുവാനൊന്നിൽ

ചെറിയ ചൂടുള്ള

ജലത്തിന്റെ നിറം.


ഇത്രനിറങ്ങളാവുമ്പോഴെക്കും

പിരിയുവാൻ വൈകും.


വഴക്കിടാനുള്ള പഴുതിലൂടമ്മ

അടുക്കളയിൽനിന്നും

നുഴഞ്ഞുകേറിപ്പോകും.


വിട്ടുപോകുന്നതിന്റെ

വേദനയപ്പോൾ

വഴക്കിന്റെ കുപ്പികളിൽ

അവൾക്ക് കൊണ്ടുപോകാൻ

അടച്ചുവച്ചിട്ടുണ്ടാവും.


ഒരിക്കൽ


വീട്ടിലേക്കോടി-

ച്ചെന്നുകേറുമ്പോഴെ

അമ്മ മിണ്ടുന്നില്ല.


ആളുകൾ കൂടിയിട്ടുണ്ട്.


കണ്ടുപിരിഞ്ഞതിൽപ്പിന്നെ

അധിമായിട്ടില്ലെന്നപ്പോൾ

അവളുമോർത്തു.

അതുതന്നെയാവുമിങ്ങനെ

മിണ്ടാതെ,

പിരിഞ്ഞ വേദനയുടെ

വഴക്കിലയിൽ

നിവർന്ന് നീലിച്ച്

അമ്മ കിടക്കുന്നത്.