എന്നും അടിച്ചു 

വൃത്തിയാക്കിയിരുന്ന 

കോലായ തറയിൽ

സന്ധ്യക്ക്‌ തിരി തെളിയിച്ചിരുന്ന

വിളക്കിന് കീഴെ

നിശ്ചലയായി കിടക്കുന്നു

ചേച്ചി


കഴിഞ്ഞെന്ന് 

നൂറാവർത്തി പറഞ്ഞതിന്

ശേഷം വാങ്ങി കൊടുത്ത

ചന്ദനത്തിരി തലയ്ക്കൽ പുകയുന്നു


അന്നു കാലത്തുംവെള്ളം

പകർന്ന ചെമ്പരത്തി

ചൂടിലും വാടാതെ

പൂവിട്ടു നിൽക്കുന്നു


കാലേ തീപൂട്ടിയതിന്റെ

കനൽ നീറ്റം 

ഉള്ളടുപ്പിൽ

അപ്പോഴും എരിയുന്നു 


അലക്കു കല്ലിൽ

കുത്തി തിരുമ്പിയതിന്റെ നനവ്

ഇനിയും വറ്റിയിട്ടില്ല


ഇത്രയും ആൾക്കൂട്ടം

അവിചാരിതമായി

കണ്ടതിന്റെ അന്ധാളിപ്പിൽ 

പകച്ചു നില്പ്പാണ് 

വീട്...


നനയുന്ന കണ്ണുകളിൽ

നിറയെ തെളിയുന്നു

ചേച്ചിയുടെ ഓർമകളുടെ

തിരുശേഷിപ്പുകൾ


ചേച്ചി എന്നത് , ചേച്ചി ഉണ്ടായിരുന്ന

കാലമായി പരിവർത്തനപ്പെടുത്തി

ഘടിക്കാര സൂചി നീങ്ങി കൊണ്ടിരുന്നു


ചേച്ചി ഉണ്ടായിരുന്ന

തിരുവാതിര

ചേച്ചി ഉണ്ടായിരുന്ന

ഉത്സവം

ചേച്ചി ഉണ്ടായിരുന്ന

കല്യാണം

എന്നിങ്ങനെ ഇനി ഓർമ്മകൾ

ക്ഷയിക്കും


പതുക്കെ പതുക്കെ

ഇടവഴി, അതിലൂടെയെന്നും

കടന്നു പോയിരുന്ന യാത്രികനെ

പെട്ടെന്നൊരു ദിവസം

കാണാതായിട്ടും

അറിയാതിരിക്കും പോലെ

ഏവരും ചേച്ചിയെ മറന്നു പോകും..


കിളിയൊഴിഞ്ഞ കൂട്

അതിൽ ചിറകൊതുക്കിയിരുന്ന

പ്രാണന്റെ ചൂടിനെ

എന്ന പോലെ

വീട് പിന്നെയും

തന്റെ പ്രിയപ്പെട്ട അസാന്നിധ്യത്തെ

ഓർത്തുകൊണ്ടേയിരിക്കും