എന്റെ കൈയ്യിൽ മുഖം ചേർത്ത് 

തളർന്ന കണ്ണുകൾ ആഴത്തിൽ അടച്ച് 

നീ കിടക്കുമ്പോൾ

കേൾക്കാം,

ശലഭങ്ങളുടെ ചിറകടിയൊച്ച...


കാറ്റിൽ പരക്കും,

വെയിലത്തുണക്കി നീളത്തിൽ കൂട്ടികെട്ടിയ 

വെളുത്ത തൊട്ടിൽ തുണിയുടെ മണം...


മറുകൈയ്യാൽ നിന്റെ നനുത്ത മുടിയിൽ തലോടി

മുതുകിൽ തടവി

തുടയിൽ താളം കൊട്ടുമ്പോൾ

ഏതോ പുരാതന താരാട്ട് കേട്ടെന്ന പോലെ

നിന്റെ വിളർത്ത ഉടൽ ഉറക്കത്തിലേക്ക് കനം വെക്കുന്നു

ഉയിർ

കുഞ്ഞിനെ പോലെ ചിരിക്കുന്നു...


ചോദ്യങ്ങളില്ലാത്ത

ഉത്തരങ്ങൾ വേണ്ടാത്ത 

ഇന്നലെകളെ ഓർത്തു വെക്കാത്ത

നാളെകളെ ഭയക്കാത്ത

ഒരിടത്ത് ...

'എന്റെ...എന്റേതെ'ന്ന് നീ ചേർത്തു വെക്കുന്ന ഒരിടത്ത്

മഴ പടരുകയാവാം

മതി വരെ നനഞ്ഞ് മണ്ണിൽ കിടക്കുകയാവാം

ഇരുട്ടിനിത്രയും ഭംഗിയോ എന്ന് അത്ഭുതപ്പെടുകയാവാം

വെള്ളിമീനുകൾ വന്നുമ്മ വെക്കുമ്പോൾ

ഞാനെന്നോർത്ത് ചേർത്ത് പിടിക്കയാവാം...


സ്വസ്ഥം! 

ശാന്തം! 


ഏതകലത്തിലും കൂടിയുണ്ടെന്ന്,

ഏതിരുളിലും കൈവിടില്ലെന്ന്,

എന്റെ മിടിപ്പോളം നീ ചുരുണ്ടുറങ്ങവേ...

 

കടലോളം സ്നേഹം നുരഞ്ഞു പൊന്തി

വരണ്ട നെഞ്ചിൽ ത്രസിച്ചു ചീറ്റി

ഞാനോ

വീണ്ടും അമ്മയാവുന്നു...