രിച്ചയന്ന് തുടങ്ങിയ യാത്രയുടെ

ക്ഷീണം കൊണ്ട് മയങ്ങിപ്പോയ

അയാൾ

കണ്ണു മിഴിക്കുമ്പോള്‍

അകാശത്ത് നക്ഷത്രങ്ങളെ

തൂക്കിയിട്ടുകൊണ്ടിരുന്ന

ഒരു മാലാഖ പണി നിര്‍ത്തി

അയാളെ സംശയത്തോടെ നോക്കി.

ആ നോട്ടം അയാളെ

മരണത്തിനു മുൻപ് നടന്ന എന്തിനേയോ

ഓര്‍മ്മിപ്പിച്ചെങ്കിലും

മാലാഖ മുഖം തിരിച്ച് പണിയിലേക്ക് മടങ്ങിയതോടെ

അയാളതു മറന്നു.


വികെ പ്രകാശിന്റെ ത്രീകിംഗ്സിലെ സഹോദരന്മാര്‍

പരസ്പരം പണി കൊടുക്കാനായി

ഫയല്‍ മാറ്റി വെക്കുന്ന സീന്‍

ലാപ് ടോപ്പില്‍ നൂറ്റിപ്പതിമൂന്നാം വട്ടം കണ്ട്

ദൈവം തലയറഞ്ഞു ചിരിച്ചു,

പേനുകള്‍ ഭൂകമ്പമെന്നു പറഞ്ഞ് പരക്കം പായുവോളം.


ഭുമിയില്‍വെച്ച് ചെയ്തു കൂട്ടിയ

പണികളുടെ പേരില്‍

മരണശേഷം

പുണ്യവാളത്തം അടിച്ചേല്‍പ്പിക്കപ്പെട്ടവര്‍

സ്വര്‍ഗ്ഗത്തിന്റെ ചുവരുകളിലെ

തമോഗര്‍ത്തങ്ങളിലിരുന്ന്

ചിലക്കുന്നുണ്ടായിരുന്നു.

ദൈവത്തിന്റെ മുറിയിലെ

ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്ന ശബ്ദം

ചിലപ്പുകളുടെ മുകളിലൂടെ കുത്തിയൊലിച്ചു.


നിശ്ശൂന്യത നടമാടും പാതിരതന്‍ മച്ചിനു* കീഴെ

ജനലരികല്‍ നിന്ന് ദൈവം മുടികോതിക്കൊണ്ട്,

ഗുമസ്തപ്പിഴവുകാരണം

നരകത്തിലെ നിലാവില്‍ മുങ്ങിത്താഴുന്നവനെ

പ്രണയപൂര്‍വ്വം വീക്ഷിച്ചു.


തിരുവത്താഴത്തിന്റെ തിരക്കൊഴിഞ്ഞ്

ഒറ്റുചുംബനത്തിനു കാത്തിരിക്കുന്നവന്റെ

ഏകാന്തതയുമായി

അയാള്‍ വാതിലുകളില്ലാത്ത

സ്വര്‍ഗ്ഗത്തില്‍ ഇരുന്നു.

പാത്രങ്ങളെല്ലാം

മോറിവെച്ചുകഴിഞ്ഞ

ദൈവമപ്പോള്‍

അവളുടെ ചുണ്ടുകളില്‍

ലിപ്സ്റ്റിക് പുരട്ടുകയായിരുന്നു.


(* ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ നിന്നും )