ഞാൻ കറുത്തിട്ടാണ്

അവൻ വെളുത്തിട്ടും

ഞങ്ങൾക്കിടയിൽ

നിറങ്ങൾക്ക് പ്രസക്തിയില്ലെന്ന്

തെളിയിച്ചതവനാണ്

വരേണ്യതയുടെ വെളുപ്പിനോട് കൂട്ടുകൂടാൻ

അന്നും ഇന്നും മനസ്സനുവദിക്കാറില്ലെങ്കിലും

എൻ്റെ വടിവൊത്ത കണങ്കാലുകളിൽ

ഉമ്മ വച്ചവൻ

നിൻ്റെയീ കറുപ്പാണെനിക്കേറെ

പ്രിയമെന്ന് പറയുമ്പോൾ

ഇടതൂർന്ന ചുരുൾമുടിയിൽ തലോടി

നീയെൻ്റെ കള്ളിയങ്കാട്ടു നീലിയെന്നുരുവിടുമ്പോൾ

എന്നാണ് നീയെൻ്റെ നഖവും മുടിയും

ബാക്കിയാക്കുന്നതെന്നാരയുമ്പോൾ

മാത്രം

ഉണരുന്നൊരു യക്ഷിയാകുന്നു ഞാൻ.