രാവിലെത്തെ കാലിച്ചായ
സ്വപ്നം കണ്ടാണ്
വിശപ്പ്
പീടികത്തിണ്ണയിൽ തന്നെ കിടന്ന്
നേരം വെളുപ്പിച്ചത്.
ഇരുളു കയറിയ കണ്ണുകൾ
ഷട്ടറിന്റെ ഒച്ചയിൽ
നിസ്സംഗനായപ്പോൾ
കിട്ടി മുഖത്തേക്ക്
തലേന്നത്തെ ഗ്ലാസ് കഴുകിയ
അഴുക്കു വെള്ളം
കൂടെ,
മുഴുത്ത നാല് വാക്കുകളും.
ചിതറിയോടിയ കിനാക്കളെ
ഭാണ്ഡത്തിലാക്കി
മേഘങ്ങളൊഴിഞ്ഞ ആകാശം തേടി
തെല്ലും പരിഭവമന്യേ
നടന്നു തുടങ്ങി.
പൊട്ടിയ ഓട്ടുപാത്രത്തിലെ
കാലണകൾ
വെയിലത്ത് തിളങ്ങുന്നത് കണ്ട്
അടക്കം പറച്ചിലുകൾ
ജനലഴികൾ ഭേദിച്ച്
യാചന നിരോധിത മതിൽ ചാടി വന്നു.
രണ്ടാണ്ട് മുമ്പ്
പള്ളി വകയിലെ
നേർച്ചപ്പെട്ടി പോയത്
ഉത്സവപ്പിറ്റേന്ന്
വിഗ്രഹം കടത്തിയത്
വീട്ടിലെ കിണ്ടി
കാണാനില്ലെന്ന്
പോലീസിൽ അറിയിക്കും മുമ്പ്
നാട്ടുകാരെ വിളിക്കണമെന്ന്.
ആൾക്കൂട്ടം തീർത്ത
ആർത്ത നാദങ്ങൾക്കിടയിൽ
വിശപ്പിന്റെ ഭാഷ അമർന്നു
വാക്കുകൾ കുരുങ്ങി
ആശയങ്ങൾ വായിലേക്ക് ചൂണ്ടി
വയറ്റത്ത് തടവി
കൈ കൂപ്പി നിന്നു.
അല്ലേലും,
ദേശങ്ങൾ കടന്ന്
മതങ്ങൾക്കപ്പുറം
ലോകത്തിൻ അക്കരെ
വിശപ്പിന് ഒരു ഭാഷയില്ലല്ലോ