അവർ രണ്ടായിരുന്നില്ല,
ഒന്നായിരുന്നു.
ഒരമ്മ പെറ്റ ഇരട്ട മക്കൾ
തേനിറ്റു വീഴുന്ന, ജീവൻ തുടിക്കുന്ന,
കവിതകളുടെ അപ്പോസ്തലന്മാർ.
എനിക്ക് മുൻപരിചയമില്ലാത്തവർ.
മഴവില്ലഴകുള്ളപൂമ്പാറ്റച്ചിറകുകൾ
ഒരു പോലെ കണ്ടപ്പോൾ
കൗതുകം കൊണ്ട്
ഓടിയടുത്ത് ചെന്നിട്ട്
നിങ്ങൾ രണ്ടും ഒന്നാണോ
എന്ന് ചോദിച്ചെന്നതായിരുന്നു ,
എൻ്റെ കുറ്റം.
അവരെന്റെ തീർത്തും നിഷ്കളങ്കമായ
ബാല്യകുതൂഹലത്തെ
ചെന്നായ്ക്കളുടെ നടുവിലേക്ക്
അരിഞ്ഞിട്ടു കൊടുത്തിട്ട്
അവയെ ഭക്ഷിപ്പാനായ് ക്ഷണിച്ചു.
അവ തിന്ന് ക്ഷീണിച്ച് ദാഹിച്ചപ്പോൾ
അവക്ക് കുടിവെള്ളം കൊടുത്തു.
മരിച്ചിട്ടും ഓടിപ്പോകാനാകാതെ
ഞാനവിടെത്തന്നെ തരിച്ച് നിൽപ്പുണ്ടായിരുന്നു.
അതിലൊരാൾ തിരിഞ്ഞുനിന്ന് എന്നോട് ചോദിച്ചു,
നിങ്ങൾക്കൊട്ടും വേദനിച്ചില്ലല്ലോ?
ഇല്ല,
ഞാൻ പറഞ്ഞു.
അവർ കൈകൾ കോർത്ത് നടന്നു പോയി.
ഞാൻ
എൻ്റെ ജൈവികതയിലേക്ക്,
ചുളിഞ്ഞ തൊലിയും, കിതക്കുന്ന ശ്വാസവും,
മങ്ങിയ കാഴ്ചയുമുള്ള,
അമ്പലനടയിലെഅനാഥത്വത്തിൻ്റെ
അഴുക്ക്ചാലിലേക്ക് വലിച്ചെറിയപ്പെട്ട,
നട്ട വെളുപ്പാൻ കാലത്ത്
ലാത്തിത്തലപ്പു കൊണ്ട് അലാറം കേട്ട് പിടഞ്ഞുണരുന്ന,
കവിതയുടെ മറ്റൊരു കുത്താെഴുക്കിലേക്ക്
അറ്റു വീണു.
രണ്ടിൻ്റെയും
തലയുമരിഞ്ഞെടുത്തുകൊണ്ട്.
അതെനിക്ക് വേണമായിരുന്നു.
ഞാനും
ഒരു സാധാരണ, സ്വാഭാവിക
ജൈവികപരിസരമാണെന്ന്
എന്നോടെനിക്ക് പറഞ്ഞ് നിൽക്കാൻ.