പൊട്ടുതൊട്ടില്ലെന്നു തോന്നി,

നെറ്റിയുണ്ട്.

കുളിച്ചിട്ടേയില്ലെന്നു തോന്നി,

മുടിയീര്‍പ്പമുണ്ട്.

നല്ലതൊന്നുമുടുത്തില്ലെന്നു തോന്നി,

മുണ്ടുപെട്ടിയുടെ കരുതല്‍ മണമുണ്ട്.

കണ്ണെഴുതിയില്ലെന്നു തോന്നി,

ചിമ്മുമ്പോളെരിവുണ്ട്.

അടിയുടുപ്പില്ലെന്നു തോന്നി,

ചരടിന്‍റെ വലിവുണ്ട്.

പൂവ് ചൂടിയില്ലെന്നു തോന്നി,

മുടി മുല്ലവെണ്മയുണ്ട്.

മുഖം മിനുക്കിയില്ലെന്നു തോന്നി,

മെഴുക്കെണ്ണക്കനിവുണ്ട്.

ചെരിപ്പിടാന്‍ മറന്നതല്ല,

നഗ്നപാദം വെച്ചിറങ്ങി.

ദൂരെ ദൂരെയാകാശം,

താണു താഴും ഭൂവായി.

ഭ്രൂവടിവില്‍ ഗോപിക്കുറി

നീട്ടി വരഞ്ഞതായി,

സൂര്യനുണ്ട്.

ഇരുളിലും പകലുണ്ട്.

കിടപ്പിലെന്നറിയാതെ

വാര്‍ത്തുവെച്ച ചോറ്റുകലം

നീര്‍ത്തിവെക്കാന്‍ മറന്നതായ്

കോന്തല വലിച്ചു കേറ്റി

ധൃതിപ്പെട്ടു

മറവി പോല്‍

മൃതിപ്പെട്ടു

വീടാകെ.