കടക്കാനില്ല സന്തോഷം
കെടുത്തുന്നേതു മങ്ങലും
കൊടുക്കുന്തോറുമേറുന്നീ-
ലൊരു പുഷ്പവുമെന്നിലെ.
വളഞ്ഞേറുന്നു ദൂരങ്ങൾ
വളർന്നെത്തുന്നു ദുഃഖവും
വിരിഞ്ഞൊട്ടികിടക്കുന്നൂ
മുലപ്പാൽ സ്വപ്‌നമിറ്റവേ...
കൊടുക്കാൻ കുഞ്ഞു ചുണ്ടിന്നായ്
കരുതീ,തവയൊക്കെയും
വേലിയേറ്റമിറങ്ങുംപോലെ-
ന്നെ വിട്ടു കുതിയ്ക്കയായ്.
മാനമില്ലാതെ ഭിക്ഷയ്ക്കായ്
കാലത്തെക്കാത്തു നിൽക്കിലും
അവനെപ്പോൽ പിശുക്കുള്ള
മുതലാളേ,ത് ഭൂമിയിൽ.
കുഞ്ഞിക്കാൽ കുഞ്ഞിവായാലേ-
നുണഞ്ഞീമ്പുന്ന കാണുവാൻ
മണ്ണു തൊട്ടുണരും മുൻപേ
എന്നെത്തൊട്ടു ചുരത്തുവാൻ
വീടിനേപ്പാതി കാടാക്കാൻ
ആടിനേയാനയാക്കുവാൻ
ഉരത്തനാവാലേ നക്കി-
ത്തുടച്ചുമ്പച്ചിയാകുവാൻ.
കറുത്തിടതൂർന്ന
ചുരുണ്ട മുടി കോതുവാൻ
കനത്ത മാറിൽ ചേർത്ത്
കനവാറ്റിയുറക്കുവാൻ.
മുറുക്കി വയ്ക്കുന്തോറും
വിരലിൻ വിടവൂടെയാ
മണ്ണിലേക്ക് മടങ്ങുന്നൂ
മണൽ പോലെ മണികളും.
പ്രപഞ്ചത്തിന്നൂഞ്ഞാൽക്കട്ടിൽ
തൊട്ടിലാക്കിയുറക്കിടാം
കണ്ണിലെത്തുന്ന ലോകത്തെ,
കവിയെ, കാട്ടുപൂവിനെ.
ചുഴിയിൽ നിന്ന് കാലത്തെ
മണലിൽ നിന്ന് മുത്തിനെ
ഭാവിയിൽ നിന്ന് ഭൂതത്തെ
തിരിക്കാൻ പോന്ന ശക്തികൾ
നമുക്കിന്നില്ല ലോകത്തിൽ
വെറുതെ തിരിയാം ജനം.
മരുഭൂവിൻ മുള, ആറ്റിൻ
കുത്തൊഴുക്കിൻ പഴുത്തില.