മൂന്നും കൂടിയ വഴിയിലെ

റബർ തോട്ടത്തിനരികിലെ

കുഞ്ഞു കപ്പേളയിൽ

ഒരു കുഞ്ഞു പെൺകുട്ടി

കരയുന്നു.


പതിവില്ലാതെ

കുറച്ചധികം ആളുകൾ പ്രാർത്ഥിക്കുന്നുണ്ട്

കുറച്ചധികം വെളിച്ചം തെളിഞ്ഞിട്ടുണ്ട്


വലിയ പള്ളികൾക്കിടയിൽ

കുഞ്ഞു കപ്പേളകൾ പോലെ

വലിയ ആളുകൾക്കിടയിൽ

കുഞ്ഞു കുഞ്ഞുങ്ങൾ പോലെ

വലിയ പ്രാർത്ഥനകൾക്കിടയിൽ

കുഞ്ഞു കരച്ചിലുകൾ.


പതിവുപോലെ രാത്രിയിൽ

പെൺകുട്ടിയുടെയച്ചൻ ഒരു ചട്ടി

ചൂരക്കറി മറിച്ചുകളയുന്നു.

പെൺകുട്ടിയുടെയമ്മ ഭിത്തിയിൽ തലയിടിക്കുന്നു.

പെൺകുട്ടിയിപ്പോൾ പ്രാർത്ഥിക്കാതെ തന്നെ കരയുന്നു.


പതിവുപോലെ രാത്രിയിൽ

ഒറ്റക്കുനിൽക്കുന്ന കപ്പേള

ആരുമില്ലാത്ത വഴി

ഇരുട്ടുനിറഞ്ഞ റബർ തോട്ടം.

പതിവില്ലാതെ

ഇരുട്ടിനുള്ളിലെ ഇരുട്ടിൽ ഒരു വെളിച്ചം.