പറക്കുന്നൂ വാനിലൂടെ

വരിതെറ്റാതെ പക്ഷികൾ

നനഞ്ഞ മണ്ണിൽ കാലൂന്നി

വഴിതെറ്റിയ നമ്മളും                      

 

വരഞ്ഞ വർണചിത്രങ്ങൾ

മഴവീണലിയുമ്പൊഴും

ഉടഞ്ഞ പടികളിൽനിന്നു

കൂട്ടുന്നൂ നിറങ്ങൾ നാം.


മഴയിലെൻ മിഴിയിലെപ്പെയ്ത്ത്

ചേർന്നലിഞ്ഞൊളിക്കവേ

നനഞ്ഞ ചുണ്ടിന്നുപ്പ്,

കടൽക്കാറ്റെന്ന് നിൻ മൊഴി. 


കുഴയുന്നൂ ചളിയിലെൻ കാൽ

പൊടുന്നെയകന്നു നീ

തുടരുന്നൂ കാറ്റിൻ വഴി

മഴമായ്ക്കാ നിറത്തിനായ്.

 

തിളങ്ങുന്ന നീലപ്പള്ളി

ആവിപാറുന്ന കോപ്പകൾ

ഉയരുന്ന ബാങ്ക് നാദം

നരയൻ താടിമീശകൾ.

 

നിൻ മുന്നിൽ ത്തെളിയുന്നൂ

ഞാനില്ലാ പൂമുഖങ്ങളും

നിന്റെ മാത്രമാം പഴയ

കാലത്തിന്റെ മുഴക്കവും.

 

എനിയ്ക്കന്യമാം ഭാഷ

ഞാൻ കാണാത്ത നിറങ്ങളും

ഇനിയൊട്ടുമറിയാത്ത

വഴി, വേഗവുമാഴവും.

 

പകച്ചു നിൽക്കുന്നൂ ഞാനീ

പഴയ ചളി നിരത്തിലായ്

കൺ തിരിച്ചു പറക്കുന്നൂ നീ

നിന്റെ നീലക്കിനാവിനായ്.