രക്തം പുരണ്ട ഉടലോടെ വഴിയിൽ നിന്ന്

മടിയിലേക്ക്

കയറിയിരുന്ന്

രണ്ടു കടിയും തന്നു

നായക്കുട്ടി ചോദിച്ചു.

"ന്റെ പേര് പയ്യാമോ "

പറയാനാഞ്ഞ സത്യം വിഴുങ്ങി

"ബാലഗോപാലൻ "

എന്ന് വെറുതെ ഒരു പേര് പറഞ്ഞു

ചോര കൊണ്ട് നനഞ്ഞ ചെവിയാട്ടി സന്തോഷത്തോടെ

"വാലൂ " എന്ന് അവൻ ആ പേരിനെ

നന്നായി ചെറുതാക്കി നക്കിത്തോർത്തി.


പിന്നെ,

വീട് നായക്കൂടായി

പ്രപഞ്ചം "കടിപ്പാട്ട"മായി

സമയം കുരകളാൽ

പലവട്ടം തകർക്കപ്പെട്ടു

യുഗങ്ങൾ നാലുകാലിൽ

ഓടിക്കൊണ്ടിരുന്നു.


പതുക്കെ,

ടാഗോറിന്റെ ആടിമാസം വന്നു.

"മഴകൊണ്ട് മൂടിയ സന്ധ്യയിൽ

മടിയിലിരുന്ന നായക്കുട്ടി ചോദിച്ചു:

"നാൻ അമ്മയ്ക്കാരാ?"


ഒരു ദേശത്തു നിന്ന്

മറുദേശത്തേക്ക്

ഓടിയോടിപ്പോകുന്ന

കോടിക്കണക്കിനു

നായക്കുട്ടികൾ

മനുഷ്യർ

കുഞ്ഞുങ്ങൾ

ഉരഗങ്ങൾ

സൂക്ഷമാണുക്കാൾ..


അവരുടെ

സമയവഴികൾ

യുഗഭ്രമണങ്ങൾ

പ്രപഞ്ച ക്രമങ്ങൾ

പലായനങ്ങൾ

അതിജീവനങ്ങൾ


അവരൊക്കെ ഈ ചോദ്യം

ഈ സന്ധ്യയിൽ

ഈ ആടിമാസയിരുള്ളിൽ

ആരോടൊക്കെ ചോദിച്ചിരിക്കുമെന്നോർക്കേ,


അതിനെല്ലാമുള്ള ഒറ്റയുത്തരമോർത്തു.

അതു പറയാതിരിക്കാൻ

"ദാ ഒരു ഉപ്പൻ പുളിഞ്ചി മരത്തിൽ "എന്ന് ചൂണ്ടി.

നായക്കുട്ടി ഓടി.

"അതിനെ നാൻ പേപ്പിച്

പാപ്പിച്ചു "

എന്ന് പറഞ്ഞ് അവൻ തിരിച്ചു വന്നു.

തന്റെ തകർന്ന കണ്ണ് വിടർത്തി

"നീ പറ അമ്മാ " എന്ന് അത് വീണ്ടും നിർബന്ധിച്ചു

അവന്റെ കണ്ണിൽ അപ്രിയസത്യം കേൾക്കാൻ

വിധിക്കപ്പെട്ടവന്റെ ചോദ്യം ക്രൂരതയോടെ തിളങ്ങി.


അങ്ങിനെ ഞാൻ അവന്റെ പേര് പറഞ്ഞു

"അഭയാർഥി"

നായക്കുട്ടിയുടെ ഒറ്റക്കണ്ണിൽ

കിഴുക്കു നിന്നും പടിഞ്ഞാറ് നിന്നുമുള്ള നിലവിളികൾ

തിരപോലെ വന്ന്

ഒഴുകാതെ മടങ്ങി

വിശ്വരൂപം കണ്ടു ഞാൻ പകച്ചു.


അപ്പോൾ

മുകളിൽ മഴക്കാറ് നീങ്ങി

പകുതി വെട്ടമുള്ള ചന്ദ്രൻ വന്നു

"വാലൂ ആണ്ടേ ഒരു പന്ത്"

ഞാൻ ചന്ദ്രന് നേരെ ചൂണ്ടി

"ദ് പൊട്ടീതാ. എച്ച് വേണ്ടാ"

അഭയാർഥി പറഞ്ഞു.