തോറ്റവർക്ക് എവിടേം ഇടങ്ങളില്ല.

ഞാൻ തോറ്റുപോയതിനാൽ

സ്‌കൂൾപടി കയറുമ്പോൾ

അച്ഛന്റെ കാലുകൾ

വിറയ്കുന്നത് കണ്ടു.


ഹെഡ്മാഷിന്റെ കൂർത്ത നോട്ടത്തിൽ

നൂറുശതമാനം തികയാത്തതിന്റെ

പകയുടെ പുകച്ചുരുളുകൾ,

കട്ടികണ്ണടയുടെ

ഇടയിലൂടെ അത്

തോറ്റവനെ ചുറ്റിവരിയുന്നു.


കണക്കുടീച്ചറുടെ

നോട്ടത്തിന്

ന്യൂനകോൺ പോലെ

അസ്സലായിട്ടുണ്ട് എന്ന ഭാവം.


ചിലന്തിവല നെയ്യുന്നത് നോക്കിനിൽക്കുന്ന

തോറ്റ രാജാവിന്റെ കഥ പറഞ്ഞു തന്ന

മലയാളം മാഷിന്റെ 

മുഖത്ത് പുച്ഛം.


രാസമാറ്റങ്ങൾ പറഞ്ഞു തന്ന

കെമിസ്ട്രി ടീച്ചറുടെ

രസമില്ലാത്ത ചിരിയിൽ

ദേഷ്യത്തിന്റെ സൂത്രവാക്യം

ഒളിച്ചിരിക്കുന്നു.


കൈ വിറയ്ക്കാതെ

ഹൃദയം വരയ്ക്കാൻ പഠിപ്പിച്ച

ബയോളജി മാഷിന്റെ നോട്ടത്തിൽ

എന്റെ ജീവൻ പോയപോലെ.


തോറ്റരാജ്യത്തിന്റെ

ചരിത്രം പറഞ്ഞുതന്ന മാഷും 

നൂറിൽ പിഴച്ചവനെന്ന

കുറ്റപ്പെടുത്തൽ.


ജയിച്ചവരുടെ

ആഹ്ലാദ ലഡു

വിതരണം ചെയ്യുന്ന

പ്യൂൺ അപ്പുവേട്ടന്റെ 

ദയനീയമായ നോട്ടം.


സ്‌കൂൾ മുറ്റത്തെ മാവിൽ

നീണ്ട ഞെട്ടിയിൽ

കാറ്റിലാടുന്ന മാങ്ങ നോക്കി നിന്നയെന്നെ

അച്ഛൻ നെഞ്ചോട് ചേർത്ത് പിടിച്ചു.


ഉരുക്കിയെടുത്ത നോട്ടങ്ങളുടെ

ചൂട് ആ നെഞ്ചിൽ.


മാർക്ക്ലിസ്റ്റുമായി

അച്ഛൻ തലകുനിച്ചിറങ്ങുമ്പോൾ

എന്നിൽ ജയമൊരു പകയായി

ജനിക്കുന്നുണ്ടായിരുന്നു.