നിശ്ശബ്ദത ഒരു കാടാകുന്നു

ഓരോ ഒച്ചയും താഴിട്ടുവച്ച

മരങ്ങൾ നിറഞ്ഞ കാട്.


ഒന്നുതുറന്നു മറ്റൊന്നിലേക്ക്

കടക്കുമ്പോൾ കൂരിരുട്ടിൽ

ഒച്ചകളെ കോർത്തുവച്ചു

നിലാവ് പുതച്ചുറങ്ങുന്ന കാട്.


കൊളുത്തുകൾ മാറ്റി

ജാലകങ്ങൾ തുറന്നിടുമ്പോൾ

ഉള്ളിലേക്ക് ഇരച്ചു കയറി

സൂഷ്മാണുവെ തിരയുന്ന

വെളിച്ചമെന്ന വാക്കാകും

ചിലപ്പോൾ നിശ്ശബ്ദത.


അഴിച്ചുവച്ച വാക്കുകളുടെ

ഉണങ്ങാത്ത മുറിവുകളുടെ

ഉതിരാത്ത നിശ്വാസത്തിന്റെ

പകുക്കാനാകാത്ത വേദനയും

നിശബ്ദത തന്നെയാണ്