കഴുത്തൊടിഞ്ഞതുമൂലം ഒച്ചയില്ലതെ കാറ്റുമത്രം വരുന്നൊരു പ്ലാസ്റ്റിക് പീപ്പി


ഓപ്പറേഷൻചെയ്ത് ലൈറ്റുകൾ നീക്കംചെയ്തതുകൊണ്ട്

തപ്പി തപ്പി ഉരുളുന്നൊരു ഇലക്ട്രിക് കാർ


കിടക്കുമ്പോൾ കണ്ണടയ്ക്കുന്ന കുപ്പായം കീറിപ്പോയൊരു പാവക്കുട്ടി


തീയിലിടുകയോ കിണറ്റിലെറിയുകയോ ചെയ്തതുകൊണ്ട് ഒരടയാളവും അവശേഷിപ്പിക്കാതെ അദൃശ്യമായ മറ്റുചില കളിക്കോപ്പുകൾ


കുട്ടികളുടെ 'വിനാശകരമായ' ഇത്തരം വികൃതികളെ

 എണ്ണിയെണ്ണി വിചാരണ നടത്താറില്ലെ നമ്മൾ


ഓർത്തിട്ടുണ്ടോ


ഹിരോഷിമ

ഹോളോകോസ്റ്റ്

ശ്രീലങ്ക

ഗുജറാത്ത്


എന്നിങ്ങനെ നാളെ അവർ എണ്ണം പഠിച്ചുതുടങ്ങുമ്പോൾ

നാണം മറയ്ക്കാൻ എന്തുടുക്കുമെന്ന്?