വക്ക് പരുത്ത കരിങ്കല്ലുകൾ

ചെത്തിയും മിനുക്കിയും

ചേർത്തി വെച്ച്

മതിൽ തീർത്തപ്പോൾ

പിറന്നത്

രണ്ടു രാജ്യങ്ങളാണ്

പിരിഞ്ഞത്

ഇടവേളകളിലെ കുശലങ്ങളാണ്.


ഉമ്മറത്തെ

ചാരുകസേരയിലെ

ചുണ്ടു ചുകന്ന

മരക്കാര്ക്ക മരിച്ചോന്നറിയില്ല.


കൊത്തിച്ചിക്കി

കൗസൂന്റെ കോഴി

വെളുപ്പിനെത്താറില്ല.


അടുക്കളക്കള്ളൻ

കുറുഞ്ഞി പൂച്ച

കറുമ്പനെ കാണാതെ

നിലം പൊത്തിക്കിടപ്പാണ്.


കുഞ്ഞാമിനക്ക്

പേറ്റ് നോവേറിയപ്പോൾ

നഴ്സ് വന്നിരുന്നു.

കഷ്ണത്തുണി അലക്കാൻ

ആളില്ലാത്തതറിഞ്ഞ്

ലോൺട്രി വീട്ടുപടിക്കലെത്തി.

ഉപ്പ് തീർന്നതറിഞ്ഞ്

ആമസോണും.


നിലാവ്

രാവിനോട് പിണങ്ങിയതിൽ പിന്നെ

മിന്നാമിനുങ്ങുകൾ

വെട്ടമണച്ച്

ഉള്ളിലിരിപ്പാണ്.


ഋതുക്കൾ

മാറിമാറി വന്ന്

അങ്ങേലെ തൈമാവ് വളർന്ന്

ചില്ല വിടർത്തി

ചിലപ്പോഴൊക്കെ

ഇല പൊഴിക്കാറുണ്ട്

എന്റെ മുറ്റത്ത്.