(നെല്ലിയോടാശാന്, നമ്മെ വിസ്മയിപ്പിച്ച പലർക്ക്)


 അത്രമേൽ ചെറുതാകും ചുണ്ടപ്പൂവാകാശത്തി -

 ലുഗ്രമായ് ജ്വലിക്കുന്ന തീക്കട്ടയാകുംപോലെ

 അത്രമേൽ മൃദുവാകും മന്ത്രണം പ്രപഞ്ചത്തെ

 ഞെട്ടിക്കുമിടിനാദപ്പൊട്ടലായ് മാറുംപോലെ

 രാവിൻ്റെ തിരശ്ശീലത്തലപ്പത്തൊരു കുറ്റി-

 ച്ചാമരമുയരുന്നൂ ഭീതി പെയ്തലറുന്നൂ.


 എന്നിലെയുപബോധവനത്തിൽ, തളച്ചിട്ടോ-

 രുന്മദം, ത്രിഗർത്തനായ്, ചങ്ങലമുറിച്ചേറു-

 മുന്നതവീര്യത്തോടെ "യെന്നാലോ കാണട്ടെ"യെ-

 ന്നെന്നോടുതന്നെ, പോരിൻ കലിമൂത്തടുക്കുന്നൂ.


 ഇത്തിരിക്കല്ലായ് ലോകമമ്മാനമാടാമെന്ന

 തൃഷ്ണയിൽ, മനസ്സൊരു കിഷ്ക്കിന്ധയാക്കിത്തീർക്കേ

 ഞാനല്ലാതാരുണ്ടെന്ന തോന്നലിൻ ഒളിയമ്പ്

 മാറിലാണ്ടനങ്ങാതെ കിടപ്പൂനിലാവത്ത്.


 പൊരുളും പൊയ്യും പിരി ചേർന്നൊരു കുടൽമാല

 വഴിയിൽ വലിച്ചിട്ടു പാതിരാ മടങ്ങവേ

 പുലരിത്തുമ്പാൽ ചുട്ടി തട്ടിയിട്ടൊരാൾ ഒന്നു-

 ചെറുതായ് കൂനി, ചിരിവരമ്പിൽ നടക്കുന്നു.

 ഞാനല്ല ഞാനല്ലൊന്നുമെന്നുള്ള ഭാവം കുറ്റി-

 ച്ചാമരംവയ്ക്കാനെറ്റിത്തടത്തിൽ തിളങ്ങുന്നൂ!