ഇപ്പോൾ

ഒച്ചയില്ലാതെ

അവളുടെ വീട്.

വെളിച്ചമില്ലാതെ

മുറികൾ

അടുക്കള

ഉമ്മറം,

ഇടനാഴി.

തേങ്ങലമർത്തി

കട്ടിൽ,

കിടയ്ക്ക.

വിതുമ്പി വിതുമ്പി

തോരാനിട്ട തുണികൾ,

കഴുകാൻ വെച്ച പാത്രങ്ങൾ,

കിണറ്റിൻകര,

അലക്കുകല്ല്,

സോപ്പ്.

ചുമരിൽ തൂക്കിയിട്ട ബാഗിൽ

കണ്ണീരിൽ നനഞ്ഞ് പുസ്തകങ്ങൾ

കണ്ണു തുടച്ച് അക്ഷരങ്ങൾ

നിറങ്ങൾ മാഞ്ഞ് ചിത്രങ്ങൾ

കരച്ചിലുണങ്ങി ഒരു തൂവാല

പിന്നെ,

പ്രണയിക്കുന്ന പുരുഷന്റെ

ചിരിക്കുന്ന ഫോട്ടോ.

ഇപ്പോൾ

മിണ്ടാട്ടമില്ലാതെ

കൂട്ടിൽ തത്ത,

കൂട്ടുപോകാറുള്ള നായ,

കുറുഞ്ഞിപ്പൂച്ച.

മണ്ണിൽ ഈച്ചയാർത്ത്

പുഴുവരിച്ചു കിടക്കുന്ന

ഒരു ഇറച്ചിക്കഷണം

കണ്ടിട്ടും കാണാതെ

മാവിൻകൊമ്പിൽ കാക്ക.

കൊത്തിക്കൊത്തി

ഇരുട്ടു വെളുത്തില്ലെന്ന്

ചിന്തയിൽ കറുപ്പുകുത്തി

കവിപ്രിയൻ, കാക്ക.


ഇപ്പോൾ

അവൾ നടന്നുപോയ വഴിയിൽ

കെട്ട വെളിച്ചത്തിന്റെ മണം

കനലൊളിച്ച് ഒരു കരിക്കട്ട

കാറ്റൊളിച്ച് ഒരു മരം.