എന്റെ മാറിൽ പറ്റിക്കിടന്ന്
വിമ്മിക്കരഞ്ഞ് എന്റെ
അമ്മിഞ്ഞ കുടിക്കുന്നു അവർ.
പഴയ പോലെ തന്നെ
നിറം മങ്ങിയ
ഇളം റോസു നിറ-
ച്ചേലയാണുടുത്തിരിക്കുന്നത്
ഇരുവശത്തേക്കും
വകഞ്ഞ് ചീകിയ മുടിയുടെ
മുൻഭാഗം രണ്ടും
നരച്ചിട്ടുണ്ട്.
വെളുത്ത അളകങ്ങൾ
കാറ്റിൽ ഇളകുന്നുണ്ട്.
സോപ്പുപത
കൈക്കുമ്പിളിലെടുത്ത പോലെ
കഴുത്തിൻ പിന്നിൽ മുടി.
നീളം കുറഞ്ഞ വീതിയുള്ള
ചുണ്ടു വിടർത്തി
ചിരിക്കുമ്പോൾ
കവിളിലിരുവശത്തും
നുണക്കുഴികൾ
തെളിയുന്നുണ്ട്.
കണ്ണുകൾ ചെറുതാകുന്നുണ്ട്.
അവർക്കു കുഞ്ഞുങ്ങൾ
ഇല്ലെന്ന ദുഃഖം!
കരഞ്ഞു കൊണ്ടേ
അവർ മുല കുടിച്ചു.
എനിക്കും അതേ ദുഃഖം
എന്റെ
അമ്മയെപ്പോലെയെങ്കിലും
ഞാനവരെ
എന്റെ
നെഞ്ചോടു ചേർത്തു.
ദുഃഖം
കുറയ്ക്കാനെന്നോണം
അവരെന്റെ
മുലകൾ മാറി മാറിക്കുടിച്ചു.
ഞാൻ
അവരുടെ പുറത്തു
കൈ ചേർത്തു കൊട്ടി .
പാതിയടഞ്ഞ
കണ്ണുകൾക്കു കീഴെ
കണ്ണീര്!
കൈയ്യെടുത്തു തുടച്ചു.
കൈയിൽ നനവ്.
എനിക്കുകുഞ്ഞുങ്ങളുണ്ടല്ലോ
എന്നോർത്തു കണ്ണു തുറന്നു !
മാറിൽ ആരോ കനപ്പെട്ടു കിടന്നതിന്റെ
വേദന!