എവിടെയോ സ്വയം

നഷ്ടപ്പെട്ടു പോയ ഒരാളാവണം

ബുദ്ധന്‍.

അതോര്‍ത്തെടുക്കുകയാവണം

അയാളെപ്പോഴും.

നമ്മളയാളെ

അരയാല്‍ത്തണലിലിരുത്തി.

ധ്യാനമെന്നു വാഴ്ത്തി.

തിരിച്ചെടുക്കാനാവാത്ത ഒരാളെ

അത്രയും ഗൂഢമായി

തിരയുകയായിരുന്നു അയാളെന്ന്

ആരറിയാന്‍?

വീടും കുടിയും

തന്‍റേതെന്നൂറ്റം കൊണ്ടതെല്ലാം

അയാള്‍ക്കതിനായി

ഉപേക്ഷിക്കേണ്ടി വന്നു.

അവനവനെത്തിരയുകയെന്നതെത്ര

ക്ലിഷ്ടസാദ്ധ്യമായ യജ്ഞമാണെന്ന്

അവനവനു പോലും

തിരിച്ചറിയുക അസാദ്ധ്യം.

ശരിയാണ്,

നമ്മളൊന്നും ബുദ്ധനാവാത്തത്

തിരിച്ചെടുക്കാനാവാത്ത

അവനവനില്‍ത്തന്നെ

ജീവിക്കുന്നതിനാലാവാം.

ഒരു മിഥ്യാധ്യാനത്തില്‍.

അത്രയും എളുപ്പത്തില്‍

ബുദ്ധനാവാമെങ്കില്‍

പിന്നെന്തു ബുദ്ധന്‍?