പാതിയമ്പറത്ത്, കോണിച്ചോട്ടില്,
വരാന്തേടറ്റത്തതുമല്ലെങ്കിൽ
മിണ്ടീം പറഞ്ഞും ചെടിയോൾടെടക്ക്...
പറഞ്ഞു വന്നത്
അമ്മയെ കുറിച്ചാണ്
തട്ടിയും തിണർത്തും മുറിഞ്ഞും ഉരഞ്ഞും
വീട് മുഴുക്കെ എത്തിയിരുന്ന
ചില്ലകളെ കുറിച്ച്
അമ്മയുള്ളിടത്ത്
തളിരിന്റെ മിനുപ്പ്
വിരുന്നു മര്യാദ
നാട്ടുചികിത്സ
ദേവിയോടുടമ്പടി
റേഡിയോപ്പാട്ട്
സകലതും കനിവ് നിറഞ്ഞത്
എന്തിനും തോത് അമ്മയെന്ന് അച്ഛൻ,
വീടിന്റെ താപനിലയെന്ന് ഞാൻ,
അമ്മ പിണങ്ങിയാൽ
ക്രമം തെറ്റി മിടിക്കുന്ന
ഹൃദയമുണ്ടെനിക്കെന്ന് വീടും
താരാട്ടുമ്പോൾ
പണ്ടുറങ്ങാതെ വെച്ച
കൺപോളകളെന്നെക്കാക്കു
മിരവുകളിനിയില്ല,
മനക്കണ്ണാലിനി
യാരുമുഴിയില്ല.
അത്രമേൽ സ്നേഹിക്കയാൽ
തൊടിയിലലിഞ്ഞിട്ടും
വീട്ടിലെവിടെയും
തളിരുനീട്ടുന്നു
😍