ഏറ്റവും ഇഷ്ടപ്പെട്ട വൈലോപ്പിള്ളിക്കവിതകളിൽ ഒന്ന് മാത്രമാണ് "ഊഞ്ഞാലിൽ".തിരുവാതിരക്കാലമായ കാരണം കവി പ്രൊഫ. മധുസൂദനൻ നായർ, രാജീവ് കാറൽമണ്ണ തുടങ്ങിയവർ പാടിയത് അടക്കം ഒരു പാട് വീഡിയോ /ഓഡിയോ ആവിഷ്കാരങ്ങൾ വരുന്നതിനാൽ വീണ്ടും അത് വിരിഞ്ഞു വിരിഞ്ഞു വരുന്നു എന്നെ ഉള്ളൂ....ഊഞ്ഞാലിൽ എന്നാണു കവിതയുടെ പേര് എന്നത് തന്നെ ഒരു പാട് അർത്ഥവഴികൾ ഉണ്ടാക്കുന്നു.ഊഞ്ഞാൽ എന്ന രൂപകം വളരെ പ്രാചീനമല്ല.മറ്റു പല വസ്തുക്കളും ക്രിയകളും ജീവിതത്തിനു ഉപമാനമായി സ്വീകരിക്കാറുണ്ട് ഇന്ത്യൻ തത്വചിന്ത.സത്രം,പെരുവഴിയമ്പലം ,ജലപ്പോള ,ഉദയാസ്തമയം,വിളക്ക് തെളിയലും കെടലും ,രാപ്പകലുകൾ ,രാപ്പാറ്റകൾ ,കിളികൾ ,തല കീഴായി നിൽക്കുന്ന വൃക്ഷം,ചക്രം,ആരക്കാലുകൾ,രഥം എന്നിങ്ങനെ ഉള്ള രൂപകങ്ങൾ സമൃദ്ധം .പക്ഷെ ദേവീ ഭാഗവതത്തിൽ സുന്ദോപസുന്ദന്മാരുടെ കൊട്ടാരത്തിനടുത്തുള്ള പൂന്തോട്ടത്തിൽ പൊന്നൂഞ്ഞാലിൽ ആടുന്ന ദേവിയെ കാണാം,രൂപകം അല്ല യാഥാർത്ഥം. അതല്ലാതെ ഊഞ്ഞാലിനെ ജീവിതത്തിന്റെ സുഖദുഃഖങ്ങളും ഉയർച്ച താഴ്ചകളുമായി ഇത്ര മനോഹരമായി ലയിപ്പിക്കുന്ന ഒരു കാവ്യഭാഗം പഴയ കാവ്യങ്ങളിൽ കാണുന്നില്ല.

 

 എന്നാൽ നാടോടിപ്പാട്ടുകളിൽ ഊഞ്ഞാൽപ്പാട്ടുകൾ എന്ന ഒരു വിഭാഗം തന്നെ പണ്ട് കാലത്ത് പഴയ തമിഴിൽ ഉണ്ടായിരുന്നു അത് പോലെ ഊഞ്ഞാൽപ്പാട്ടുകൾ എണ്ണപ്പാട്ടുകളായി പിന്നീട് മലയാളത്തിലും ഉണ്ടായി.ഒന്നേ ഒന്നേ പോ എന്ന് തുടങ്ങുന്ന പാട്ടുകൾ. മലയാളത്തിൽ  കളികളോട് ബന്ധപ്പെട്ട പാട്ടുകൾ വേറെയും ഒരുപാടുണ്ട്.അമ്മാനപ്പാട്ട്,തലയാട്ടപ്പാട്ട്,തുമ്പിപ്പാട്ട്,കണ്ണാരം പൊത്തിപ്പാട്ട് തുടങ്ങിയവ. എന്നിട്ടും ഉയരുകയും താഴുകയും ചെയ്യുന്ന ആ ചലനത്തെ ജീവിതത്തിന്റെ ഗതിവിഗതികളുമായി ബന്ധിപ്പിക്കുന്ന ചിന്ത ഉണ്ടായില്ല. മുൻപ് പറഞ്ഞ പോലെ, അതാണ് ഊഞ്ഞാലിൽ എന്ന കവിതയുടെ പേരിന്റെ സൂചന..ഊഞ്ഞാൽ എന്നല്ല കവിതയുടെ ശീർഷകം എന്ന് പ്രത്യേകം ഓർക്കണം- ഊഞ്ഞാലിൽ എന്ന ജീവിതാവസ്ഥ തന്നെ! വെറും ഊഞ്ഞാലല്ല ,ആരോ ഇരുന്നാടുന്ന ആരോ തള്ളി വിടുന്ന, രണ്ടു പേരും ഒന്നായി ഒരു ക്രിയയിൽ പങ്കാളികളാവുന്ന ജീവിതത്തെ ആദ്യമേ ആ പേര് സൂചിപ്പിക്കുന്നു. പൊങ്ങുകയും താഴുകയും ചെയ്യുന്നത് ഊഞ്ഞാലിൽ ഇരിക്കുന്ന ഭാര്യ മാത്രമല്ല ,അങ്ങോട്ടും ഇങ്ങോട്ടും അതായത് ഭൂതകാലത്തേക്കും ഭാവിയിലേക്കും   പൊന്തി അവിടെ ഒന്ന് തൊടാനാവാതെ,  തിരിച്ചു വന്നാലോ   ഒരു മാത്ര സ്ഥിതി [STAGNANT /സ്ഥിരം ]ഭാവത്തിൽ ഇരിക്കാൻ , അഥവാ ഒന്ന് ഇരിപ്പിനെ തൊടാൻ , അതായത് ഉറപ്പുള്ള കർമം ചെയ്യാനാഗ്രഹിച്ചിട്ടും പറ്റാത്ത  മനുഷ്യരുടെ മനസ്സാണ്. സത്യം പറഞ്ഞാൽ പുരുഷന്റെ മനസ്സാണ്. ബോധാബോധങ്ങളിലേക്കും പ്രാചീന,സമകാലികതകളിലേക്കും ഉയിർപ്പിലേക്കും മടുപ്പിലേക്കും ജന്മാന്തരങ്ങളിലൂടെ അനുഭവചരിത്രത്തിലൂടെ ആടുകയാണത്.


 കവിത ഒരു വട്ടം എങ്കിലും വായിക്കുമ്പോൾ ഇതല്ല ഒരു മാവും ,ഒരു ആതിരാരാവും മുപ്പത്കൊല്ലം മുൻപുള്ള ഒരു പ്രണയ രാത്രി വീണ്ടെടുക്കാൻ കൊതിക്കുന്ന ഒരു മധ്യവയസ്കനുമാണ്.[ഒരു പക്ഷെ അയാൾ വൃദ്ധൻ തന്നെയാവാം. ] കാമിനി,നവവധു നൂറു വെറ്റില തിന്ന പ്രണയഭരിതമായ പൂത്തിരുവാതിര നാളിൽ നിന്ന്  ഒരു വെറ്റില എങ്കിലും നൂറു തേചുതന്നാലും, എന്ന യാചനയോളം ദൈന്യം കലർന്ന ഒരു പ്രതീക്ഷയാണത്.താംബൂലം പ്രണയത്തേക്കാൾ രതിയോട് അടുത്ത്നിൽക്കുന്നു.നമ്പൂതിരിപ്പെൺകിടാങ്ങൾക്ക് വെറ്റില തിന്നാൻ അനുമതി കല്യാണത്തിന് ശേഷം മാത്രമായിരുന്നു.സുഗന്ധ പൂരിതമായ ചുംബനങ്ങൾ,അധര പാനം തുടങ്ങിയവക്ക് വേണ്ടിയാണ് ഈ വെറ്റില തിന്നൽ.മുറുക്കൽ അല്ല “മൂന്നുംകൂട്ടൽ”.യക്ഷിമാർ വെറ്റിലയിൽ തേക്കാൻ നൂറു ചോദിക്കുന്നതും മറ്റൊന്നും കൊണ്ടല്ല .കാമിനിമാർ വെറ്റില കൊടുത്തും,വെറ്റിലയിൽ എന്തോ ആകര്ഷകമന്ത്രവാദം ചെയ്തും തങ്ങൾ കൊതിക്കുന്നവരെ ആകർഷിക്കാൻ ശ്രമിക്കാറുണ്ട്.ലവണാസുരവധം കഥകളിയിലെ മണ്ണാത്തിയും മണ്ണാനും അവതരണ രീതി ഒന്ന് ഓർക്കുക.വെറ്റില മംഗളകരം ആയതു ഈ ആകർഷണ സുഗന്ധ ഔഷധം കൊണ്ട് കൂടിയാണ്.നൂറ്റൊന്നു തളിർവെറ്റില ചവച്ചു തിന്നൽ വിവാഹത്തിന് ശേഷം വരുന്ന ആദ്യ തിരുവാതിരക്ക് ആണ്. പൂത്തിരുവാതിര എന്ന് കാവ്യാത്മകമായും പുത്തൻ തിരുവാതിര എന്നും ഇതിനെ വിളിക്കുന്നു. “മൂന്നും കൂട്ടി മുറുക്കിയിമ്പത്തിൽ മേളം കൂട്ടി മേടയിൽ വാഴുന്ന"ജന്മിയോ, കവിയോ,പണക്കാരനോ ,സുഖിമാനോ ആയ ഒരാളുടെ കുറ്റബോധവും  കയ്പ്പും  സ്നേഹം കൊണ്ട് മായ്ക്കാനാണീ നൂറു തേച്ച വെറ്റില എന്ന് കൂടി തോന്നാം.


അന്ന് /അപ്പോൾ   “അശ്രുനീരോ ചെറുതുമിനീരോ” എന്ന് ഈ കാമുകന് ചോദിക്കേണ്ടി വരുന്നില്ല.കാരണം അയാൾ ഭർത്താവാണ് ,അയാളുടെ അധികാരം കലർന്ന ആനന്ദരാവ് ആണത്.വെറ്റിലയുടെ ഔഷധ വീര്യം , കാമത്തിന്റെ ഉമിനീരിന്റെ കൂടെ കലർത്തുന്ന ,തളിര് വെറ്റിലകൾ  [യക്ഷി പ്രാണൻ എന്നോണം] ചവച്ചു തുപ്പുന്ന രാത്രിയാണത്..ഈ മുപ്പത് വർഷങ്ങൾക്ക് ശേഷം ഒരു വെറ്റിലക്ക് വേണ്ടി  അയാൾ അഭ്യര്ത്ഥിക്കുന്നു.അവരെ ചൂഴ്ന്നു നിൽക്കുന്നത് രതി        [സെക്സ് ]ഇല്ലാത്ത മരവിപ്പ് തന്നെയാണ്.പക്ഷെ ഭൂമി ചിരിക്കുന്നു മധുരമായി.നര ചൂഴ്ന്ന അവർക്ക് ചിരിക്കാൻ വയ്യ ,മഞ്ഞു തൂവുന്ന ഭൂമിക്ക് മധുരച്ചിരി കൈമോശം വന്നിട്ടില്ല. കാരണം മനുഷ്യൻ നിർമിച്ച  [അൻ തന്നെ ] പ്രകൃതിയിൽ നിന്ന് ഏറെ അകന്ന സംസ്കാരം തന്നെ.


മാമ്പൂവിന്റെ നിശ്വാസം ഏറ്റ് ഓർമ്മകൾ മുരളുന്നു.ജീവിത മധുമാസത്തിലേക്ക് ,നാം രണ്ടാളും [ആണും പെണ്ണും]ചെന്നെത്തുന്ന.കാഴ്ച പൂകൽ ആണ്. നാം പൂകുകല്ലീ വീണ്ടും എന്നാണല്ലോ വരി. പൂകുക ,പൂണുക എന്നതിന് ഒരർത്ഥം ആണ്. അവിടെ എത്തുക എന്ന്.പൂണൽ ഒരു ആണ്ടുള്ള കെട്ടിപ്പിടിത്തം കൂടിയാണ്.പൂണ്ടടക്കം എന്ന് കേട്ടിട്ടില്ലേ?എത്തുന്നതും ആലിംഗനം ചെയ്യുന്നതും ഒരു പോലാണ്.അറിയാതെ കണ്ണ് കെട്ടി നടത്തി കൊണ്ട് പോകുന്നത് ജീവിതത്തിന്റെ യൗവനത്തിലേക്ക്,വസന്തത്തിലേക്ക്.ഓർമ്മകൾ വണ്ടായി മുരളുകയാണ്.വണ്ടുകൾക്ക് മുരണ്ടു മൂളി പാറൽ ആണല്ലോ ഇഷ്ടം. ആശാന്റെ, കുസുമാന്തരലോലനായി പൂവിനെ ചതിച്ച ശഠൻ തന്നെ. മാത്രമല്ല കാമദേവന്റെ സഖാവാണ് വസന്തം.മധുസഖനാണ്‌ കാമൻ.അയാളുടെ അഞ്ചമ്പുകളിൽ ഒന്ന് മാംപൂവാണ്‌.അയാളുടെ വില്ലിന്റെ ഞാൺ വണ്ടിൻ നിരയാണ്.മധുകരമയിയായ ഞാൺ.കുമാരസംഭവം തീർച്ചയായും നമുക്ക് ഓർക്കാതിരിക്കാൻ ആവില്ല,ശാകുന്തളത്തിൽ വിരഹിയായ ദുഷ്യന്തൻ വസന്തോത്സവം നിരോധിച്ചപ്പോൾ മാവുകൾ പൂങ്കുലകൾ അകത്തേക്ക് വലിക്കുന്നുണ്ട്.പൂക്കൾ സുഗന്ധവും പൂമ്പൊടിയും ഒളിച്ചു വെക്കുന്നുണ്ട്.എത്ര എത്ര ഓര്മ വേരുകളാണ് പൊട്ടുന്നത് വെറും ആറു വരികളിൽ. മധുരം,മധു എന്നവാക്കുകൾ അങ്ങനെ പുഞ്ചിരിക്കുന്നത് നോക്കൂ. അതെ വീണ്ടും വീണ്ടും ഇനി വരാനിരിക്കുന്ന കാളിദാസനും കുമാരനാശാനും.


അതാ  പുഞ്ചിരിക്കുകയാണ് പൊന്നാതിര രാവ്..ആ മധുമാസ /ധനുമാസ  രാത്രിക്ക് മാറ്റമില്ല.നീ അന്ന് ഇതേ പോലെ ആയിരുന്നു. എന്ന് ഭർത്താവ് ഓർക്കുന്നു…..മന്ദസ്മിത മുഗ്ദ്ധ! നമ്മുടെ ഒരു പരമ്പാരാഗത നായിക കൂടിയാണ് മുഗ്ദ്ധ. നാട്യ ശാസ്ത്രത്തിലും അഭിനയ സാര സമ്പുടം എന്ന ഭരതനാട്യ ഗ്രന്ഥത്തിലും മുഗ്‌ദ്ധ എന്ന നായികയെ അവതരിപ്പിച്ചിട്ടുണ്ട്  മുഗ്‌ദ്ധക്കുള്ള നിർവചനം നോക്കുക. സ്വകീയ എന്ന നായികാ വിഭാഗത്തിൽ മൂന്ന് പേരുള്ളതിൽ ഒന്നാണ് മുഗ്ധ.ആർദ്രയും യൗവ്വനയുക്തയും ആ യൗവന ഭാവം തുളുമ്പുന്നവളുമാണ്,പാവവും നല്ലവളുമാണ് മുഗ്‌ദ്ധ . വാക്കിന്റെ അർഥം എടുത്താൽ സുന്ദരിയായ ചെറിയ സ്ത്രീ, അത്ര ബുദ്ധിമതിയല്ലാത്ത പ്രേംനസീർ വിളിയിലെ ഒരു മണ്ടിപ്പെണ്ണ് എന്നൊക്കെയാണർത്ഥം.

.

അതായത് അഭിലാഷവും നാണവും പപ്പാതിയുള്ള ഒരു കന്യകയായിരുന്നു അവൾ.ഇരുപത് വയസ്സിനു താഴെയുള്ള കൗമാരക്കാരി.മധുരപ്പതിനാറ്‌ ,പതിനേഴു ഒക്കെയാണ് മുഗ്ദ്ധ എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. മഞ്ഞാൽ ചൂളിയ രാവാണ് ഇന്നെങ്കിൽ അന്ന് തൂമഞ്ഞും മധുവും വെളിച്ചവും ഇറ്റുന്ന രാവായിരുന്നു. തൂ എന്ന ഒറ്റ അക്ഷരമായി നിൽക്കുന്ന ആ വാക്ക് മലയാളത്തിന്റെ സുന്ദര സമ്പാദ്യമാണ്.തൂമ എന്ന വാക്കിനു പകരം വെയ്ക്കാനും മറ്റൊന്നില്ല.വെളുത്ത,കറ പുരളാത്ത,മിന്നുന്ന,തെളിഞ്ഞ,ആന്ദിപ്പിക്കുന്ന ഒന്നാണ് ഈ തൂ.തൂ നിലാവ്,തൂ വെണ്മ,തൂ മഞ്ഞ ...നോക്കു ആ “തൂ” ചേർന്ന മഞ്ഞിന് എന്ത് അഴകാകും.ആ തൂ മഞ്ഞും,വെളിച്ചവും ,തേനും ഇറ്റിറ്റ് വീഴുന്ന രാത്രിയായിരുന്നു ആ പൂത്തിരുവാതിര രാത്രി.ശിവ പാർവതീ സങ്കല്പം,പാതി ഉടൽ പകുക്കുന്നത് അതിനെ ദീപ്തമാക്കുന്നത്.

ഇറ്റിറ്റുന്ന മധു എന്തിന്റെ ഒക്കെ ആണ് എന്നത് പ്രണയം,രതി,കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കാൽ വെയ്ക്കുന്ന പ്രായം ഒക്കെ ചേർത്തു വെച്ച് ആലോചിക്കൂ. സൗന്ദര്യ ലഹരിയിലെ പ്രപഞ്ചം സിഞ്ചന്തീ എന്നൊക്കെ ഉള്ള പ്രയോഗങ്ങൾ ഓർക്കാതെ വയ്യ.


സുധാധാരാസാരൈ ചരണയുഗലാന്തർവിഗളിതൈ

പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ । പത്താം ശ്ലോകം]

 എന്ന ശ്ലോകം ചരണങ്ങളുടെ നടുവിൽ നിന്ന് ഒഴുകുന്ന അമൃതിനെ പറ്റി പറയുന്നു.ദേവി ആ മധു കൊണ്ടാണ് പ്രപഞ്ചം മുഴുവൻ സേചനം ചെയ്യുന്നത്, നനയ്ക്കുന്നത്.സൃഷ്ടിയുടെ മധു ആണത്. അത്തരം ഒരു ഭാവാന്തരീക്ഷത്തിലാണ്,തേനിൽ കുഴഞ്ഞാണ് ആരും കാണാതെ ഇരുന്ന്          ആ നവവധൂവരന്മാർ രാത്രി മുഴുവൻ ഊഞ്ഞാലാടുന്ന രംഗം ഒരുക്കിയിരിക്കുന്നത്. അത് കാണാനും ഭാവനയിൽ അറിയാനും എത്ര മനോഹരമാണ്.


ആ മുതുമാവ് ഇന്നും ഓർത്തു പൂക്കാൻ.ഈ മുതു മാവ് അല്ല ആ മുതുമാവ് ആണെന്ന് പ്രത്യേകം ഓർക്കണം.അന്ന് തന്നെ ആ മാവ് മുതുമാവ് ആയിരുന്നു. അന്ന് ഇവർ പുതു ദാമ്പത്യക്കാർ.അത് മുതു തന്നെ.ഇവർ ഇന്ന് മുതു മനുഷ്യർ.മാവിനോ മാറ്റമില്ല. അതായത് അന്ന് മനുഷ്യർക്ക് യൗവനം,പുതുക്കം;മാവിന് മുതുക്കത്തരം! ഇന്നോ നേരെ മറിച്ചായി ! .മാവിന് ഇന്നും പൂക്കാൻ കഴിയുന്നു. ഉണ്ണിയുടെ കളിക്കൊതി ഇല്ലായിരുന്നെങ്കിൽ അതിൽ ഒരൂഞ്ഞാൽ ആരും കെട്ടില്ലായിരുന്നു.പേരക്കുട്ടിക്ക് വേണ്ടിയാണത്.ഈ വയസ്സരുടെ മകളും ഭർത്താവും/ മകനും ഭാര്യയും എവിടെ?അവർക്ക് അത്ര വയസ്സൊന്നും ആയിട്ടില്ലല്ലോ.യൗവനം ,ശാരീരിക തൃഷ്ണകൾ ധാരാളം.എന്നിട്ടോ? അവരായിരുന്നില്ലേ ഇവിടെ ഊഞ്ഞാലിൽ ആടേണ്ടിയിരുന്നത്? പേരക്കുട്ടിക്ക് വേണ്ടി മാത്രമാണ് ഊഞ്ഞാൽ കെട്ടപ്പെട്ടത്.നൽകുടുംബിനി ആയി ദൂരെ നഗരത്തിൽ താമസിക്കുന്ന ആ മകളുടെ കുട്ടിയാണോ ഇത്?അറിയില്ല,പക്ഷെ നഗരത്തിലെ നൽകുടുംബിനിയുടെ ജീവിതം വേറെ എന്തോ ആണ്.ആനന്ദം അല്ല എന്നുറപ്പ്.അവളുടെ ജീവിതവിജയം അല്പം അഭിമാനത്തോടെ പറയുകയാണ് ഈ അച്ഛൻ എന്ന് നമുക്ക് തോന്നാം.ഉറപ്പാണോ?!


ആ ഉണ്ണി നേരത്തേ ഉറക്കമായീ ,കളിച്ചു തകർത്തു തന്നെ ആവും.ഉണ്ണി എന്ന് ആണിനും പെണ്ണിനും പറയും. അതായത് ആൺകുട്ടിക്കും പെൺ കുട്ടിക്കും .ദേശവ്യത്യാസം,ജാതി വ്യത്യാസം അനുസരിച്ചു സന്ദർഭം കൊണ്ട് ലിംഗ വ്യത്യാസം നിർണ്ണയിക്കാൻ മാത്രമേ കഴിയൂ. .തൃശൂരിൽ പെണ്ണിന് ഉണ്ണി എന്ന് പറയാറുണ്ട്.ഉണ്ണിക്കിടാവ് എന്ന് പറഞ്ഞാലും പെൺകിടാവ് തന്നെ. ഒരു പക്ഷെ അടുത്ത നൽകുടുംബിനി ആവേണ്ട കുട്ടി ആയിരിക്കും.എന്തായലും ചിരിച്ചു തുള്ളും ബാല്യം ആണ്,ചിന്തയില്ലാതെ അത് ഉറങ്ങട്ടെ. വീശുമീ നിലാവിന്റെ വശ്യ ശക്തിയാൽ ആ മുതുക്കൻ തന്തയ്ക്ക് ഒരു ആശ ഉണ്ടാവുന്നു.പണ്ടത്തെ പോലെ നീ ഈ ഉഴിഞ്ഞാൽപ്പടിയിൽ വന്നു ഇരിക്ക്.തിരമാലയെ തെന്നൽ പോലെ ഞാൻ നിന്നെ ആട്ടാം തിരമാല ഉണ്ടാക്കുന്നതിൽ പോലും തെന്നലിനു ചെറിയ പങ്ക്‌ ഉണ്ട്..തെന്നൽ എന്നാൽ ഇളം കാറ്റാണ്.കല്ലോലം വലിയ തിരമാലയല്ല,അതായത് കല്ലോലിനി കടൽ അല്ല പുഴയാണ്.അയാൾക്ക് അവളുടെ ഉടലിൽ ചില നേർത്ത ചലനങ്ങൾ ,ഇളക്കങ്ങൾ ഉണ്ടാക്കാൻ ആഗ്രഹം,അത്രയേ അവർക്ക് കഴിവും ഉള്ളൂ.

പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം

മാങ്കനികളിൽ നിന്ന് മാമ്പൂവിൽ എത്തിച്ചേരാൻ

 എന്ന ഈരടിയാണ് ഈ എട്ടുവരികളിൽ ഏറെ പ്രശസ്തവും പ്രസക്തവും .അത് പല പാട് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ശരിക്കും മാമ്പൂക്കൾ ആണ് മാമ്പഴം ആകുന്നത്.മാങ്കനി ആവാൻ നിർത്താതെ പൂങ്കുല തല്ലിക്കൊഴിച്ചതിനാണല്ലോ മാമ്പഴത്തിലെ അമ്മ കുട്ടിയെ ശകാരിക്കുന്നത്.അപ്പോൾ മാങ്കനികളിൽ നിന്ന് മാമ്പൂവിൽ എത്തുന്നത് തല തിരിഞ്ഞ യാത്രയല്ലേ.അമ്മയുടെ മുല ഉപേക്ഷിച്ചു കൗമാര കാമുകിയുടെ ചുരുള്മുടിയുടെ സന്തോഷ സൗന്ദര്യത്തിലേക്ക് വരുന്ന കാലം. ‘തീറ്റക്കൊതിയുള്ള കാലഘട്ടത്തിൽ നിന്ന് ശ്രുംഗാരപ്രധാനമായ കാലഘട്ടത്തിലെത്തിച്ചേരാൻ’ എന്ന ശുഷ്കമായ ഒരു അടിക്കുറിപ്പ് കവി തന്നെ കൊടുത്തിട്ടുണ്ട്.


ആണിനും പെണ്ണിനും തേൻപഴത്തിനു പകരം പൂങ്കുലകൾ പ്രധാനമാവുന്നത് കൗമാരത്തിലാണ്.സ്ത്രീകൾ പക്ഷെ വേഗം പഴം,ഫലം,കതിര്,തീറ്റ എന്നിവയുമായി പൊരുത്തപ്പെടും.പെട്ടെന്ന്പെറ്റ് പോറ്റുന്നവൾ ആകും.അവളുടെ മുലകൾ പിന്നെ ഇന്ദ്രിയപരതയെക്കൾ പോഷണപരതയിൽ പെടും.ഭർത്താവിന് പോലും മുൻപുള്ള കൗമാരക്കാരിയെ പിന്നെ ഒരിക്കലും തിരിച്ചു കിട്ടില്ല.അയാളുടെ അമ്മയും കാമുകിയും കളിക്കൂട്ടുകാരിയും ഒരുമിച്ചാണ് നഷ്ടപ്പെടുന്നത്. വാസ്തവത്തിൽ കല്യാണത്തിൽ നമുക്ക് മാമ്പൂ വിരിയുന്ന മഞ്ഞുമധു പൊഴിയുന്ന കാലം ലഭിക്കുന്നില്ല.അന്നും ഈ കവിതയിലെ വക്താവിന്‌ അത് കിട്ടീട്ടില്ല.ബാല്യത്തിലെ  മാമ്പഴ മധുരങ്ങൾ മറന്ന് രതിയുടെ ഒരു വിമുഗ്ദ്ധ സൗന്ദര്യ സങ്കല്പം അന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല


മുന്നെപ്പോലെ എന്ന ആ വാക്കിന്റെ അർഥം എന്താണ്.എനിക്ക് മുന്നെപ്പോലെ ആശ തോന്നുന്നു എന്നോ, മുന്നെപ്പോലെ നീ ഒന്ന് ഊഞ്ഞാൽപ്പടിയിൽ ഇരിക്കൂ എന്നോ..അതോ രണ്ടുമോ.എന്തായാലും യക്ഷികളെ പോലെ നിലാവ് കണ്ടപ്പോൾ പുറത്തു ചാടിയ ഒരാശ മാത്രം ആണത്.. ഭാര്യ ചിരിക്കുന്നു,യൗവനത്തിൽ എന്ന പോലെ ഒരു മനോഹര സ്മിതം! അവൾക്ക് മാമ്പൂ മണക്കുന്ന മുഗ്ദ്ധ കുമാരി ആവാൻ അപ്പോഴും കഴിഞ്ഞിട്ടില്ല.അങ്ങനെ ഇരുന്നാലും എന്ന് പറയുമ്പോൾ അതാ അവൾ വന്നിരുന്നു കഴിഞ്ഞു.ഊഞ്ഞാൽപ്പടിയിൽ തങ്ങിയ ചെറു വെള്ളിത്താലി പോലെ ഇരുന്നാലും എന്ന് വീണ്ടും പറയുന്നു."തണുത്ത രജതപാത്രം"പോലുള്ള  സ്പർശം ആണ് ,താലി കൊണ്ട് മാത്രം ഘടിപ്പിക്കപ്പെട്ട ഒരു ബന്ധം ആണ്,കടമ മാത്രമാണ് എന്നൊക്കെ ഞാൻ അതിൽ ഇന്ന് വായിക്കുന്നു. അതല്ലെങ്കിൽ നരച്ച മുടി ഉണ്ട് എന്ന് മാത്രമല്ലാതെ ആ ഉപമക്ക് വലിയ പൊരുത്തം,സമാനഭാവം ഇല്ല.തനിത്തങ്കത്താലി എന്നോ ചെറു പൊന്നിൻ താലി എന്നോ കവിക്ക് പറയാവുന്നതാണ്....കാരണം വെള്ളിത്താലി പോയിട്ട് വെള്ളി ആഭരണങ്ങൾ പോലും ഉപയോഗിക്കുന്ന ജാതികൾ കേരളത്തിൽ കുറവാണ്.പക്ഷെ നരച്ച മുടിയുടെ ചേർച്ച കൊണ്ട് വെള്ളിത്താലി എന്ന് പറഞ്ഞു എന്നാണെങ്കിൽ ആ ഉപമക്ക് വലിയ സൗന്ദര്യമോ ദൃശ്യച്ചേർച്ചയോ ഇല്ല.....അപ്പോൾ മഹാകവി കുമാരനാശാന്റെ മൃതിയെ വെള്ളിയോട് ഉപമിച്ച ആ കാവ്യസ്‌മൃതിയും ,താലി എന്ന വിവാഹത്തിന്റെ ഔപചാരിക രേഖയോടുള്ള പരിഹാസവും വേദനയും ആണ് അബോധപരമായി ആ വാക്കുകളുടെ പിന്നിൽ പ്രവർത്തിച്ചത് എന്ന് ഞാൻ കരുതുന്നു.


അന്ന് അയാൾ അവളുടെ വയർ കിക്കിളി ആക്കിയിരുന്നു.ഇന്ന് അവൾ, ഒന്നോ രണ്ടോ ,പെറ്റു; തടിച്ചു .കൃത സന്തതി , സ്ഥൂല എന്നൊക്കെസംസ്‌കൃത ഭാഷയിൽ  മറച്ചു വെച്ചാലും പെറ്റപ്പോൾ തടിച്ചു വീർത്ത ഒരു ഭാര്യ മാത്രം അവൾ.അയാളുടെ കൈകൾ വാർദ്ധക്യത്താൽ മെലിഞ്ഞു................................അപ്പോഴും അയാൾക്ക് “മുന്നെപ്പോലെ” ഒരു ഓര്മ,സ്വപ്നം തന്നെ.

സദാചാര ബന്ധിതമായ,ആസക്തിയോ രതി താല്പര്യമോ ഇല്ലാത്ത തണുത്ത ദാമ്പത്യത്തിൽ അന്നത്തെ ആ മായിക രാത്രി മാത്രമേ അയാൾക്ക് സന്തോഷം പകരുന്നുള്ളൂ.അതിന്റെ ഓർമ്മ  കൊണ്ട് എല്ലാം മായ്ക്കാൻ അയാൾ ശ്രമിക്കുകയാണിവിടെ സ്വർണ്ണം അല്ല വെള്ളിയാണ് അവരുടെ സ്നേഹം. ഈ സമയത്ത് എന്തിനാണ് നൽ കുടുംബിനിയായ മകളെ ഓർക്കുന്നത്?അതും വൻപെഴും നഗരത്തിൽ താമസിക്കുന്നവൾ?അവിടെ നൂറ്റൊന്നു വെറ്റില തിന്നാലോ മാവോ ഊഞ്ഞാലോ ഒന്നും ഉണ്ടാവാൻ ഇടയില്ല.പക്ഷെ അമ്മയെപ്പോലെ അവളും നൽകുടുംബിനിയാണ്.പോയ വര്ഷങ്ങളെയും കുടുംബ ജീവിതത്തെയും ഓർത്തു കാലം പോയല്ലോ എന്ന് സൂചിപ്പിക്കാൻ അല്ല ആ നൽ കുടുംബിനി പ്രയോഗം.


‘നിയമം നിറവേറ്റൽ, നയം ,അഭിനയം’ ഒക്കെ ചേർന്ന ദാമ്പത്യമാണല്ലോ ആവർത്തിക്കുന്നത് എന്ന ഖേദമാണ് അത്    .. ആതിരപ്പെണ്ണിന്നാടാൻ അമ്പിളി വിളക്കേന്തും  ആയിരംകാല്മണ്ഡപം പോലുള്ള പഴയ സംസ്കാരമാണോ അയാൾക്കിഷ്ടം?.പാഴ്മഞ്ഞ്,പഞ്ഞം ഇവ കൊണ്ട് ചൂളി വിറയ്ക്കുന്ന നാട്ടിൻപുറപ്പെണ്ണുങ്ങൾ കൈകൊട്ടിക്കളിപ്പാട്ട് പാടുന്നു കേട്ടില്ലേ എന്നാണു അയാൾ ചോദിക്കുന്നത്.പഞ്ഞതിന്റെ കാരണത്തിലേക്ക് വൈലോപ്പിള്ളിക്ക് വരാതെ പറ്റില്ല.രണ്ടാം ലോക മഹായുദ്ധം വിതച്ച പട്ടിണിയാണത്.അത് കവി തന്നെ അടിക്കുറിപ്പ് ആക്കീട്ടുണ്ട്. പച്ചയും ചുവപ്പും കണ്ണുകളുമായി പോർവിമാനം വേട്ടപ്പക്ഷി പോലെ പായുന്നു എന്ന് ഒന്ന് സൂചിപ്പിച്ചിട്ട് ഉടനെ അത് ഒരു ദുസ്സ്വപ്നം പോലെ മാഞ്ഞു പോകും എന്നും തിരുവാതിരനക്ഷത്രം മാത്രം തീക്കട്ട പോലെ മിന്നും എന്ന് കവി ഉറപ്പിച്ച്‌ പറയുകയാണ്.ഉറപ്പില്ലായ്മ കൊണ്ടുള്ള ഭീരുതയാൽ ഭരിക്കുന്നവരായ നമ്മൾ പറയുകയാണ് ഈ ചുവന്ന താരം ജ്വലിക്കും എന്ന്.ഏറിയ ദുഖത്തിലും ജീവിതാനന്ദം കാണുന്നത് നാട്ടിൻപുറത്തല്ലാതെ എവിടെയാണ്?പിന്നെയുള്ള നാലുവരികൾ നെഹ്രുവിയണിസത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സംയുക്ത രൂപമാണ് ..കൃത്യവും കൃത്രിമവുമാണത്.വൈലോപ്പിള്ളിയുടെ വളരെ അധികം ആവർത്തിക്കപ്പെട്ട വരികളാണവ.

പ്രത്യേകിച്ച്


മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും

മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും

ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ

ഉഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം

 എന്ന സോവിയറ്റ് വിശ്വാസം പോലൊരു തീനാളം.ചോര തുടിക്കും ചെറുകയ്യുകൾ ഏന്താനായി കവി നീട്ടിപ്പിടിക്കുന്ന പന്തം


"ആലപിക്കുക നീയും അതിനാൽ മനം നൃത്തലോലമാക്കുന്ന കല്യാണി കളവാണി "എന്ന് പിന്നെപറയുന്നു. ആ കല്യാണി കളവാണി ഒരു കൈകൊട്ടിക്കളിപ്പാട്ടാണ്.ദുഷ്യന്തൻ കണ്വാശ്രമത്തിൽ ശകുന്തളയെ കാണുന്ന സന്ദർഭമാണ്.മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഓര്മ കൃത്യമല്ലേ എന്ന് പരിശോധിക്കാൻ പലരോടും ചോദിച്ചിട്ട് 87 വയസ്സായ നടുവിൽ വീട്ടിൽ സരോജിനിയമ്മയാണ് വരികൾ പാടിത്തന്നത്.


"കല്യാണി കളവാണി ചൊല്ല് നീയാരെന്നതും

കല്യേ നീ ആരുടേയ പുത്രിയെന്നും

നിൻ മൂലമെനിക്കുള്ളിൽ മന്മഥ വിവശത

ചെമ്മേ വന്നുദിക്കുന്നു നിർമ്മലാംഗീ

കന്യകയത് കേട്ട് മന്ദമൊന്നുര ചെയ്തു

കണ്വ മാമുനിയുടെ സുതയല്ലോ ഞാൻ .." കണ്ടപ്പോൾ തന്നെ മന്മഥ വിവശത,അവൾ മദാലസ ആയിട്ടല്ല,നിർമ്മലാംഗി തന്നെയാണ്!


കണ്വൻ ബ്രഹ്മചാരിയല്ലേ എന്ന് ദുഷ്യന്തൻ ചോദിച്ചപ്പോൾ മേനകയു ടെയും വിശ്വാമിത്രന്റെയും കഥ പറയുന്നു.കെട്ടുപൊട്ടിച്ച കാമത്തിന്റെ കഥ പാടുന്ന ആ പാട്ടിൽ നിന്നാണ് പിന്നെ വൈലോപ്പിള്ളി ആ മുറ്റം പഴയ കണ്വതപോവനമാക്കുന്നത്. അപ്പോൾ കാലം മാറി.എന്നുടെ ഒച്ച വേറിട്ട് കേട്ടോ എന്ന് ചോദിക്കുന്ന കാമുകിയായി,കന്യകയായി ഭാര്യ മാറുന്നു.ആ സംഗീതം കണ്ഠനാളത്തിൽ ഇളകുന്ന പൊൻ കമ്പികളാണ്,വെള്ളിയല്ല.!പാട്ടിന്നീരടികൾ തൻ വള്ളിയിൽ ആണ് പിന്നെ കവി! അങ്ങോട്ടും ഇങ്ങോട്ടും കരൾ ആടുന്നു,ഓടുന്നു,ചായുന്നു.മനോഹരമാണാ വരികൾ.മാവിലെ കയറൂഞ്ഞാലിനെ അത് ഒരു ഇന്ദ്രിയാനുഭവം ആക്കുന്നു.ഭൂതത്തിലേക്കും ഭാവിയിലേക്കും ഒരു പാട് തരത്തിൽ അത് ഓടുന്നു.ഇപ്പോഴത്തെ വൃദ്ധതയിൽ നിന്ന് അന്നത്തെ യൗവനത്തിലേക്ക്,ആ യൗവനത്തിൽ നിന്ന് കണ്വാശ്രമത്തിലേക്ക് ,അന്നത്തെ കാടും മാനും കാട്ടുപെണ്ണും ....വെൺ നര കലർന്നവളല്ല എന്റെ പെണ്ണ്.കന്യകയായ ഒരു ആശ്രമ കന്യകയാണ്. പെണ്ണാണ്.ആരോമലാൾ ആണ് അവൾ അയാൾക്ക് .ഉടമ്പടിയോ ഉടമസ്ഥതയോ അല്ല പ്രേമവും കാമവും കൊതിയുമാണ്.എട്ടു വരികളിൽ ആവേശഭരിതമായി അയാൾ ദുഷ്യന്തൻ ആകുന്നു.അയാൾ എത്ര ആഗ്രഹിച്ചിട്ടുണ്ട് ആ വേഷം കെട്ടാൻ! നാട്ടുമ്പുറത്തെ ഇഷ്ടപ്പെട്ട അയാൾ അതിൽ നിന്നും പിന്നോട്ട് പോയി ഗാന്ധർവ്വ വിവാഹം സമ്മതമായ കാട്ട് ലോകനിയമങ്ങൾ ഇഷ്ടപ്പെടുന്ന പ്രാചീനതയിൽ അഭിരമിക്കുന്നു. പ്രകൃതിയിലെ മുല്ലവള്ളി പൂക്കുന്ന പോലെ,നിലാവ് പൊഴിയും പോലെയാണ് അവിടെ രതി മോഹങ്ങൾ ഉണരുന്നത്.കാട്ടിൽ തളിർ പോലെ ഉദിക്കുന്ന ഒരു അടുപ്പം,ആകർഷണം.. പക്ഷെ അതിൽ നിന്ന് വീണ്ടും പൗര സമൂഹത്തിന്റെ ,സർവാത്മനാ സജീവിതത്തെ സ്നേഹിക്കുന്ന ജീവിതമോദം കടന്നു വരുന്നു.ആമോദം സുഗന്ധവും ആനന്ദവും ആയി പെട്ടെന്ന് സർവർക്കും യോജിക്കുന്നതാവുന്നു.അവിടെ സോവിയറ്റു നാടിന്റെ മണം പൊന്തുന്നു.

ഈ തിരുവാതിര ചുവന്ന താരകയല്ല,വെണ്മയാർന്ന പട്ടിൽ ആ സന്തോഷം പൊതിഞ്ഞു സൂക്ഷിക്കുന്ന അപ്സരോവധുവാണ് എന്നത് എങ്ങനെ യോജിപ്പിക്കേണ്ടു എന്നറിയുന്നില്ല കവിക്ക്..മേനകയെയോ ശകുന്തളയെയോ ഒരു നിയമവും ഇല്ലാത്ത ഉടലുകളുടെ ചേർച്ചയെയോ ആണ് വയസ്സൻ ആഗ്രഹിക്കുന്നത്.മുൻപും ,ഇന്നും,അതായത് യൗവനത്തിലും കൗമാരത്തിലും വാർധക്യത്തിലും അയാൾ കൊതിക്കുന്നത് അതാണ് അത് കൊണ്ടാണ് ഇന്ന് രാത്രിയിൽ കാട്ടുന്ന ചില ചാപല്യങ്ങൾ നാളെ പകൽ സമയം ഓർത്തു നാം ലജ്ജിക്കുമോ എന്നയാൾ ചോദിക്കുന്നത്. അതല്ലെങ്കിൽ സ്വന്തം ഭാര്യയെ ഊഞ്ഞാൽ ആട്ടിയാൽ നാണിക്കേണ്ട കാര്യമുണ്ടോ? യുക്തിയിൽ മനുഷ്യ സ്നേഹിയും സമൂഹ നന്മക്കാരനും ആയ അയാൾക്ക് തന്റെ ഉള്ളിലെ വിരുദ്ധ ചായ്‌വുകൾ സമന്വയിക്കാൻ പറ്റുന്നില്ല..യുക്തിപരതയും ഇന്ദ്രിയപരമായ ദാഹങ്ങളും തമ്മിലുള്ള സമരമാണ് ആ വൈരുധ്യം.യുദ്ധം പോലും ധാര്മികതയിൽ ഉള്ള ഇത്തരം വിള്ളലുകളാണ് എന്ന് വേട്ടപ്പക്ഷിയുടെ, യുദ്ധ വിമാനത്തിന്റെ പച്ചയും ചുവന്നതുമായ വെളിച്ചം സൂചിപ്പിക്കുന്നു. .

.

നാനാതരം വേലയെക്കാട്ടും പകൽ വേള എന്ന പ്രയോഗത്തിലും  അധ്വാനത്തിന്റെ അഭിമാനം ഉണ്ട്.പകലും രാത്രിയും അയാൾക്ക് വേറെ വേറെ ആണ്,എല്ലാവർക്കും എന്ന പോലെ. യാഥാർഥ്യം, ഒന്ന് മനുഷ്യസ്നേഹം സമത്വം എന്നിവയുടെയും മറ്റേത് രതിമോഹത്തിന്റെയും അപ്സരസ്സു പോലുള്ള ഒരു പെണ്ണിന്റെ ലാവണ്യത്തിനോടുള്ള കൊതിയുടെയും ആണ്.അയാളുടെ ഭാര്യയും മകളും എല്ലാം മാന്യതയും അന്തസ്സും ഉള്ള കുടുംബിനികളാണ്.അവർക്ക് രതി ഉജ്വലമോ തിരപോലെ ആഞ്ഞടിക്കുന്നതോ ഒന്നുമല്ല.തെന്നൽ ആട്ടുന്ന കല്ലോലം പോലെ വളരെ നനുത്തതാണ്.നാഗരികകൾ അല്ലാത്ത സ്ത്രീകളും ചിലപ്പോൾ ആഗ്രഹിക്കുന്നത് പാട്ടു പോലെ പട്ടായ സ്പർശം ആണ് എന്നായിരിക്കുമോ?.പുരുഷന് സ്വന്തം ദേഹത്തിന്റെ ശക്തിയുള്ള അൽപ്പം ആക്രമണോല്സുകമായ ആഗ്രഹവും.യഥാർത്ഥത്തിൽ പ്രണയ കവിതയല്ല ,പ്രണയ നഷ്ടത്തിന്റെ വിഷാദം പ്രകാശിപ്പിക്കുന്ന കവിതയും അല്ല ഇത്.


 ഉള്ളിൽ ഒറ്റക്കാവുകയും, പുറത്തു അനേകരോട് ചേരുന്ന ആൾക്കൂട്ടം ആവുകയും ചെയ്യുന്ന വൈലോപ്പിള്ളിയെ പോലുള്ള ഒരു പുരുഷന്റെ തോൽവിയുടെ പ്രഖ്യാപനം ആണിത്.റൊമാന്റിക്കും സ്വപ്നാടകനും രതി മോഹം ഒരു ചെപ്പിലടച്ച കൊടുങ്കാറ്റ് പോലെ സൂക്ഷിക്കുന്ന ആളുമാണ് ആഖ്യാതാവ്.അയാൾ തോറ്റ ആളാണെങ്കിലും അത് മഹത്വവൽക്കരിക്കുന്നു,അയാൾ പാർക്കുന്ന നഗരത്തെക്കാൾ പാവങ്ങളുടെ പഞ്ഞം നിറഞ്ഞ ഗ്രാമം അയാൾ ഇഷ്ടപ്പെടുന്നു.യഥാർത്ഥത്തിൽ അയാൾ സംസ്കാരത്തെ വെറുക്കുന്ന താന്തോന്നിയാണ്,ഒരു സഹ്യന്റെ മകൻ.

ഈ കവിതയുടെ അവസാന വരികളും പ്രശസ്തം.

എന്തിന് ,മർത്യായുസ്സിൽ സാരമായത് ചില

മുന്തിയ സന്ദർഭങ്ങൾ അല്ല മാത്രകൾ മാത്രം

എന്ന് അയാൾ തന്റെ നിസ്സഹായമായ താൽക്കാലികതയെ,അസ്ഥിരതയെ ആഘോഷിക്കുന്നു.മർത്യൻ മരിക്കുന്നവനാണ്.അവൻ മരണ യാത്രികൻ.പക്ഷെ ചില മുന്തിയ തരം അമൂല്യമായ മാത്രകൾ ,നിമിഷങ്ങൾ ഉണ്ടത്രേ !...അതിൽ ചിലമാത്രകളാണ് ഈ ഊഞ്ഞാൽ എണ്ണിയത്. നീ ഒരു പാട്ടും കൂടി പാടി നിർത്തുക,പോകാം എന്ന് ഠപ്പേ എന്ന് കവിത അവസാനിക്കുന്നു.അപ്പോൾ അവൾ മുൻപ് പാടിയിരുന്നു?കല്യാണി കളവാണി പാടിയത് അയൽപെണ്ണുങ്ങൾ അല്ലെ. കെട്ടുകളെല്ലാം അഴിക്കുന്ന,അയക്കുന്ന ഒരു പാട്ട് അയാൾ ആഗ്രഹിച്ചു,അത് ഭാവനയിൽ അവൾ പാടിയതായി അയാൾ കൽപ്പിക്കുന്നു.ഇല്ലാത്ത ഒരു പെണ്ണിന്റെ ഇല്ലാത്ത പാട്ടു ആണ് അയാളെ നിർവചിച്ചത്..

                                 

അയാൾ യുക്തിവാദിയും സാമൂഹ്യ ചിന്തകനും നല്ലവനും പുരോഗമ വാദിയുമായ ഒരു പുരുഷൻ ആയിയാണ് തന്നെ സ്വയം കാണുന്നത്.പക്ഷെ അയാളിലെ ആദിമ ജീവി സ്വതന്ത്ര സെക്സ് ആഗ്രഹിക്കുന്ന ഒരു പുരുഷനാണ് താനും.സങ്കൽപ്പത്തിൽ മാത്രം സ്വസ്ഥനാകുന്ന അയാൾ ഇനി എന്ത് ചെയ്യും? അതാണ് ഊഞ്ഞാലിൽ എന്ന കവിതയിലെ ഞുള്ക്ക് വേല.ഒന്നും സത്യമല്ല,ആദ്യം തൊട്ട് അവസാനം വരെ അത് അലഞ്ഞു തിരിയുകയാണ് ഭിക്ഷ തേടി.മനുഷ്യർ രണ്ടായി പിളർന്നു പരസ്പരം ഒളിച്ചു കളിക്കുകയോ വേട്ടയാടുകയോ ചെയ്യുന്നതാണോ ജീവിതം എന്ന പിടി കിട്ടാ ചോദ്യം പൊന്തി വരുന്നു.


ഊഞ്ഞാൽ എന്ന പ്രതീകം വാസ്തവത്തിൽ ഒരു പ്രാചീനതമ ആദിപ്രരൂപം തന്നെയാണ്.തത്വ ചിന്തയിലല്ല ജനന ത്തുടർച്ചയിലാണ്‌ അതിന്റെ നിലനിൽപ്പ്.അമ്മയുടെ ഗർഭപാത്രത്തിലെ സാന്ദ്രജലത്തിൽ ഇളകുന്ന കുഞ്ഞിന്റെ ചലനത്തെ അനുകരിക്കാനാണ് നാം തൊട്ടിലുകൾ ഉണ്ടാക്കിയത്.ഗര്ഭാവസ്ഥയെ പുനരുൽപ്പാദിപ്പിച്ചു കൊണ്ട് കുഞ്ഞിനെ പൊരുത്തപ്പെടുത്തുകയാണ് ,പുതിയ ലോകവുമായി പരിചയപ്പെടുത്തുകയാണ് തൊട്ടിൽ ചെയ്യുന്നത്.അതിന്റെ ലീലാത്മകമായ പുതിയ രൂപമാണ് ഊഞ്ഞാൽ.പ്രാചീന തമിഴിൽ അത് മുന്നോട്ടും പിന്നോട്ടും പോകുക എന്ന അർത്ഥത്തിൽ ക്രിയാ പദം ആയി ഉപയോഗിച്ചിരുന്നു എന്ന് പ്രമുഖ കവി സുകുമാരൻ പറഞ്ഞു തന്നു.മലയാളത്തിൽ ബന്ധപ്പെട്ട ക്രിയാപദം ഇല്ലാ എന്ന് തോന്നുന്നു,നാമ പദം തന്നെ ക്രിയാപദത്തെ ഉള്ളടക്കിയിരിക്കയാണല്ലോ.ബാല്യത്തിലെ ഊഞ്ഞാലല്ല കൗമാരത്തിലെയും യൗവനത്തിലെയും ഊഞ്ഞാൽ.മുകളിലേക്ക് ഉയരുന്നതും കുതിച്ചു മറ്റൊരു ലോകത്തേക്ക് കടക്കുന്ന തോന്നൽ ഉണ്ടാക്കുന്നതും ശരീരത്തിന്റെ കുതിപ്പുകൾ/രതി ചോദനകൾ തന്നെയാണ്.മണ്ണും വിണ്ണും തൊടാത്ത ,അപ്പോൾ മാത്രം നിലനിൽക്കുന്ന എവിടേ എന്ന് തീർത്തു പറയാൻ പറ്റാത്ത ആനന്ദമാണ് ഊഞ്ഞാലിൽ നിന്ന് നമുക്ക് കിട്ടുന്നത് എന്നർത്ഥം.എല്ലാ ആനന്ദവും ക്ഷണഭംഗുരമാണ് എങ്കിലും അതിലും അൽപ്പായുസ്സാണ് ഊഞ്ഞാലിന്റെ സന്തോഷം.രതി ബന്ധത്തിലെ ദേഹ ചലനങ്ങളെയും രതി മൂർച്ഛയിലേക്ക് നയിക്കുന്ന ആന്തരിക വൈകാരിക യാത്രകളെയും ഓര്മ്മിപ്പിക്കുന്ന സുന്ദര പ്രതീകമാണത് എന്നർത്ഥം.അമ്മയുടെ ഉദരത്തിൽ നിന്ന് കാമുകിയുടെ ഉദരത്തിലേക്ക് ആണ് ഊഞ്ഞാൽ ആടുന്നത്.വൈലോപ്പിള്ളിയുടെ ഭാവനയിലെ മാതൃ സ്വരൂപഘടന എം.എൻ വിജയൻ തുടങ്ങി പലരും പഠിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഉദരത്തെ പ്രത്യേകം പറഞ്ഞതിൽ ഈ വൈകാരികയാത്രയുടെ ഗൂഗിൾ മാപ് കിടപ്പുണ്ട്.


നമ്മുടെ മകളിപ്പോൾ നൽ കുടുംബിനിയായി ഒരു വലിയ നഗരത്തിൽ താമസിക്കുന്നത് എടുത്തു പറയുന്നത് ഈ സംസ്കാരം നിർമിക്കുന്ന സ്ത്രീമാതൃകകൾ ,ആവർത്തിക്കുന്ന ഓരോ തലമുറയും പൊക്കിക്കാട്ടുന്ന ബന്ധങ്ങൾ,ഒട്ടും ശരിയല്ല എന്ന് പറയാനാണ്.പ്രച്ഛന്ന കൃഷ്ണനാണ് ഈ ശ്രീധരൻ.രാമനായി അഭിനയിക്കാൻ വിധിക്കപ്പെട്ട ഒരു കൃഷ്ണൻ.നിഗൂഢലിപികളിലും അമൂർത്തഭാഷയിലും പോയി മറഞ്ഞ ഏതോ പഴയ കാട്ടു ഭാഷയിലും എഴുതിയതാണ് ഈ കവിത.പത്തു നാൽപ്പത് വർഷത്തെ ഉപാസന കൊണ്ടാണ് ഈ മൂർത്തി എനിക്ക് തെളിഞ്ഞത്! മറ്റു പൂച്ചെടി തിന്നുന്നത് കാട്ടിലെ സ്വാഭാവിക നിയമം മാത്രമല്ലേ എന്നിയാൾ മുറുമുറുക്കുന്നു.

 എന്നാൽ ഇയാൾ ആഭാസനല്ല,ഒരു ദുഷ്യന്തൻ പോലുമല്ല.വെറും ഒരു റൊമാന്റിക്ക് ആണ്.ചങ്ങമ്പുഴ ആവില്ലെന്ന് വാശിപിടിച്ച കവിയുടെ ഉറപ്പുകൾ ഒളിച്ചിരുന്ന് ആടുകയാവാം ആ ഊഞ്ഞാലിൽ.അതോ വലിയ രതിക്രീഡകൾ ഒന്നും ചെയ്യാൻ താല്പര്യമോ കഴിവോ ഇല്ലാത്ത ,തെന്നൽ കല്ലോലത്തെ എന്ന പോലെ പെണ്ണിനെ ഊഞ്ഞാലിൽ ഇരുത്തി ആട്ടാൻ മാത്രം ആഗ്രഹിക്കുന്ന സൗമ്യദുർബലനും ആവാം.എന്തായാലും അയാളുടെ വിഷാദവും ഏകാകിതയുമാണിതിന്റെ കാതൽ.പ്രസന്ന പ്രണയം അല്ല.ഉയിരിൻ കൊലക്കുടുക്ക് ആക്കാതെ ജീവിതത്തെ ഒരു ഉഴിഞ്ഞാൽ ആക്കിയതിൽ അയാൾ ആശ്വാസം കൊള്ളുന്നത്‌ ഹിംസയെ പേടിക്കുന്നത് കൊണ്ടാണ് ,വെറുക്കുന്നതും കൊണ്ട് കൂടിയാണ്.നിസ്സഹായത കൊണ്ട് പതിവ് പോലെ ജീവിക്കുന്ന,ജീവിതം മരണം വരെ നീട്ടുന്ന ഒരു സാധാരണ മനുഷ്യന്റെ അടക്കി വെച്ച സ്വപ്നാനുഭൂതി മാത്രമാണ് ഊഞ്ഞാലിൽ എന്നർത്ഥം.


കേരളം വളർന്ന രീതിയുടെ ,നമ്മുടെ വികസന മാതൃകയുടെ ഒരു ചിത്രം കൂടിയാണിത്.സാമൂഹ്യ മനുഷ്യരുടെ വളർച്ചയും ആന്തിരിക മനുഷ്യരുടെ മുരടിപ്പും ആണെന്ന് ചുരുക്കി പറയാം.പ്രത്യേകിച്ചും കുടുംബ വ്യവസ്ഥ ,സ്നേഹബന്ധത്തിനും ലൈംഗികാനന്ദങ്ങൾക്കും ഒരു പ്രാധാന്യവും നൽകാതെ , വീട് പരിപാലനം, [തറവാട് അല്ല] ആരോഗ്യം ,വൃത്തി,വിദ്യാഭ്യാസം,ശിശുപരിപാലനം, സ്വന്തം വരുമാനം ഇവയിലൊക്കെ ശ്രദ്ധ നൽകുകയും മാനസികാരോഗ്യ മേഖല അവഗണിക്കപ്പെടുകയും ചെയ്തു,സ്ത്രീകളും പുരുഷന്മാരും വെവ്വേറെ ജീവിച്ച ആ ജീവിതം ഉണ്ടാക്കിയ കയ്പുകളും വെറുപ്പുകളും വേദനകളും മുറിവുകളും ചരിത്രത്തിൽ കാണില്ല.അത് ഒളിച്ചു വെക്കുന്നതിന്റെ ഭാഗമായി ,അബോധപൂർവം വൈലോപ്പിള്ളി എഴുതിപ്പോയ വരികളും "കഴിഞ്ഞതല്ലേ ജയം? "എന്ന സാമൂഹ്യമനുഷ്യരുടെ സുരക്ഷയും വിജയാഹ്ളാദവും കൊടിയേന്തിയ ബോധ പൂർവം എഴുതപ്പെട്ട വരികളും ഊഞ്ഞാലിൽ എന്ന കവിതക്ക് ആഴം കൂട്ടി എന്നാണു ഞാൻ പറയാൻ തുടങ്ങിയത്.അടുക്കടുക്കായി പല "ടെക്സ്റ്റ്കളും" നമ്മൾ വായിക്കാൻ, അതിൽ ഊഞ്ഞാലാടുകയാണ് ;പിടിച്ചെടുക്കാൻ നാം കൂടെ ആടണം.യുക്തിചിന്താ /ബാഹ്യ മലയാളിയുടെ ജയവും വികാര/ഉൾ മലയാളിയുടെ തോൽവിയും ആണീ കവിത.


 ഒരു വെറും പ്രണയ കവിത അല്ലാതായത് അതിലെ സത്യദീക്ഷ കൊണ്ടാണ്.അത് മൂലം പ്രണയ കവിതയായി വായിക്കുന്നവർക്കും കേൾക്കുന്നവർക്കും കുറവ് ഒന്നും സംഭവിക്കില്ല.പലർക്കും പലതായി പല മട്ടിൽ ആസ്വദിക്കാൻ ആവുന്നത് തന്നെയാണല്ലോ ക്ലാസിക്ക് എന്നതിന്റെ അർഥം.വൈലോപ്പിള്ളി തന്റെ കാവ്യ ജീവിതത്തിന്റെ തുടക്കത്തിലേ സഹ്യന്റെ മകൻ എഴുതി എങ്കിൽ അതിനെ കുറേ കൂടെ ഒളിപ്പിച്ചു മധുരമായി ,രണ്ടു ജീവിതം മനുഷ്യർക്ക് ഉണ്ട് എന്ന് അത് ഒളിഞ്ഞിരിക്കയാണ് എന്ന് താൻ അറിയാതെ എഴുതിയതാണ് ഊഞ്ഞാലിൽ.മധുരത്തിലെ കയ്പുകളെ,കയ്പ്പിലെമാധുര്യങ്ങളെ ,നന്ദി.