നിള ഒരു നദിയിലപ്പുറം മറ്റെന്തോ ആയി നമ്മളിൽ പരന്നൊഴുകുന്ന ഒന്നാണ് അതിനാൽ തന്നെ നിളയുടെ നിറവും മെലിച്ചലുമൊക്കെ നമ്മുടെയുള്ളിൽ അലയൊലിയുണ്ടാകും. "ഇടശ്ശേരി കുറ്റിപ്പുറം പാലത്തിൽ നിന്നും കണ്ട ഭാരതപ്പുഴ ഇന്നില്ല അതിനാൽ ഇന്ന് കവികൾക്ക് ഭാരതപ്പുഴയെ നോക്കി അങ്ങനെ എഴുതാനാകില്ല" എന്ന് കവി പിപി രാമചന്ദ്രൻ മാഷ് പറഞ്ഞത് ഓർത്തപ്പോൾ അവസാനം കണ്ട നിളയുടെ മെലിഞ്ഞ രൂപം മനസ്സിൽ വന്നു.  

"ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍ 

ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍ 

അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ് 

അടിയിലെ ശേഷിച്ച പേരാര്‍ നോക്കി" എന്ന് ഇടശ്ശേരി എഴുതുമ്പോൾ നിറഞ്ഞൊഴുകുന്ന നിളയായിരുന്നു എങ്കിൽ ഇന്നത് നീർച്ചാലാണ്. ഇടശ്ശേരി നിളയെ നോക്കി കണ്ട പശ്ചാതലത്തിൽ മല്ലൂർകയത്തെ പറ്റി ആകുലപ്പെടുന്നുണ്ട് 

"മല്ലൂരെ തേവര്‍ തെരുവു ദൈവം 

മല്ലൂര്‍ക്കയമിനി ചൊല്ലുമാത്രം 

മല്ലൂരെ തേവര്‍ തെരുവു ദൈവം"  മല്ലൂർ കയമിന്ന് അഴുക്കു നിറഞ്ഞൊരു കയം മാത്രം.  ഇന്ന് നിള കാണുമമ്പോൾ ഉള്ളിൽ പിടക്കുന്ന വേദന നമ്മെ വല്ലാതെ അലട്ടും 

അടിയിലെ ശേഷിച്ച പേരാര്‍ നോക്കി 

പൂഴിമണലതില്‍ പണ്ടിരുന്ന് 

കൂത്താങ്കോലേറെ കളിച്ചതല്ലേ 

കുളിരോരുമോളത്തില്‍ മുങ്ങിമുങ്ങി 

കുളിയും ജപവും കഴിച്ചതല്ലെ 

പൊന്മയും കുരുവിയും കൊക്കുമന്ന് 

പൊങ്ങിപ്പറന്ന വിതാനത്തിങ്കല്‍ 

അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ്"  ശേഷിച്ച പേരാറിന്ന് ശോഷിച്ച പേരാറാണ്‌. ഇന്ന് കുട്ടികൾക്കും അത്ര കളിയോർമ്മകൾ അയവിറക്കാൻ നാളെകൾ ഇല്ല. അവരാരും നിളയിലിറങ്ങാതെ പാലത്തിലൂടെ ടൈയും കെട്ടി കോട്ടും ഇട്ട് തെന്നി പോകുന്ന നിളയെ സ്‌കൂൾ വണ്ടിയിലിരുന്നു കാണുന്നു. നിമിഷങ്ങൾ മാറിമറിയുന്ന പൂഴിച്ചിത്രം മാത്രമാണവർക്ക് നിള. പുഴയോ മരുഭൂമിയോ എന്നറിയാത്ത ആശ്ചര്യം പേറിയവർ വളരുമ്പോൾ കവി പറയും പോലെ നാളെ അവരെങ്ങനെ 

പൂഴിമണലതില്‍ പണ്ടിരുന്ന് കൂത്താങ്കോലേറെ കളിച്ചതും  കുളിരോരുമോളത്തില്‍ മുങ്ങികുളിയു മോർക്കും അവർക്കിന്ന് നിള വെറും മണൽപരപ്പാണ്. നിള വീണ്ടും കാണുമ്പോളും കുറ്റിപ്പുറം പാലം വീണ്ടും വായിക്കുമ്പോളും ഈ വിചാരങ്ങൾ ഉള്ളിൽ പറയുന്നു, ഇനിയും കുറ്റിപ്പുറം പാലം വായിക്കണം എന്നിട്ടാ പാലത്തിൽ നിന്ന് നിളയെ കാണണം. നിളയെ പറ്റി പറയണം. നമ്മൾ കാർന്നു തിന്നുന്ന ആ നിളയുടെ ഹൃദയത്തെ കണ്ട് മാപ്പ് പറയണം, കുറ്റിപ്പുറം പാലം നമുക്ക് വീണ്ടും വായിക്കണം, വെറുതെയല്ല, നമ്മൾ നിളയോട് ചെയ്തുകൂട്ടിയ പാപങ്ങൾ തിരിച്ചറിയാൻ, ഒന്നും ചെയ്യാനാകില്ല എങ്കിലും മനസ്സിൽ പശ്ചാതാപം എങ്കിലും ഉണ്ടാവട്ടെ ആ പൂഴിമണ്ണിൽ മുട്ടുകുത്തി നിന്ന് കുമ്പസരിക്കണം ഞാനടങ്ങുന്നവർ തന്നെയാണ് നിന്നെ മാന്തിപ്പറിച്ചു ഇല്ലാതാക്കുന്നതെന്നു നെഞ്ചുപൊട്ടി പറയണം. മാപ്പ്... മാപ്പ്...