പ്രമോദ് രാമൻ
പ്രമോദ് രാമൻ

പ്രമോദ് രാമൻ

@pramodraman


പാലം

അമ്മയും മോളും

ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നു

ബസ് വരുന്നു

അവർ അതിൽ കയറി ടിക്കറ്റ് എടുക്കുന്നു,

രണ്ട് ജീവിതം.


കണ്ടക്ടർ ചോദിച്ചു,

അക്കരെയോ ഇക്കരെയോ?


അമ്മ പറഞ്ഞു, നടുക്ക്.

കണ്ടക്ടർ: ആ സ്റ്റോപ്പ് മരണമാണ്


അമ്മ: അതുമതി

ഏറ്റവും ആഴമുള്ള ഇടം നോക്കി നിർത്തണം

ജീവിതത്തിലേക്ക് ഉള്ളതിന്റെ 

ഇരട്ടിച്ചാർജ് തരാം

അക്കരെ വന്നുനിൽക്കുന്നയാൾ

മുഷിഞ്ഞ് മടങ്ങിപ്പോകട്ടെ.

...

മരത്തെക്കുറി

കൊന്നമരങ്ങൾ 

പൂവിട്ടു നിൽക്കുന്നു

നിങ്ങൾ കൊന്ന മരങ്ങളല്ല,

കൊല്ലാതെ വിട്ടവ.

*

പിരിയാൻ മറന്നുപോയൊരുത്സവ-

മിതിൻ പേ,രാലോ

അതോ പേരാലോ.

*

റോഡ് വീതികൂട്ടാൻ 

വന്നവരോട്

മരം പറഞ്ഞു,

ഞാൻ മാറിത്തന്നേക്കാം

എനിക്കെവിടെയും

പോകാനില്ലല്ലോ.

*

കവിതയെക്കുറി

പറയാനിരുന്നതെല്ലാം

മരത്തെക്കുറി

പറഞ്ഞാലും

കാരണമിതിനു വേരു-

ണ്ടിത് പൂക്കും.

...