ഒരു ഭാഷാഖണ്ഡത്തെ കവിത എന്നു വിളിപ്പിക്കുന്നത് എന്താണ്? കൃത്യമായ ഒരുത്തരം ലഭിക്കാനിടയില്ലാത്ത ഒരു ചോദ്യമാണതെന്നിരിക്കിലും കാവ്യാനുശീലർ, വിശേഷിച്ചും കവിത എഴുതുന്നവർ സ്വയം ചോദിച്ച് സ്വയം തൃപ്തരാകുന്ന ഒരു ഉത്തരത്തിൽ എത്തിച്ചേരേണ്ടതുണ്ടെന്ന് തോന്നുന്നു. 


ഇവിടെ വിലയിരുത്തലിനായി ലഭിച്ച കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ ഈ ചോദ്യം ഇതെഴുതുന്നയാളെ വീണ്ടും തോണ്ടി വിഷമിപ്പിച്ചു. ഒരു ഭാഷാ ഖണ്ഡത്തെ കവിതയാക്കുന്നത് അത് വരി മുറിച്ച് എഴുതിയിരിക്കുന്നു എന്ന ഒരേയൊരു കാരണം കൊണ്ടാവരുത്. ഛന്ദോബദ്ധമായ വൃത്തത്തിലോ, താളക്രമം പാലിച്ചോ എഴുതിയതു കൊണ്ടു മാത്രവും ആവരുത്. (അങ്ങനെയെങ്കിൽ തീപ്പെട്ടി പണ്ടില്ല,തിനാൽ ജനങ്ങൾ /ക്കേർപ്പെട്ട കഷ്ടം പറയാവതല്ല/ ഇപ്പോഴതിന്മാതിരിയൊന്നുമല്ല / തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല എന്ന പ്രാസദീക്ഷ പാലിച്ച പദ്യം കവിതയാവുമായിരുന്നല്ലൊ.)

 

ഇവിടെ എനിക്കു വായിക്കാൻ കിട്ടിയ എഴുത്തുകളിൽ ചിലതെങ്കിലും പല കാരണങ്ങളാൽ ശ്രദ്ധേയങ്ങളാണ്. അവ മുമ്പ് പതിവില്ലാത്ത വിധം വിഷയ ധീരത പുലർത്തുന്നു, ഭാഷാസ്വാ തന്ത്ര്യമെടുക്കുന്നു. പുതുകാഴ്ച്ചകളിലേക്ക് നടത്തുന്നു. പുതു സംവേദനം ആവശ്യമാക്കുന്നു. എങ്കിൽ തന്നെയും, ഒരുപക്ഷെ അവ കവിത എന്ന മേൽ കുറിപ്പ് ഇല്ലാതെ തന്നെയും നല്ലെഴുത്തുകളാവുമല്ലൊ എന്നതാണ് എന്നെ കുഴക്കുന്നത്. എന്തുകൊണ്ട് ഇവയെ മിനിക്കഥകൾ എന്നു വിളിച്ചു കൂടാ. പ്രമേയം പറച്ചിൽ എന്ന് നേരെ പറഞ്ഞു കൂടാ? ഒരു ചിട്ടവട്ടങ്ങളുമില്ലാത്ത തോന്നലെഴുത്ത് എന്ന് പറഞ്ഞു കൂടാ? പക്ഷെ കവിത എന്നു തന്നെയാണ് അവകാശവാദം. അതിൽ തെറ്റില്ല, കവിത എന്ന് നിങ്ങൾ സ്വരൂപിച്ചു വെച്ചിരിക്കുന്ന സങ്കൽപ്പവുമായി ഇവ ചേർന്നു പോകുന്നുവെങ്കിൽ.


നിർഭാഗ്യവശാൽ എഴുത്തച്ഛൻ മുതൽക്കിങ്ങോട്ടുള്ള കവിതയുടെ സകലമാന രാജവീഥികളിലൂടെയും കുണ്ടനിടവഴികളിലൂടെയും നടന്നുപോകാനിടവന്ന ഒരാളെന്ന നിലയിൽ ഒരു ഭാഷാഖണ്ഡത്തെ അത്രയെളുപ്പത്തിൽ എനിക്ക് കവിതേ എന്നു വിളിക്കാൻ കഴിയില്ല. അതിന് മാപ്പു തരണം. പിന്നെ, കവിതയിലും അവസാനവാക്കുകളൊന്നുമില്ല. തെരഞ്ഞെടുപ്പുകൾ തികച്ചും ആത്മനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസൃതമായിരിക്കും. മാനുഷികമായ ഈ പരിമിതി ഈ തെരഞ്ഞെടുപ്പിലും കാണും. 


(മാധ്യമം ആഴ്ചപ്പതിപ്പ് നടത്തിയ കവിതാമത്സരത്തിന്റെ വിലയിരുത്തൽ കുറിപ്പ്)