വീരന്മാർ കരയാൻ പാടുണ്ടോ അതും പൊതു ഇടങ്ങളിൽ.. എന്നാൽ കണ്ണീർ പൊഴിക്കാത്ത ഏതു ഗജവീരനാണ് നമുക്ക് മുന്നിലൂടെ നെറ്റിപ്പട്ടം കെട്ടി പോയിട്ടുള്ളത്?


"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-

ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!

എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-

സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ" 


സഹ്യന്റെ മകനിൽ വൈലോപ്പിള്ളി ചോദിക്കുന്നത് നെറ്റിപ്പട്ടം കെട്ടി ചമഞ്ഞു നിൽക്കുന്ന ഗജവീനന്മാരെ കാണുമ്പോൾ തോന്നാറുണ്ട്. 

"പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോലും

പതിനഞ്ചാനക്കരിം പാറകളുടെ മുമ്പിൽ." കാട്ടിൽ വിഹരിക്കേണ്ട പുത്രനെ നാട്ടിൽ ചങ്ങായിട്ടു ദൈവത്തെ ബന്ദിയാക്കും പോലെ ബന്ദിയാക്കി അലങ്കരിച്ചു നിർത്തി കൊല്ലാതെ കൊല്ലുന്നു നമ്മുടെ സ്വാർത്ഥതയും ആഘോഷ മോഹങ്ങളും 

"കണ്ണുകൾ നിണസ്വപ്നം കാൺകയാം, തുമ്പിക്കരം

മണ്ണു തോണ്ടുന്നൂ – പാവം വിറപ്പൂ ശാന്തിക്കാരൻ !"

കണ്ണ് കാണാത്ത ആനപ്രേമം തലയെടുപ്പിൽ ആനന്ദിക്കുമ്പോൾ കാട്ടിൽ ലയിക്കേണ്ട മോഹങ്ങൾ നാട്ടിൽ തായമ്പകയുടെ കൊട്ടിൽ താളങ്ങൾ കണ്ണീരായി ഊർന്നു വീഴുന്നത് കാണുന്നില്ലല്ലോ? 

എന്നും നമ്മുടെ സാംസ്കാരിക മേന്മ പുറത്തു കാട്ടാൻ അവനെ ചമയച്ചു വെയിലിൽ നിര്ത്തണം.. 


മെരുവിൻ മദദ്രവമണമോ? തുമ്പിക്കയ്യാൽ

ചെറുതെന്നലിൽ തപ്പിച്ചെറ്റിട നിന്നാനവൻ.

പാറയിൽ നിന്നും ജലം പോലെ, വിസ്മയമേ, തൻ

വീര്യമൊക്കെയും വാർന്നു പോവതായ് ത്തോന്നീടുന്നു.


കാലിൽ വ്രണം പൂത്ത ചന്തം നോക്കി തായമ്പകയുടെ താളത്തിൽ നമ്മൾ ആവേശത്താൽ ആർപ്പൂ വിളിക്കുമ്പോൾ സഹിക്കവയ്യാതെ അവനൊന്നു ഇളകിആടിയാൽ അവിടെമാകെ കിടിലോൽകിടിലം 


എന്തിതീക്കോലാഹലം? “ആനയോടി!”യെന്നൊരു

വൻ തിരക്ക, ല്ലെമ്പാടും വളരും കൊടുങ്കാറ്റോ?


എല്ലാ കൂരമ്പുകളും പിന്നെയും പേറി കൂച്ചുവിലങ്ങിൽ അവനങ്ങനെ കറുത്ത പാറ മാത്രമായ് ഉറച്ചു പോകുന്നു, മനുഷ്യഹൃദയം ഉറച്ചപോലെ... സഹ്യന്റെ മകൻ കേഴുന്നത് കാണാൻ നമുക്കാകുന്നില്ല. എന്നാലും നമ്മൾ സംസ്കാരം ഉയർത്തി പിടിക്കുന്നുണ്ട്...