കമറുദ്ദീൻ ആമയത്തിന്റെ കവിതയിലെ മുന കൂർത്ത ചില നിരീക്ഷണങ്ങൾ നർമ്മത്തിലൂടെ നമ്മെ കൂടുതൽ ചിന്തിപ്പിക്കും.

"മുത്തച്ഛൻ നാസിയായിരുന്നു

അച്ഛൻ ജൂതനും

ഞാൻ കാനാൻകാരനും

മുത്തശ്ശി ഗാന്ധാരിയാണ്

അമ്മയ്ക്കിന്നും വീറ്റോ പവറില്ല.

പൂമുഖം പണ്ടത്തെ യൂറോപ്പും

നടുമുറ്റം ഇന്നത്തെ ഏഷ്യയും

അടുക്കള എന്നത്തേയും

ആഫ്രിക്കയാകുമ്പോൾ

കിടപ്പറ അന്റാർട്ടിക്കയാവുക

സ്വാഭാവികം"

തറവാട് എന്ന ഈ കവിത എല്ലാം പറയാതെ പറയുന്നു. തറവാട്ടിൽ നിന്നും കുഫിയയിൽ എത്തുമ്പോൾ കവിയുടെ വാക്കുകളിൽ കൂടുതൽ മൂർച്ച കാണാം താൻ കണ്ടു പരിചയിച്ച ഇടങ്ങളിലെ വേദന നിറഞ്ഞു നിൽക്കുന്നത് കാണാം, ലോകത്തിന്റെ പരിച്ഛേദമാണ് ഗൾഫ് ഭൂമിക എന്ന് കവിതയിലൂടെ നമുക്ക് തിരിച്ചറിയാം ഒപ്പം ജീവിതത്തിൽ നിന്നും കീറിയെടുത്തപ്പോൾ ചോര പൊടിഞ്ഞ വാക്കുകളും "വൈകിയാണെന്നാലുമെത്തി

റാണിയ

മറന്നിട്ടില്ല

സമ്മാനപ്പൊതി

തുറന്നു നോക്കിയപ്പോഴുണ്ട്

ഒലിവുകായ പോലുള്ള

വെടിത്തിരകളും

ചോരയിൽ കുതിർന്ന

കുഫിയ്യയും"

പല കവിതകളും ക്ര്യത്യമായ സ്ത്രീ പക്ഷം പറയുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇടയ്ക്കു നർമ്മം വിതറുന്ന വിദ്യയും കൂടിയാകുമ്പോൾ വിമർശനങ്ങൾക്ക് മറ്റൊരു തലം രൂപപ്പെടുന്നു ഉരൽ എന്ന ചെറിയ കവിതയിൽ ആ ഫലിതം ഒളിഞ്ഞു കിടക്കുന്നു

"എന്നോടുള്ള ദേഷ്യം

ഉരലിനോടാണ്

അവൾ തീർക്കുക

ആഹാരം നേരത്തേ

കാലമാകുമെന്നതിനാലും

വ്യാകരണ ഗ്രന്ഥത്തിൽ

ഉരൽ സ്ത്രീലിംഗമായതിനാലും

ക്ഷമിക്കുന്നു തത്കാലം.."

ശീർഷകം ആയ സ്വർഗത്തിലേക്കുള്ള പടികൾ എന്ന കവിതയും മുനവെച്ച നിരീക്ഷണം തന്നെ "സ്വർഗ്ഗത്തിന്റെ തേനും പാലുമൊഴുകുന്ന പൂന്തോപ്പുകളെ സ്വപ്നം കണ്ട് അപമാനവീകരണത്തിന്റെയും കൊടിയ ക്രൂരതയുടെയും വഴിയിലൂടെ പരലോകത്തേക്ക് വഴിവെട്ടുന്നവരെ കവി ലക്‌ഷ്യം വയ്ക്കുന്നുണ്ട്" എന്ന് അവതാരികയിൽ ഷാജഹാൻ മാടമ്പാട്ട് പറയുന്നു

"ഇത്തിരികൂടിയേയുള്ളൂ

സർവ്വസുഖത്തിന്റെ

കൊടുമുടിയിലണയാനെന്ന്

ഉറപ്പിച്ച നേരത്ത് തീരുന്നു

മുന്നിലെ പടികൾ."

ഇങ്ങോട്ടുള്ള വഴിയിൽ കൊന്നുതള്ളിയ ശരീരങ്ങളെ വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നെങ്കിൽ പടികളാക്കാമായിരുന്നു!

കുറഞ്ഞ വാക്കുകളിൽ വിശാലമായ ഒരർത്ഥതലം തീർക്കുന്ന ഒരു രീതി കമറുദ്ദീൻ ആമയത്തിന്റെ കവിതയിൽ നിറഞ്ഞു നിൽക്കും ആ വരികൾ മാത്രമെടുത്താലും നമുക്ക് മറ്റൊരു ലോകത്തെ വായിച്ചെടുക്കാനാകും.

"ആരെയും ഉയർത്താനും

താഴ്ത്താനും

കെൽപ്പുള്ള

ദൈവത്തിന്റെ ഇരുമ്പു രൂപം"

(ലിഫ്റ്റ്)

'മനസിലായതിൽ

ദൈവം ഏറ്റവും

വലിയ കവി"

(എഡിറ്റിങ് & പബ്ലിഷിങ്)

"പച്ചപിടിക്കാതിരിക്കുമ്പോഴാണ്

പലപ്പോഴും ജീവിതം

മഞ്ഞയായ് പോകുന്നത്"

(ജോണ്ടിസ്)

ഇങ്ങനെ ഒട്ടുമിക്ക കവിതയിലും മുറിച്ചെടുത്ത് അതിനെ വളർത്താൻ പാകത്തിൽ ഉള്ള വരികൾ കിളിർത്തു നിൽക്കുന്നുണ്ട് കവിതയിൽ നാടും നാട്ടിൽ പുറവും നാടിൻറെ പച്ചപ്പും കവച്ചുവെച്ചു വന്ന ജീവിതവും കണ്ടു തീർത്ത അനുഭവങ്ങളും അടങ്ങിയ കവിതകളായി സമ്പന്നമാണ് ഈ പുസ്തകം "കയ്യാല" എന്ന ഒരൊറ്റ കവിത മതി ഈ കമറുദ്ദീൻ ആമയം എന്ന കവിയെ അടയാളപ്പെടുത്താൻ. എത്ര വായിച്ചാലും വീണ്ടും നമ്മെ വായിപ്പിക്കുന്ന കവിതകളാണ് ഓരോന്നും സ്വർഗ്ഗത്തിലേക്കുള്ള പടികളിലൂടെ കടന്നു ചെല്ലുമ്പോൾ ഒരു പുതിയ ലോകം തുറക്കുന്നു നാമൊന്നും കാണാതെ വിട്ട, അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ച ചില യാഥാർഥ്യങ്ങൾ നമ്മെ ചുറ്റിവരിയും ആദ്യമൊന്നു നമ്മെ ചിരിപ്പിക്കും എങ്കിലും കൂർത്ത ഒരു നോട്ടം അതിനു പിന്നിലൂടെ നമ്മെ എത്തി നോക്കും വായനക്കാരന്റെ ബോധമണ്ഡലത്തിലേക്ക് നാമറിയാതെ ഇഴഞ്ഞു കയറും ചിലപ്പോഴൊക്കെ ഖബറിന്റെ മീസാൻ കല്ലിൽ പൊടിയുന്ന നനവ് അനുഭവപ്പെടും.