മധുമിതയ്ക്ക് കൊലുസ്സിഷ്ടമായിരുന്നു.
നിറയെ മുത്തുകളുള്ള,
ചിരിക്കുമ്പോൾ ചിതറുന്ന
വെള്ളിക്കൊലുസുകൾ.
ഓരോ തവണയും
പുതിയ കൊലുസിൽ നിന്ന്
മുത്തുകൾ അടർത്തിയെടുത്ത്
മുത്തശ്ശി പറയും:
പെണ്ണുങ്ങൾ നടക്കുമ്പോൾ നെലമറിയരുത്.
അവൾക്കപ്പോൾ സങ്കടം വരും.
കാമുകന്റെ ആദ്യത്തെ സമ്മാനം
തഞ്ചാവൂർ കൊലുസായിരുന്നു.
പകൽ കിലുങ്ങുന്നത്.
രാത്രിയിൽ തിളങ്ങുന്നത്.
ഉടുപ്പെല്ലാമഴിച്ചിട്ടും
രണ്ടു കുഞ്ഞിപ്പാമ്പുകൾ മാത്രം
അവളുടെ കാലിൽ ചുറ്റിപ്പിണഞ്ഞു.
കണങ്കാലിൽ വിഷപ്പല്ലമർത്തിക്കടിച്ചു.
കുടഞ്ഞിട്ടും പോവാതെ
അഴിച്ചിട്ടും തീരാതെ
ആയിരം ചുറ്റുള്ള വളയങ്ങൾ തീർത്തു.
സ്വർണവും വെള്ളിയും
പകരം വെച്ചവൾ തളർന്നു.
ഒറ്റക്കാലിലൊരു കറുത്ത ചരടു കെട്ടി
തിരിഞ്ഞു നോക്കാതെ
അവളിറങ്ങിപ്പോന്ന വഴിയിലിപ്പോൾ
കടലിരമ്പുന്നുണ്ട്.
👍