ജാഗ്രത്തായ പുതുകാല അടയാളവാക്യമാണ് ഏറ്റവും ഇളം തലമുറകൾ എഴുതുന്ന കവിതകൾ എന്ന് വിദ്യാർത്ഥികളുടെ കവിതകൾ വായിക്കുമ്പോൾ തോന്നാറുണ്ട്, കുടിയൊഴിഞ്ഞുപോയ ആധുനികതയുടെ ഭാരം അവരിൽ കാണാനില്ല, അവരുടെ തലക്ക് മീതെ ഡെമോക്ളീസിന്റെ വാള് കെട്ടിത്തൂക്കിയിട്ടിട്ടില്ല. ശക്തമായ രാഷ്ട്രീയം പറയാൻ അവർ തയ്യാറാവുന്നു പഴയതിന്റെ അവശേഷിപ്പുകളല്ല പഴയതിന്റെ ഒരു പുതു തുടർച്ചയിലൂടെ അവർ മുന്നേറുന്നു. ബിംബങ്ങളുടെ മൗലികതകൊണ്ടും മനുഷ്യജീവിതത്തിലേക്കും പ്രകൃതിലേക്കും ആഴത്തിൽ തൊട്ടറിയാനുള്ള ഭാഷയും, സൂക്ഷ്മമായ നിരീക്ഷണവും നിലപാടിന്റെ കരുത്തും രാഷ്ട്രീയത്തിന്റെ ശക്തിയും നിറഞ്ഞ ഉൾകാമ്പുള്ള കവിതകൾ അവരിൽ നിന്നും വായിക്കാൻ കഴിയും. ഈയിടെ വായിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികളുടെ ചില കവിതകളിലൂടെ. ഒരുപക്ഷെ ഇനിയും ഇത്തരം ധാരാളം കവിതകൾ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ടാകും. പാലക്കാട് വിക്ടോറിയ കോളേജിലെ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ഷെഹ്റസാദ്ന്റെ  'തുന്നിയുമറുത്തും' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്

"തുന്നൽ ഒരു കലയാണു കേട്ടോ,

പെണ്ണറിഞ്ഞിരിക്കേണ്ട അടിസ്ഥാനകല


മുതുകിൽ സൂചിതുളച്ചു കയറ്റി

തുളകളിലെല്ലാം നൂലുകൾ കോർത്ത്

നൂലുകളാകെ വലിച്ചുമുറുക്കി

കിനിയും ചോര തുടച്ചുകളഞ്ഞ് —

ചിത്രത്തുന്നലല്ല, തെറ്റിക്കാതെ!

ചിറകുതുന്നലാണ്."

സ്ത്രീപക്ഷ ചിന്തയുടെ അകത്തളങ്ങളിലേക്ക് വേറിട്ട രീതിയിൽ കടന്നു കയറുകയാണ് ഇവിടെ. ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പുതുരൂപം അവർ നെയ്യുന്നു.

"ആദ്യമായ് ചിറകുരിഞ്ഞതമ്മയാണു കേട്ടോ,

നീളം കൂടുന്നെന്നൊരാൺക്കണ്ണ് മുറുമുറുത്തപ്പോൾ.

ആൺവിരലിനു ചൂണ്ടാനായാരും ഇടകൊടുത്തില്ല." അകത്തളങ്ങളിൽ ഉരുണ്ടു മറിയുന്ന ചോദ്യം ചെയ്യലുകൾ ചൂണ്ടിക്കാണിക്കാൻ ഇന്നവർ തയ്യറാകുന്നു അതിനായി കവിതയെ അവർ ഉള്ളാൾ സ്വീകരിക്കുന്നു


ശരീരങ്ങളാൽ

ഒറ്റുകൊടുക്കപ്പെട്ട മനുഷ്യർ

പാമ്പുകളെപ്പോലെയാണ്


പാമ്പുകളെ പോലെ

നട്ടെല്ല് ഭൂമിയിലുരസിയണ്

സഞ്ചാരം.

കാലടി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല. മലയാളം എം.എ വിദ്യാർത്ഥി ആദിയുടെ 'ഉടൽമാറ്റം' എന്ന കവിതയിൽ മനുഷ്യരുടെ ജീവിതവും രാഷ്ട്രീയവും കൃത്യമായി രേഖപ്പെടുത്തുന്നു

വേരുകളും

വീടുകളും

രേഖകളും

പുറന്തള്ളിയ

അവർ

കാലുകളില്ലാതെയാകും

ജീവിക്കുന്നത് 

എന്ന് കവിത അവസാനിക്കുമ്പോൾ പറയാനുള്ളത് മുഴുവൻ പറഞ്ഞു തീർക്കുന്നു, തീരാത്ത ഒറ്റുകൊടുക്കലുകളുടെ ലോകത്തെ തുറന്നു കാട്ടുന്നു. നടപ്പുകാലത്തിന്റെ ഇംഗിതങ്ങളായി ഇവിടെ വാക്കുകൾ അർത്ഥോൽപാദനം നടത്തുന്നത്‌ കാണാം .


"മരിച്ചവന്റെ

ജീവനുള്ള കവിതകളെ

കീറിമുറിക്കാൻ

ആൾക്കാർക്ക്

ഏറെയിഷ്ടമാണ്.

ജീവനുള്ള

വൈകുന്നേരങ്ങളെക്കുറിച്ചുള്ള

നിന്റെ വരികളെയവർ

മരണത്തിന്റെ

കയങ്ങളിലേക്കാഴ്ത്തും

കീറിമുറിക്കുന്ന ലോകത്ത് കവികൾക്ക് രക്ഷയില്ല എന്ന ആശങ്കയിലൂന്നിയാണ് പ്ലസ് ടു വിദ്യാർത്ഥി മിദ്‌ലാജ് തച്ചംപൊയിൽ 'മരിച്ചവന്റെ കവിതകൾ' എന്ന കവിതയിൽ പറയുന്നത്. മിദ്‌ലാജിന്റെ തന്നെ ആത്മഹത്യ എന്ന കവിതയിൽ

വീടിന്റെ മൂലയ്ക്ക്,

ചായ്പ്പിലെ മുറിയിലാണവൾ ജനിച്ചത്

എന്റെ കവിത

ആധുനികതയുടെ

കത്രികയും മരുന്നുമില്ലാതെ,

നാട്ടിലെ ഗ്രാമഭംഗിയാണവളുടെ

പേറ്റെടുത്തത്. 

കവിത പിറക്കുന്നത് തന്നെ ഇങ്ങനെയാണ് കാലത്തേ ചോദ്യം ചെയ്യാൻ ഒട്ടും മടിയില്ല എന്നതിലപ്പുറം അസാമാന്യ ധൈര്യവും കാണാം. അത്ഭുതപ്പെടുത്തുന്ന ബിംബങ്ങളും ശക്തമായ രാഷ്ട്രീയവുമാണ് ഹരിപ്രിയ സി (പ്ലസ് വൺ ഗവ: മോഡൽ എച്ച്.എസ്.എസ് തേവാലി കൊല്ലം) കവിതയിൽ. 'ആൺകൊതുക്' എന്ന കവിത ശക്തമായ ആവിഷ്കാര രീതിയാണ്.

അതിർത്തിയുടെ പൽച്ചക്രങ്ങളിൽ

ചിതലരിച്ച ചിരികൾക്കിടയിൽ

പശിച്ചുമരിച്ച പുഴയുടെ ആമാശയം അഴുക്കുചാലാവുന്നിടത്ത്

അവരുടെ വരണ്ടമേനിയിൽ

കിടന്നു ചതഞ്ഞ ചുട്ട റൊട്ടിയുടെ നോവ്

മയങ്ങാനായി പായവിരിക്കും

കവിതയിൽ പറയുന്ന രാഷ്ട്രീയം സമകാലിക സംഭവങ്ങനെ ഉണർത്തുന്നു ചരിത്രത്തിന്റെ ചുമരിൽ തലതല്ലി ഒച്ചവെക്കുന്ന കവിതയുടെ കേൾക്കാം അതിനാലാണ്

ഒരു പെൻസിൽ വാങ്ങി

കൃത്യം ഭൂമിയുടെ

ഗര്ഭാശയത്തിലേക്ക്

തറച്ചു" എന്ന് എഴുതാനാകുന്നത്. കവിതയിൽ കൊണ്ടുപാറുന്ന ഭാവനാ ലോകം തങ്ങളുടെ പ്രായത്തെ വെല്ലൂന്നു എന്ന് തോന്നാം. രഹ്ന ടി.കെയുടെ ആത്മഹത്യാക്കുറിപ്പ് എന്ന കവിതയിൽ സദാചാര ബിംബങ്ങളെ തച്ചുടക്കുന്നു.

നാലുവീടുകൾക്കപ്പുറത്ത്

ആ ഭാർഗ്ഗവീനിലയത്തിൽ

പിഴച്ചവളായി നിങ്ങൾ പ്രഖ്യാപിച്ച

ഒരുവളുടെ മുഷിഞ്ഞ

സമ്പാദ്യങ്ങൾക്കിടയിൽ

ഞാൻ ആത്മഹത്യ

ചെയ്തു കിടപ്പുണ്ട്. 

അവിടെ എന്തിനു എന് പിറുപിറുക്കുന്നവരോട് കവി ശക്തമായി പറയുന്നു "ഏറ്റവും വിശുദ്ധമായ സ്ഥലത്ത് / പരിശുദ്ധിയുടെ സാന്നിധ്യത്തിൽ വേണം / എന്റെ പൂർണവിരാമം" സമൂഹം കല്പിച്ച അശുദ്ധ ഇടം ഇവിടെ പരിശുദ്ധമായ ഇടമായി കാണുന്നു. ഇങ്ങനെ ഒട്ടേറെ കവിതകൾ നമുക്ക് കണ്ടെത്താനാവും. ഒരുപക്ഷെ നമ്മൾ ഇതൊക്കെ കണ്ടെത്തുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാകുന്നു ലബ്ധപ്രതിഷ്ഠ എന്നൊന്ന് ഇവർക്ക് ഇല്ലാത്തതിനാൽ ആ സ്വാതന്ത്ര്യത്തെ ഈ കുട്ടികളുടെ എഴുത്തിൽ കാണാം നാളെയുടെ പ്രതീക്ഷകളാണ് ഇവർ. പ്ലസ് വൺ പ്ലസ്‌ടു ഡിഗ്രി തലത്തിൽ ഉള്ള ചില കുട്ടികളുടെ കവിതകളിലൂടെയാണ് സഞ്ചരിക്കാൻ ശ്രമിച്ചത്. ഇനിയും ഒട്ടേറെ പേരുണ്ടാകാം ഇവരിലൂടെ നമ്മുടെ കാവ്യലോകം പുതു പ്രതീക്ഷകൾ നൽകി മുന്നേറും എന്ന് തന്നെ വിശ്വസിക്കാം