വിവാഹ ദിനം സന്ധ്യയ്ക്ക് ഭർത്താവിന്റെ വീട്ടിലെത്തിയ ആദ്യ മണിക്കൂറിൽ അവളെ അലട്ടിയത് വിവാഹസാരിയിലെമ്പാടും പലർ ചേർന്ന് കുത്തിയിരിക്കുന്ന സെറ്റിപ്പിന്നുകൾ എവിടെയൊക്കെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും, കണ്ടുപിടിച്ചാൽത്തന്നെ അവ ഒറ്റയ്ക്ക് എങ്ങനെ ഊരിയെടുക്കും, ഊരിയാൽത്തന്നെ അവ ഇട്ടു വയ്ക്കാനൊരു ഡപ്പി ആരു തരും എന്നൊക്കെയായിരുന്നു എന്നും അമ്മയും അനിയത്തിയും അന്നേരമവിടെ ഉണ്ടായിരുന്നെങ്കിൽ എന്നൊരു കരച്ചിൽ അന്നാദ്യമായി വന്നത് അപ്പോഴായിരുന്നു എന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകാനായി ഓഡിറ്റോറിയത്തിൽ നിന്ന് കാറിൽ കയറിയപ്പോളല്ല എന്നുമൊക്കെ അവൾ ആലോചിച്ചു കൊണ്ടിരുന്നത്


ഇന്നലെ


മക്കളുടെ സ്കൂൾ ബസ് വരാറായ സമയത്ത് വിവാഹ ആൽബം വെച്ചിരുന്ന അലമാരയുടെ അവസാനത്തെ തട്ട് വൃത്തിയാക്കുന്നതിനിടെ  അത് മറിച്ചു നോക്കുമ്പോഴായിരുന്നു.


രണ്ടു മാസമായി കനത്ത പുരുഷ ശബ്ദത്തിലൂടെ മാത്രം പരിചിതമായ, രണ്ടു തവണ മാത്രം നേരിട്ടു കണ്ടിട്ടുള്ള, അന്നത്തെ ദിവസം ഭർത്താവായി മാറിയ ആൺ ശരീരം ഇനിയങ്ങോട്ട് തന്റെ ശരീരത്തിന്റെ ഒരു ഭാഗമാകുന്നതിന്റെ ആദ്യ രാത്രിയാണ് കുറച്ചു മണിക്കൂറുകൾക്കു ശേഷം തുടങ്ങുന്നതെന്ന ആശങ്കയും ആഹ്ലാദവും ആഴവും ഒട്ടും തോന്നാതെ അവൾ ഭർത്താവിന്റെ വീട്ടിലെ സ്വീകരണ മുറിയിലെ പുതുമണം മാറാത്ത സെറ്റിയിലിരുന്ന് ആലോചിച്ചു കൊണ്ടിരുന്നത് കിടപ്പുമുറിയിൽ ടോയ്‍ലറ്റ് അറ്റാച്ഡ് ആണോ ഭർത്താവ് രാത്രിയിൽ പല്ലു തേയ്ക്കുന്ന ആളാണോ എന്നൊന്നും കഴിഞ്ഞ ദിവസങ്ങളിൽ ഫോണിലൂടെ ചോദിച്ചില്ലല്ലോ എന്നും ഇങ്ങോട്ടു കൊണ്ടുവരാനായി വാങ്ങിച്ച പുതിയ ടൂത്ത്ബ്രഷ് ഏതു പെട്ടിയിൽ എവിടെയാണിരിക്കുന്നതെന്നുമായിരുന്നെന്ന് രാത്രിയിൽ കുട്ടികൾ ഉറങ്ങിയതിനു ശേഷം


ഇന്ന്


പല്ലു തേച്ചു കൊണ്ടിരിക്കെ അവള്‍ അറ്റാച്ഡ് ടോയ്‌ലറ്റിന്റെ കണ്ണാടിയിൽ നോക്കിച്ചിരിച്ച് വാഷ്ബേസിനിൽ തുപ്പിക്കൊണ്ടാലോചിച്ചു.


വിവാഹപ്പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്ന് പല്ലുതേച്ചതിന് ശേഷം വിറകടുപ്പില്ലാത്ത അടുക്കളയിൽച്ചെന്ന് ഭർത്താവിന്റെ അമ്മ തിളപ്പിച്ചു തന്ന ചായ കുടിക്കുമ്പോൾ അവൾക്ക് ഓർമ്മക്കൊതി തോന്നിയത് സ്വന്തം വീട്ടിലെ കത്തുന്ന വിറകടുപ്പിന് പുറം തിരിഞ്ഞ് പാതാംപുറത്തിരുന്ന് രാവിലത്തെ തണുപ്പിൽ ചൂടുകാഞ്ഞ് പല്ലു തേക്കാതെ ചായ മൊത്തുന്നതിനായിരുന്നെന്ന്


നാളെ


ഭർത്താവിനും തനിക്കും കുട്ടികൾക്കും ഉച്ചയ്ക്ക് കൊണ്ടുപോകാനുള്ള ചോറ് വാർക്കുമ്പോൾ അവളോർക്കും.


വിവാഹപ്പിറ്റേന്ന് ഭർത്താവിന്റെ വീട്ടിലെ അലമാരി തുറക്കുമ്പോഴുണ്ടാകുന്ന ശബ്ദം സ്വന്തം വീട്ടിലെ അലമാരി തുറക്കുന്നതിന്റെ ശബ്ദത്തിലേക്കും ഷർട്ട് ഹാങ്ങറുകളുടെ ആട്ടം, കറി വെക്കുമ്പോൾ പൊങ്ങുന്ന മസാലക്കൂട്ടുകളുടെ മണം, മുറ്റത്ത് തളം കെട്ടിക്കിടക്കുന്ന മഴവെള്ളക്കുഴിയുടെ ആകൃതി, അടുക്കളപ്പുറത്തെ ഉപയോഗിക്കാത്ത അരകല്ലിന്റെ നടുവിലെ കുഴിവ്, അലക്ക് കല്ലിന്റെ ഉയരം എന്നിങ്ങനെ ആദ്യമായി കാണുന്നതെല്ലാം അവൾ സ്വന്തം വീട്ടിലുള്ളവയിലേക്ക് പകർന്നു മാറ്റുകയായിരുന്നു എന്നും താനപ്പോൾ സ്കൂൾ മാറി പുതിയ സ്കൂളിലെത്തിയ, പഴയ കുട്ടികൾക്കിടയിലിരിക്കുന്ന, പുതിയ കുട്ടിയെപ്പോലെയാണ് എന്നും ആദ്യ ദിവസം പുതിയ സ്കൂൾ ചെയ്തതു പോലെ ഭർത്താവിന്റെ വീടും തന്നെത്തന്നെ ഉറ്റു നോക്കി ക്കൊണ്ടിരിക്കുകയായിരുന്നു എന്നും


അടുത്ത ഏതെങ്കിലും ദിവസം


മകളുടെ ഹോംവർക്ക് എഴുതിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ ഓർക്കാനുള്ള സാധ്യത നിലനിൽക്കുന്നു.


വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് അവൾ പോകുന്നതിനു പകരം അവളുടെ വീട്ടിലേക്ക് ഭർത്താവാണ് താമസിക്കാൻ വന്നിരുന്നതെങ്കിൽ എങ്ങനെയായിരിക്കും എന്ന് മകൻ സ്ഥിരമായി കാണുന്ന ടി വി കാർട്ടൂൺ കഥാപാത്രങ്ങളായി മാറി, അതിനനുയോജ്യമായ തമാശകൾ ചേർത്ത് ആലോചിച്ചു കൊണ്ട് മകനോടൊപ്പം ടിവിക്ക് മുൻപിലിരിക്കുമ്പോൾ ഭർത്താവ് മുകളിലെ മുറിയിൽ നിന്നും ദേഷ്യത്തിൽ ഉറക്കെ വിളിക്കുന്നത് കേട്ട് ദേ വരുന്നു എന്നു പറഞ്ഞ്


എന്നു വേണമെങ്കിലും


സ്റ്റെയർകെയ്സ് ഓടിത്താണ്ടിച്ചെല്ലും അവള്‍.