ആയോധനകലയിൽ ഒരത്ഭുതമായിരുന്ന ഇദ്ദേഹം കവിതകൾ എഴുതുയിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന അറിവായിരുന്നു. തന്റെ സ്വകാര്യതയിൽ എത്രമാത്രം അസ്വസ്ഥതയോടെയായിരുന്നു എന്ന് കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാകും. മൗനവും വേദനയും കടിച്ചിറക്കുന്നതായി വരികളിൽ നിന്നും വായിച്ചെടുക്കാം. പതിനെട്ടാമത്തെ വയസ്സിൽ ഹോങ്കോങ്ങിൽ നിന്ന് യു.എസിലേക്ക് മാറിയപ്പോഴാണ് ബ്രൂസ് ലീ കവിതയെഴുതാൻ തുടങ്ങിയത് എന്നറിയുന്നു. ചിന്താശേഷി, സ്നേഹം, വിഷാദം, പ്രകൃതിയുമായുള്ള ഏകത്വം എന്നിവയുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സ്വന്തം വികാരങ്ങളെ പ്രോസസ്സ് ചെയ്യാനും മനസ്സിലാക്കാനുമുള്ള ഒരു മാർഗമായി അദ്ദേഹം കവിതയെ കണ്ടു .


 'വാഷിംഗ്ടൻ തടാകക്കരയിലെ നടത്തം' എന്ന കവിതയിൽ

"തടാകത്തിലെ  ആഴമാർന്ന മൗനം 

എന്നിലെ ആരവങ്ങളെയെല്ലാം

വേർപ്പെടുത്തുന്നു"

ദേഹവും ദേഹിയും ഒന്നായി തീരുന്ന പ്രകൃതി തന്നെയായിത്തീരുന്ന ശരീരത്തിൽ ലയിച്ച ഒരാത്മീയ അന്വേഷണത്തെ കാണാം. അതാകാം ഇത്ര അനായാസമായി മെയ്‌വഴക്കം സാധ്യമായതും.

'മരണസൂര്യൻ' എന്ന കവിതയിൽ കുറച്ചുകൂടി അസ്വസ്ഥനായ കവിയെ കാണാം.

"ദൂരെ ചക്രവാളത്തിലതാ

മരണസൂര്യൻ സങ്കടപ്പെട്ടു കിടക്കുന്നു.

കരുണയില്ലാത്തവിധം ശരത്കാലക്കാറ്റടിക്കുന്നു"

പർവതശിഖരത്തിൽ നിന്ന് രണ്ട് അരുവികൾ ഇഷ്ടമില്ലാതെ പിരിഞ്ഞു. ഒന്ന് പടിഞ്ഞാറോട്ട് ഒന്ന് കിഴക്കോട്ട്. പുലർച്ചെ സൂര്യൻ വീണ്ടും ഉദിക്കും, വസന്തകാലത്ത് ഇലകൾ വീണ്ടും പച്ചയാകും, പക്ഷേ ഇനിയൊരിക്കലും കണ്ടുമുട്ടാത്ത മലവെള്ളപ്പാച്ചിൽ പോലെയാകണമോ? എന്ന ചോദ്യം എത്ര ആഴത്തിൽ ഉള്ളതാണ്. ഉറച്ച ശരീരത്തിനുള്ളിലെ മനസിന്റെ പിടച്ചിൽ ഈ വരികളിലൂടെ തിരിച്ചറിയാനാകുന്നു.


"എനിക്കൊന്നും കൈവശപ്പെടുത്താനാശയില്ല,

കൈമുതലാക്കാനും"

എന്നു തുടങ്ങുന്ന 'ഒച്ചയില്ലാത്ത ഓടക്കുഴൽ' എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്

"ഇനിയൊരിക്കലും

വെട്ടം കണ്ടെത്താനാകില്ലെന്നു

എനിക്കിപ്പോൾ തിരിച്ചറിയാനാകും.

അല്ലെങ്കിൽ,

മെഴുകുതിരിപോലെ,

സ്വയം ഇന്ധനമായെരിയണം,

താനേ തീർന്നുകൊണ്ട്"

'ഒച്ചയില്ലാത്ത ഓടക്കുഴൽ'എന്ന ശീർഷകം തന്നെ ആഴമേറിയ കവിതയാണ്, അതിലൊളിപ്പിച്ച നിശബ്ദത വേദനയാണ്.


ഏതൊരു എതിരാളിയെയും അനായാസമായി കീഴടക്കാൻ കഴിഞ്ഞിരുന്ന ബ്രൂസിലിയുടെ ഉള്ളിൽ പിടഞ്ഞിരുന്ന വേദനകൾ അസ്വസ്ഥകൾ നമുക്കിവിടെ വായിച്ചെടുക്കാം.

വേർപിരിയൽ എന്ന കവിതയിൽ നഷ്ടത്തിന്റെ വേദന നിറഞ്ഞു നിൽക്കുന്നു മരണത്തിന്റെ വരവ് കാത്തിരിക്കുന്നപോലെ ഇനിയും "ജീവിക്കുക, ഞങ്ങൾ പരസ്പരം ഹൃദയത്തിൽ എന്നേക്കും ഉണ്ടായിരിക്കും,മരിച്ചാൽ ഞങ്ങൾ ഒരുമിച്ചു സംസ്കരിക്കപ്പെടും" എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ ഒരു പിടച്ചിൽ അനുഭവപ്പെടുന്നു.

'തീ പിടിച്ച സൗഹൃദം പോലെയാണ് പ്രണയം' എന്നാണ് ഒരു കുഞ്ഞു കവിതയുടെ പേര്. കവിതപോലെ തന്നെ ശീർഷകവും.

"നമ്മുടെ പ്രേമം

കൽക്കരിപോലെയാകുന്നു

കെടുത്താനാകാത്തവിധമത്

ആഴത്തിലെരിയുന്നു"

പ്രണയാർദ്ദമായ ഒരു മനസ്സിന്റെ ആഴത്തിലുള്ള വരികൾ. 'വേർപാട്' എന്ന കവിതയിൽ പ്രണയത്തിന്റെ തീവ്രമായ അടുപ്പവും വേർപാടിന്റെ വേദനയും കാണാം.

"ജീവിക്കും,

എല്ലാകാലവും

നാമിരുവരുടെയും ഹൃദയങ്ങളിൽ

 മരിച്ചാലൊരുമിച്ചു മറവുചെയ്യും" 


ബ്രൂസിലി എന്ന ആയോധനകലയിലെ മഹാ പ്രതിഭയുടെ കവിതകൾ വായിക്കാൻ ആയത് ഒരു ഭാഗ്യം.. കാവ്യാസ്വാദനത്തിനപ്പുറം കൗതുകമാണ് വായിച്ചു തീരുമ്പോൾ തോന്നുന്നത്. സത്യത്തിൽ ലീ ആരൊക്കെയായിരുന്നു? എന്ന ചോദ്യം ബാക്കി നിൽക്കുന്നു. പേശികൾ വലിഞ്ഞു മുറുകി എതിരാളിയെ അടിച്ചിടുന്ന ലീ യുടെ വേറിട്ട ഒന്നാണ് അദ്ദേഹത്തിന്റെ കവിതകളിൽ വായിക്കാൻ ആയത്.