പഴകിത്തുരുമ്പിച്ച 

നിലച്ചും ചലിച്ചും മുന്നേറുന്ന 

വൈന്റിങ്ങ് വാച്ചിനോടുപോലും 

സ്പന്ദനത്തിൽ മത്സരിക്കില്ല 

വാർദ്ധക്യത്തിന്റെ വീട്. 


അറിയാതെ 

ഇങ്ങോട്ടെത്തിനോക്കുന്ന 

വിഷണ്ണസന്ധ്യകൾ 

കൂടുതൽ വിഷണ്ണരായി 

തിരിച്ചു പോകാറാണ് പതിവ്.


പടികടക്കുമ്പോൾ 

"ഇതിലെപ്പോരൂ" എന്ന് 

വേലിപ്പടർപ്പുകളിൽനിന്ന് 

തുമ്പികളൊന്നും 

പറന്നു പൊന്തില്ല. 

ഋതുക്കളുപേക്ഷിച്ചിടത്തേയ്ക്ക് 

അവരിപ്പോൾ വരാറേയില്ല. 


തൊടിയിലേക്ക് കാൽവെച്ചാൽ 

തുടലിമുള്ളുകൾ 

കളിയായി നോവിക്കില്ല. 

അസഹിഷ്ണുതയുടെ 

ഉഴവുവണ്ടികൾക്കടിപ്പെട്ട് 

അവയൊക്കെ വേരറ്റുപോയി.


പ്രിയങ്ങൾ വരാതെ പൂക്കില്ലെന്ന് 

ഇനിയീ മുറ്റം 

ശാഠ്യം പിടിയ്ക്കില്ല. 

തടഞ്ഞാൽപ്പിന്നെ 

പൂവിടാനറിയാത്ത 

ഒരു അവശമന്ദാരം 

മാത്രം ബാക്കി. 


അവരെന്നിലേയ്ക്കെറിഞ്ഞു വീഴ്ത്തണമെന്ന് 

ഇനിയുമീ മൂവ്വാണ്ടൻ 

ആശിക്കില്ല. 

തൊലിയടർന്ന ചില്ലകളിൽ 

പ്രലോഭിപ്പിക്കാൻ പോന്ന 

നിറകുലകളൊന്നുമില്ലാതെ 

കരിഞ്ഞ ഞെട്ടുകൾക്കിടയിൽ 

ആകാരമില്ലാത്ത 

ഒരൊറ്റമാങ്ങ മാത്രം. 


"ഒരിത്തിരി വെള്ളം" 

എന്ന് പൂമുഖത്തെ 

ശീലപിഞ്ഞിപ്പോയ ചാരുകസേര 

ഉറക്കെ വിളിയ്ക്കില്ല. 

അടുക്കളയിലെ ഉൾക്കുടങ്ങളിൽ 

ഇപ്പോഴാരും 

സ്നേഹം ഒഴിച്ചുവെക്കാറില്ല. 


ബൾബ് ഫ്യൂസായ മുറികളിൽ 

എലികളും പാറ്റകളും 

ഇനിയാരേയും പേടിയ്ക്കില്ല. 

അവർക്കറിയാം 

ഈ ലോകം അവരുടേതെന്ന്. 


പുറകുവശത്തെ കുളത്തിലിറങ്ങി 

ഉച്ചമയക്കംകൊള്ളുന്ന ആകാശത്തെ 

കുളക്കോഴികളൊന്നും 

കൊത്തിപ്പരത്തില്ല. 

മീനൊടുങ്ങിയ കലക്കത്തിലേക്ക് 

അവരെന്നോ സന്ദർശനം നിർത്തി. 


ഒരൊറ്റപ്പെടൽ മാത്രം 

കുഴമ്പു കുപ്പിയിലെ 

അവസാന നനവും തോണ്ടിയെടുത്ത് 

ഇടറുന്ന കാലിൽത്തടവി 

കെല്പറ്റ കയ്യിൽത്തടവി 

ഭാരംകൂമ്പിയ നെഞ്ചിൽത്തടവി 

ഇപ്പഴിപ്പോൾ 

എല്ലാം തിരസ്കരിയ്ക്കുന്ന 

വയറിൽ തടവി 

ഇവിടെയൊക്കെ 

അങ്ങനെയങ്ങനെ..