തീവണ്ടിയിൽ പുറം തിരിഞ്ഞിരുന്ന്
ചിത്രം വരയ്ക്കുന്ന പെൺകുട്ടി.
തീവണ്ടിക്ക് പുറത്ത്
കൈക്കോട്ടുമായി പോകുന്ന
ഒരാൾ
പാളത്തിൽ
ഒറ്റക്കിരിക്കുന്ന ഒരാൾ
എന്നിവയൊക്കെ
ഒറ്റക്കാഴ്ചയിൽ
കണ്ടതാണ്
എന്ന് പറഞ്ഞാൽ
എങ്ങനെ വിശ്വസിക്കും നീ?
തീവണ്ടിയിൽ കയറുകയില്ല
എന്നത് നിന്റെയല്ല
എൻറെ
നിർബന്ധമാണല്ലോ
ചെറുപ്പത്തിൽ
മരിക്കുന്നതിനെക്കുറിച്ചുള്ള
വിവിധ സ്വപ്നങ്ങൾ കണ്ടിരുന്നു
ഞാൻ
ഓടിക്കളിക്കുമ്പോൾ
പെട്ടെന്ന് മുന്നിൽ
ഒരു കടൽ പ്രത്യക്ഷപ്പെടുമെന്നും
ആ കടലിൽ
അന്നേവരെ ഇല്ലാതിരുന്ന
ഒരു ചുഴി
ഉയർന്നു വരുമെന്നും
ഞാൻ അതിലേക്ക് വീഴുമെന്നും
ഒന്ന്....
അല്ലെങ്കിൽ
സൂര്യനേക്കാൾ
വലിയൊരു പക്ഷി
എന്നെ പൊടുന്നനെ
കൊത്തിപ്പറക്കുന്നതും
കൊത്തിത്തിന്നുന്നതും
അല്ലെങ്കിൽ അവസാനം
ഒരു തീവണ്ടി വന്നെന്നെ
മരണത്തിലേക്ക് എടുക്കുന്നതുമാവാം
ഒന്നും നടന്നില്ല
അതിനാൽ
ഇന്നിതെഴുതാൻ
ബാക്കിയായി
I just want to tell you about this.
ഭൂഗുരുത്വ സിദ്ധാന്തം.....
പ്രകാശസംശ്ലേഷണം....
ഫാൻറം പെയിൻ തിയറി.....
എല്ലാം ഒരുമിച്ച്
യുദ്ധപ്പട പോലെ
കണ്ണുകൾക്ക് മുന്നിൽ
നിരക്കുന്നു
നിന്നോട് പറയുകയല്ലാതെ
ഇനി വഴിയില്ല വേറെ
വെളിച്ചത്തിനോ
കോഴിമുട്ടയിലെ
ജീവനോ
നീ കണ്ണടയ്ക്കുമ്പോഴത്തെ
പീലികളുടെ
സൗന്ദര്യത്തിനോ വിവരിക്കാനാവാത്തിടത്തേക്ക്
ഞാനീ
തീവണ്ടി കയറിപ്പോകുകയാണ്
"ഞാൻ ഇപ്പോൾ വായനശാലയിൽ ആണ്"
"ലൈബ്രറിയിൽ അല്ലേ"?
നോക്കൂ
വാക്കൊന്ന്മാറുമ്പോൾ
കേൾവിയുടെയും
പറച്ചിലിന്റെയും
അർത്ഥങ്ങൾ
എത്രമേൽ കീഴ്മേൽ മറിഞ്ഞുവെന്ന്!
ഭൂമി ഇപ്പോൾ
ആയിരം കൈകളുള്ള
നീരാളി
തൊട്ട് മുമ്പ്,
"സ്വപ്നത്തിൽ ഞാൻ
ഏറെ സഹിച്ചിരുന്നു"
എന്ന്
എഴുതിയ കവിയെ
വായിക്കുകയാണ്.
ജീവിതം എത്ര
നിസ്സഹായമാണ് !