സൂര്യൻ

ഇളംവെയിൽ കിരണങ്ങളാലേ

കവിതയെഴുതിപ്പോം നറുംവിഭാതം!


സൂര്യൻ

മുഷ്ടി ചുരുട്ടും മുദ്രാവാക്യം

ചുട്ടു പറത്തുമൊരെരി മദ്ധ്യാഹ്നം!


സൂര്യൻ

പരാജയമഴൽ തിങ്ങിയ വീഥികൾ,

കെട്ടമർന്നു പോം തപ്ത നിശ്വാസ സ്മൃതികൾ,

വിഫലക്കിനാരേഖകൾ.


ഉറയുതിർന്ന പാമ്പു പോൽ

വിവശമിരുൾ വിഴുങ്ങും

വിരാഗ സായാഹ്നം!


കവിത,

ഇടിമുഴങ്ങിത്തോർന്ന കിനാവസന്തം

എല്ലാമെല്ലാം വെറുതെയാകുമ്പോൾ

വന്നണയുന്നു രാത്രി;

ഇരുൾ പൂർണ്ണം

ശാശ്വതം സമാധാനവും.