കറക്കം

തൊട്ടിലിൽ കിടന്ന്

കറങ്ങുന്ന ഫാനിനെ നോക്കി

വീണ്ടും വീണ്ടും ചിരിക്കുകയാണ് കുട്ടി.

ആകാശത്തു നിന്നും അവൾക്കായി

ആരോ തൂക്കിയ കളിപ്പാട്ടാമായിരിക്കാമ-

തെന്നായി എല്ലാവരും.

എനിക്കറിയാം,

അത് കറങ്ങുന്ന ഫാൻ തന്നെ!

അവൾ അതിന്റെ കറക്കത്തെ

പ്രോത്സാഹിപ്പിക്കുന്നു എന്നു മാത്രം.

തുലനം

നീണ്ട യാത്ര കഴിഞ്ഞു വന്നതിന്റെ

ക്ഷീണം

അതായി ഉയരുന്ന

ഭാരം

നീണ്ട യാത്രയുടെ സന്തോഷം

അതിറക്കി വക്കുന്ന 

ഭാരം,

ഒരേ സമയം

ചുമക്കുന്നതുമിറക്കുന്നതുമായ

ഭാരം,

നടുക്കുവച്ച് തുലനത്തിലായി.

എന്നിട്ടുറങ്ങി.