പ്രണയമെഴുതി
മടുത്തെന്നു ഞാനെന്റെ
കവിതയോടിന്നു
കലമ്പിയിറങ്ങിപ്പോയ്.
നിപുണമായാരോ
നിറംചേർത്തപോലെത്ര
കാഴ്ചക,ളിതിലേതും നിൻ
കണ്ണിൽപ്പെടില്ലെന്നോ!
ആയിരമല്ലതിലേറെ
കരങ്ങളാൽ
ആഴംപുണർന്നിട്ടും
മതിവരാതെന്നപോൽ,
തീരമടുക്കുന്നു
ഏഴുവൻകരകളും
മാറിലൊതുക്കും
മഹാസാഗരത്തിര.
കാറ്റടിച്ചഴകിൽ
മുടിയിഴകൾ കുറുമ്പാർന്ന്
ഒഴുകിവീഴും നിന്റെ
മുഖമെന്നപോലെ
അലസം, മനോഹരം
ഓരോരോ താളത്തിൽ
പുൽനാമ്പുകൾ നീളെ
ഇളകും മലനിര.
മഞ്ഞിന്റെ നേരിയ
വസ്ത്രാഞ്ചലമതിൽ
ഒളിഞ്ഞുമിരുണ്ടും
കാണാമൊരു താഴ്‌വര.
കണങ്കൈയിലാരോ
നഖമുനക്കൂർപ്പിനാൽ
കോറിവരച്ചപോൽ !
കവിതയാണത്.
പ്രണയമെന്നവൾ
എഴുതുകയാണ്,
കടലിനെ, കാറ്റിനെ,
മഞ്ഞു മൂടിയ മലകളെ.
കുഞ്ഞുപുൽനാമ്പിനെ,
അതിൻനെറുകിലെ സൂര്യനെ.
പ്രകൃതിയെന്നൊരീ
ഉടലെഴാപ്പൊരുളിനെ.